സൂറിച്ച്: എട്ടാം തവണയും ലോകത്തെ മികച്ച പുരുഷ ഫുട്ബാൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം നേടി അതുല്യ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. ബാലൺ ഡി ഓറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പുരസ്കാരം നേടിയ താരമെന്ന സ്വന്തം റെക്കോഡ് തന്നെയാണ് മെസ്സി തിരുത്തിയെഴുതിയത്. പുരസ്കാരദാന ചടങ്ങിൽ തന്റെ എല്ലാമെല്ലാമായ അർജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയെ അനുസ്മരിക്കാൻ മെസ്സി മറന്നില്ല. ഡീഗോയുടെ ജന്മദിനത്തിൽ ലഭിച്ച പുരസ്കാരത്തിൽ സന്തോഷം പ്രകടിപ്പിച്ച താരം അദ്ദേഹത്തിന് ജന്മദിനാശംസ നേർന്നതിനൊപ്പം ഈ പുരസ്കാരം നിങ്ങൾക്ക് കൂടിയുള്ളതാണെന്നും പറഞ്ഞു.
‘എന്റെ അവസാന പരാമർശം ഡീഗോയെ കുറിച്ചാണ്. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്. അദ്ദേഹത്തിന് ജന്മദിനാശംസ നേരാൻ ഇതിലും മികച്ച സ്ഥലമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മികച്ച കളിക്കാരുടെയും പരിശീലകരുടെയും ഫുട്‌ബാളിനെ സ്നേഹിക്കുന്നവരുടെയും സാന്നിധ്യമുള്ള ഇവിടെ നിന്ന് അദ്ദേഹത്തെ ഓർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എവിടെയായിരുന്നാലും ഡീഗോ, ജന്മദിനാശംസകൾ. ഇത് നിങ്ങൾക്ക് കൂടിയുള്ളതാണ്. ഇത് നിങ്ങൾക്കും അർജന്റീനക്കുമായി സമർപ്പിക്കുന്നു’, മെസ്സി പറഞ്ഞു. ഏറെ കൈയടിയോടെയാണ് ഈ വാക്കുകളെ ഫുട്ബാൾ പ്രേമികൾ വരവേറ്റത്.
‘എന്റെ കരിയറിൽ ഞാൻ നേടിയതെല്ലാം എനിക്ക് സങ്കൽപിക്കാവുന്നതിലും അപ്പുറമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ടീമിനായി, ചരിത്രത്തിലെ ഏറ്റവും മികച്ച ടീമിനായി കളിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ഈ വ്യക്തിഗത ട്രോഫികൾ നേടിയതിൽ സന്തോഷമുണ്ട്. കോപ്പ അമേരിക്കയും പിന്നെ ലോകകപ്പും നേടിയെടുക്കുക എന്നത് അതിശയകരമാണ്. എല്ലാ ബാലൺ ഡി ഓറും വ്യത്യസ്ത കാരണങ്ങളാൽ സവിശേഷമാണ്’, മെസ്സി കൂട്ടിച്ചേർത്തു.
ലോകകപ്പ് നേടിയ സ്‌പെയ്‌ൻ ടീം അംഗം ബാഴ്‌സലോണയുടെ ഐതാന ബോൻമാതിയാണ് മികച്ച വനിത താരമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച യുവതാരത്തിനുള്ള പുരസ്കാരം ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമും മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ പുരസ്കാരം അർജന്റീനയുടെ എമിലിയാനോ മാർട്ടിനസും സ്വന്തമാക്കി. ഏറ്റവും കൂടുതൽ ഗോളിനുള്ള ഗെർഡ് മുള്ളർ ട്രോഫി എർലിങ് ഹാലൻഡ് നേടിയപ്പോൾ മെൻസ് ക്ലബ് ഓഫ് ദ ഇയർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിക്കാണ്. ബ്രസീൽ താരം വിനീഷ്യസ് ജൂനിയറിനാണ് സോക്രട്ടീസ് അവാർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.