സ്പാനിഷ് ലാ ലിഗയിൽ വിജയകുതിപ്പ് തുടർന്ന് റയൽ മാഡ്രിഡ്. എൽചെയെ എതിരില്ലാത്തെ മൂന്നു ഗോളിനാണ് റയൽ തോൽപിച്ചത്.
ഫെഡ്രികോ വൽവർദെ (11), കരീം ബെൻസേമ (75), മാർക്കോ അസെൻസിയോ (89) എന്നിവരാണ് ഗോൾ നേടിയത്. ഇതോടെ പോയിന്‍റ് പട്ടികയിൽ ഒന്നാമതുള്ള റയൽ ലീഡ് ഉയർത്തി. 10 മത്സരങ്ങളിൽനിന്നായി ഒമ്പത് ജയവും ഒരു സമനിലയുമായി 28 പോയിന്‍റാണുള്ളത്. രണ്ടാമതുള്ള ബാഴ്സലോണക്ക് ഒമ്പതു മത്സരങ്ങളിൽനിന്നായി ഏഴു ജയവും ഒരു സമനിലയും ഒരു തോൽവിയുമടക്കം 22 പോയിന്‍റാണുള്ളത്.
മത്സരത്തിന്‍റെ ആറാം മിനിറ്റിൽ ബെൻസേമ ഗോളടിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. 11ാം മിനിറ്റിൽ വൽവർദെക്ക് ബോസ്കിനു പുറത്തുനിന്നു ലഭിച്ച പന്ത് കിടിലൻ ഷോട്ടിലൂടെ എതിരാളികളുടെ വലയിലെത്തിച്ചു. ആദ്യ പകുതിയിൽ ലീഡ് ഉയർത്താനുള്ള മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും റയലിന് മുതലെടുക്കാനായില്ല. 75ാം മിനിറ്റിൽ റോഡ്രിഗോ നൽകിയ മികച്ചൊരു പാസ് ബെൻസേമ ഗോളാക്കി.
മൂന്നാമത്തെ ഗോളിന് വഴിയൊരുക്കിയതും റോഡ്രിഗോ തന്നെ. 89ാം മിനിറ്റിൽ താരം ഇടതുവിങ്ങിൽനിന്ന് ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് അസെൻസിയോ മനോഹരമായി ലക്ഷ്യത്തിലെത്തിച്ചു. കഴിഞ്ഞദിവസം നടന്ന എൽക്ലാസിക്കോയിൽ ബാഴ്സലോണയെ 3-1നാണ് റയൽ കീഴടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.