ന്യൂഡൽഹി: 21 വർഷത്തെ ബാഴ്സലോണ കരിയർ അവസാനിപ്പിച്ച് ഇതിഹാസ താരം ലയണൽ മെസ്സി അടുത്തിടെയാണ് ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലേക്ക് ചേക്കേറിയത്. മെസ്സി പാരീസിലെത്തി 24 മണിക്കൂർ പിന്നിടുന്നതിന് മുേമ്പ പി.എസ്.ജിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം ഇരട്ടിയായെന്ന് ചില നെറ്റിസൺസ് പ്രചാരണം നടത്തിയിരുന്നു.
19.8 ദശലക്ഷം, 40.2 ദശലക്ഷം ഫോളോവേഴ്സിനെ കാണിക്കുന്ന പി.എസ്.ജിയുടെ ഇൻസ്റ്റ പ്രൊഫൈലിന്‍റെ രണ്ട് സ്ക്രീൻഷോട്ടുകൾ ഉൾപെട്ട ചിത്രമായിരുന്നു വ്യാപകമായി പ്രചരിച്ചത്. മെസ്സി പി.എസ്.ജിയിൽ ചേരുന്നതിന് 24 മണിക്കൂർ മുമ്പുള്ളതാണ് ആദ്യത്തേതെന്നും താരത്തിന്‍റെ വരവിന് ശേഷമുള്ളതാണ് രണ്ടാമത്തേതെന്നുമായിരുന്നു അവകാശവാദം.
'മെസ്സിയുടെ വരവിന് മുമ്പും ശേഷവുമുള്ള പി.എസ്.ജി ഫോളോവേഴ്സ്. 24 മണിക്കൂറിനുള്ളിൽ 20.2 ദശലക്ഷം ഫോളോവേഴ്സ്. ലിയോ മെസ്സി ക്ലബ്ബിനേക്കാൾ വലുതാണ്'-ഫേസ്ബുക്ക് ഉപയോക്താവ് സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച് കുറിച്ചു.
എന്നാൽ മെസ്സി ക്ലബിൽ ചേർന്ന് 24 മണിക്കൂറിനുള്ളിൽ 3.4 ദശലക്ഷം ഫേളോവേഴ്സ് മാത്രമാണ് വർധിച്ചതെന്ന് പ്രമുഖ മാധ്യമത്തിന്‍റെ ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തി.
ആഗസ്റ്റ് 10നാണ് മെസ്സി ഫ്രഞ്ച് ക്ലബുമായി രണ്ടു വർഷത്തെ കരാർ ഒപ്പിട്ടത്. 'സോഷ്യൽബ്ലേഡ്' നൽകുന്ന വിവരം അനുസരിച്ച് ആഗസ്റ്റ് ഒമ്പതിന് പി.എസ്.ജിക്ക് 38.8 ദശലക്ഷം ഫോളോവേഴ്സുണ്ടായിരുന്നു. മെസ്സിയെത്തിയതോടെ ആഗസ്റ്റ് 10ന് ഫോളോവേഴ്സിന്റെ എണ്ണം 41 ദശലക്ഷമായി ഉയർന്നു. ആഗസ്റ്റ്11ന് ഫോളോവേഴ്സിന്റെ എണ്ണം വീണ്ടും കൂടി 44.4 ദശലക്ഷത്തിലെത്തി. ഇത് ഇപ്പോഴും കൂടിക്കൊണ്ടിരിക്കുകയാണ്.
ഡേറ്റ അനുസരിച്ച് 24 മണിക്കൂറിനുള്ളിൽ 3.4 ദശലക്ഷം ഫോളോവേഴ്സിന്റെ വർധന മാത്രമാണുണ്ടായത്. ആഗസ്റ്റ് 13ലെ കണക്ക് പരിശോധിക്കുേമ്പാൾ 46 ദശലക്ഷം പേരാണ് പി.എസ്.ജിയെ ഇൻസ്റ്റയിൽ പിന്തുടരുന്നത്. ഇവ വ്യക്തമാക്കുന്നത് മെസ്സിയുടെ വരവോടെ ഫോളോവേഴ്സിന്റെ എണ്ണം ഇരട്ടിയായെന്ന വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ്.
'ഫോളോവർസ്റ്റാറ്റ്' ഉപയോഗിച്ച് രണ്ടുവർഷത്തെ ഡേറ്റ പരിശോധിച്ചപ്പോൾ 2019ൽ തന്നെ പി.എസ്.ജിക്ക് 19.8 ദശലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്നതായി കണ്ടെത്തി.
വൈറൽ സ്ക്രീൻഷോട്ടിൽ മെസ്സി ടീമിൽ എത്തുന്നതിന് മുമ്പ് പി.എസ്.ജിക്ക് 19.8 ദശലക്ഷം ഫോളോവേഴ്സ് മാത്രമാണുണ്ടായിരുന്നതെന്നായിരുന്നു അവകാശവാദം. ഇതോടെ സ്ക്രീൻഷോട്ടിലെ ചിത്രം മോർഫ് ചെയ്തതാണെന്ന് വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.