ദോഹ: ഗാലറിയിലും മൈതാനത്തും ആരാധകമനസ്സിലും ആവേശമാകാൻ ഡീഗോ മറഡോണയില്ലാത്ത ലോകകപ്പിനാണ് ഖത്തർ ഒരുങ്ങുന്നത്. ആരോഗ്യം ക്ഷയിച്ച ഫുട്ബാൾ ഇതിഹാസം പെലെയും ഉണ്ടാവില്ല.
എങ്കിലും, ഖത്തറിന്റെ മണ്ണിൽ ലോകകപ്പ് ആവേശത്തിന് തീപിടിക്കുേമ്പാൾ കളിത്തിരക്കിനിടയിൽ പ്രധാനവേദികളിലൊന്നായ ഖലീഫ സ്റ്റേഡിയത്തോട് ചേർന്ന് ഡീഗോയും പെലെയും ഉൾപ്പെടെ ഇതിഹാസങ്ങളുടെ തിരുശേഷിപ്പുകളുണ്ട്.
ഒരുകാലത്ത് ഗാലറിക്കും ലോകമെങ്ങുമുള്ള ആരാധകർക്കും ആവേശം പകർന്ന അതേ കുപ്പായങ്ങളും ബൂട്ടും അവർ തട്ടിയ പന്തുമായി വിയർപ്പുണങ്ങാത്ത ഓർമകളോടെ. ലോകകപ്പിനെ വരവേൽക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ ത്രീ ടു വൺ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിലെ വിശിഷ്ടാതിഥികളായാണ് ഇതിഹാസ താരങ്ങളുടെ ശേഷിപ്പുകളെത്തിയത്.
1986 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 'ഹാൻഡ് ഓഫ് ഗോഡ് ഗോളും' ' നൂറ്റാണ്ടിന്റെ ഗോളും' കുറിച്ചപ്പോൾ ഡീഗോ മറഡോണ അണിഞ്ഞ ജഴ്സിയാണ് അവയിൽ ശ്രദ്ധേയം.
ഫുട്ബാൾ ചരിത്രത്തിൽ ഏറ്റവും കൂടിയ ലേലത്തുകയിൽ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ മ്യൂസിയത്തിൽ നിന്നും അജ്ഞാതനായ ഒരു ഫുട്ബാൾ പ്രേമി സ്വന്തമാക്കിയ നീലക്കുപ്പായമാണ് ലോകകപ്പിനെത്തുന്ന കാണികൾക്ക് മുമ്പാകെ പ്രദർശനത്തിനായി ദോഹയിലെത്തിയത്.
കഴിഞ്ഞ മേയിൽ നടന്ന ലേലത്തിലായിരുന്നു പേര് വെളിപ്പെടുത്താത്ത ഒരു ആരാധകൻ 89 ലക്ഷം ഡോളറിന് ഡീഗോയുടെ കുപ്പായം വാങ്ങിയത്. അവിടെനിന്നും വായ്പാടിസ്ഥാനത്തിലാണ് ഖത്തർ മ്യൂസിയംസ് അധികൃതർ തങ്ങളുടെ 'വേൾഡ് ഓഫ് ഫുട്ബാൾ' പ്രദർശനത്തിലേക്കായി എത്തിച്ചത്.
കഴിഞ്ഞ ദിവസം ഒളിമ്പിക് മ്യൂസിയത്തിൽ ആരംഭിച്ച 'വേൾഡ് ഓഫ് ഫുട്ബാൾ' പ്രദർശനം ഏപ്രിൽ ഒന്നുവരെ നീണ്ടുനിൽക്കും.1930ലെ പ്രഥമ ലോകകപ്പിന്റെ ഫൈനൽ മത്സരത്തിനായി ഉപയോഗിച്ച പന്ത്, 1860ൽ എഴുതപ്പെട്ട ഫുട്ബാളിന്റെ പ്രഥമ നിയമപുസ്തകത്തിന്റെ കൈയെഴുത്തുപ്രതി, 1973ൽ സാന്റോസിനുവേണ്ടി പെലെ അണിഞ്ഞ ജഴ്സി എന്നിവയെല്ലാം പ്രദർശനത്തിലെ ശ്രദ്ധേയ കാഴ്ചകളാണ്. ലോകകപ്പുകളുടെയും ഫുട്ബാൾ ചരിത്രത്തിന്റെയും കഥപറയുന്ന 200ഓളം വസ്തുക്കളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്.
മുംബൈ: ട്വന്‍റി 20 വേൾഡ് കപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. പുറംവേദനയെ തുടർന്ന് വിശ്രമത്തിലിരിക്കുന്ന ഫാസ്റ്റ് ബോളർ ജംസ്പ്രിത് ബുറ ടീമിലുണ്ടാകില്ലെന്ന് ബി.സി.സി.ഐ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്‍റി 20 മത്സരത്തിന് തിരുവനന്തപുരത്ത് എത്തിയ താരം പുറംവേദനയെ തുടർന്ന് പിൻവാങ്ങുകയായിരുന്നു.
മെഡിക്കൽ സംഘം നടത്തിയ വിദഗ്ധ പരിശോധനക്കൊടുവിലാണ് തീരുമാനമെന്നും പകരക്കാരനെ വൈകാതെ പ്രഖ്യാപിക്കുമെന്നും ബി.സി.സി.ഐ വാർത്തകുറിപ്പിൽ അറിയിച്ചു. നേരത്തെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തായ ടീമിന് ബുംറകൂടി പുറത്തിരിക്കുന്നത് കനത്ത ആഘാതമാകും.
കോട്ടക്കൽ: 59ാം സംസ്ഥാന സീനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ കെ.യു. മാർത്താണ്ഡൻ (എറണാകുളം) ചാമ്പ്യനായി. ഏഴുതവണ സീനിയർ ചാമ്പ്യനായ ഒ.ടി. അനിൽകുമാറിനെ തോൽപിച്ചാണ് കിരീട നേട്ടം.
എറണാകുളത്തെ ചന്ദർ രാജു, കോഴിക്കോട്ടെ ഷർഷ ബക്കർ, കോട്ടയത്തെ സഞ്ജയ് എസ്. പിള്ള, തൃശൂരിലെ എം.ആർ. സൂരജ് എന്നിവർ രണ്ടുമുതൽ അഞ്ചുവരെ സ്ഥാനം സ്വന്തമാക്കി. എട്ടാം സ്ഥാനം നേടിയ എറണാകുളത്തെ പതിനാലുകാരിയായ അനുപം എസ്. ശ്രീകുമാർ വനിതവിഭാഗത്തിൽ ഒന്നാമതെത്തി.
ധാക്ക: വനിത ഏഷ്യാകപ്പിൽ മലേഷ്യയെ തകർത്ത് ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. മഴയെത്തുടർന്ന് നിർത്തിവെച്ച കളി ഡക് വർത്ത് ലൂയിസ് നിയമപ്രകാരം ജയം ഇന്ത്യക്കനുകൂലമായി വിധിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു.
ജയം തേടിയിറങ്ങിയ മലേഷ്യ 5.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 16 റൺസിൽ നിൽക്കെയാണ് മഴയെത്തിയത്. മലേഷ്യക്ക് ജയിക്കാൻ വേണ്ടത് 88 പന്തിൽ 166 റൺസ്. മഴ തുടർന്നതോടെ ഇന്ത്യയെ വിജയികളായി പ്രഖ‍്യാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.