പാരിസ്: ടീം അധികൃതരുടെ അനുമതിയില്ലാതെ സൗദിയിൽ പോയതിന് സസ്പെൻഷനിലായിരുന്ന സൂപ്പർ താരം ലയണൽ മെസ്സി തിരിച്ചെത്തിയ മത്സരത്തിൽ പി.എസ്.ജിക്ക് തകർപ്പൻ ജയം. സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോൾ മികവിൽ ലീഗ് വണ്ണിൽ 18ാം സ്ഥാനത്തുള്ള അജാക്സിയോയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് പാരിസുകാർ തകർത്തുവിട്ടത്.
മത്സരത്തിൽ 73 ശതമാനവും പന്ത് കൈവശം വെച്ച പി.എസ്.ജി 22ാം മിനിറ്റിൽ ഡാനിലോയുടെ പാസിൽ ഫാബിയൻ റൂയിസിലൂടെയാണ് ഗോളടി തുടങ്ങിയത്. 33ാം മിനിറ്റിൽ എംബാപ്പെയുടെ ഷോട്ട് എതിർ ഗോളി തടുത്തിട്ടപ്പോൾ എത്തിയത് അഷ്റഫ് ഹക്കീമിയുടെ കാലിലായിരുന്നു. താരം പിഴവില്ലാതെ പന്ത് വലയിലെത്തിച്ചതോടെ ലീഡ് ഇരട്ടിയായി. ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം എംബാപ്പെയുടെ ഊഴമായിരുന്നു. 47ാം മിനിറ്റിലായിരുന്നു സൂപ്പർ താരത്തിന്റെ ആദ്യ ഗോൾ. ഇതോടെ നാലാം തവണയും ലീഗിൽ 25 ഗോൾ പൂർത്തിയാക്കുന്ന താരമെന്ന നേട്ടത്തിലെത്തി എംബാപ്പെ. സെർജിയോ റാമോസ് നൽകിയ ലോങ് ബാൾ പിടിച്ചെടുത്ത് 54ാം മിനിറ്റിലും ഫ്രഞ്ച് താരം ലക്ഷ്യം കണ്ടു.
67ാം മിനിറ്റിലാണ് അജാക്സിയോക്ക് മത്സരത്തിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത്. എന്നാൽ, മൈക്കൽ ബരേറ്റൊ അടിച്ച ശക്തമായ വലങ്കാലൻ ഷോട്ട് ക്രോസ് ബാറിനെ തൊട്ടുരുമ്മി പുറത്തുപോവുകയായിരുന്നു. 73ാം മിനിറ്റിൽ മാർക്കിഞ്ഞോസിന്റെ ഷോട്ട് തടയാനുള്ള ശ്രമത്തിൽ അജാക്സിയൊ പ്രതിരോധ താരം മുഹമ്മദ് യൂസുഫിന് പിഴച്ചപ്പോൾ പന്തെത്തിയത് സ്വന്തം വലയിലായിരുന്നു. ഇതോടെ ഗോൾ പട്ടിക പൂർത്തിയായി. എന്നാൽ, കളി പിന്നീട് പരുക്കനാവുന്നതാണ് കണ്ടത്. 77ാം മിനിറ്റിൽ പി.എസ്.ജിയുടെ അഷ്റഫ് ഹക്കീമിയും മൂന്ന് മിനിറ്റിനകം എതിർ ടീമിന്റെ മാങ്കാനിയും ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും പിന്നീട് ഗോളുകളൊന്നും പിറന്നില്ല. സസ്പെൻഷൻ കഴിഞ്ഞ് മത്സരത്തിനിറങ്ങുമ്പോൾ ലയണൽ മെസ്സിയെ ഒരുവിഭാഗം ആരാധകർ കൂക്കിവിളിച്ചപ്പോൾ മറ്റൊരു വിഭാഗം കൈയടികളോടെയാണ് സ്വീകരിച്ചത്.
ലീഗിൽ മൂന്ന് മത്സരം മാത്രം ശേഷിക്കെ പതിനൊന്നാം തവണയും കിരീടത്തിൽ മുത്തമിട്ട് റെക്കോഡ് സ്വന്തമാക്കാൻ നാല് പോയന്റ് മാത്രം അകലെയാണ് പി.എസ്.ജി. രണ്ടാം സ്ഥാനത്തുള്ള ലെൻസുമായി ആറ് പോയന്റ് ലീഡാണ് ക്രിസ്റ്റഫർ ഗാറ്റ്ലിയറുടെ സംഘത്തിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.