ദോഹ: ഇംഗ്ലണ്ടിൽ ലീഗ് പോരാട്ടങ്ങളുടെ ഇടവേളക്ക് ലോങ് വിസിൽ മുഴങ്ങുന്നത് നവംബർ 13ന്. ബ്രസീലിന്റെയും അർജന്റീനയുടെയും സൂപ്പർ താരങ്ങൾ മത്സരിക്കുന്ന സ്പാനിഷ് ലാ ലിഗയിൽ ഇടവേള വിസിൽ മുഴങ്ങുന്നത് നവംബർ 11ന്. ലയണൽ മെസ്സിയും നെയ്മറും കിലിയൻ എംബാപ്പെയുമെല്ലാം കളിച്ചുതിമിർക്കുന്ന ഫ്രഞ്ച് ലീഗിന് കൊടിയിറങ്ങുന്നത് നവംബർ 13ന്. ജർമൻ ബുണ്ടസ് ലിഗ ഒമ്പതാം തീയതിയും ഇറ്റാലിയൻ സീരി 'എ' 13 വരെയും കളിച്ചുതിമിർക്കും.
ഏറ്റവും അവസാന ലീഗ് പോരാട്ടവും കഴിഞ്ഞ് ലോകകപ്പിന് വിസിൽ മുഴങ്ങാൻ കഷ്ടി ഒരാഴ്ചമാത്രം. ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിലെതന്നെ അതിസങ്കീർണ വെല്ലുവിളികൾക്കിടയിലാണ് ദേശീയ ടീമുകളും താരങ്ങളും ലോകകപ്പിനായി ഒരുങ്ങുന്നത്. ക്ലബ് ഫുട്ബാളിന്റെ വാശിയേറിയ പോരാട്ട സീസണിൽനിന്നും വിശ്രമിക്കാനോ ദേശീയ ടീമായി പരിശീലനം നടത്താനോ സമയമില്ലാതെ ദോഹയിലേക്കുള്ള യാത്രയാണ് ഒട്ടു മിക്ക ടീമുകളെയും താരങ്ങളെയും കാത്തിരിക്കുന്നത്.
ചുരുക്കത്തിൽ, കിരീടസ്വപ്നങ്ങൾ നെയ്തുകൂട്ടുന്ന അർജന്റീന കോച്ച് ലയണൽ സ്കലോണിക്കും ബ്രസീലിന്റെ ടിറ്റെക്കും ചാമ്പ്യൻ ടീമായ ഫ്രാൻസിന്റെ ദിദിയർ ദെഷാംപ്സിനുമൊന്നും തങ്ങളുടെ ടീം അംഗങ്ങളെ ഇതുവരെ കൈയിൽ കിട്ടിയിട്ടില്ല. ഓരോ ലീഗിലെ കിരീടപ്പോരാട്ടങ്ങൾക്ക് വീറും വാശിയും കൂടുമ്പോൾ കളിക്കാർക്ക് പരിക്കേൽക്കാനും മാച്ച് ഫിറ്റ്നസിനെ ബാധിക്കാനും ഇടയാക്കുമെന്നാണ് ആശങ്ക.
2018 റഷ്യയിൽ ലോകകപ്പിന് പന്തുരുണ്ടത് ജൂൺ 14നായിരുന്നെങ്കിൽ അതിനും ഒരു മാസം മുമ്പുതന്നെ ലോകമെങ്ങുമുള്ള ക്ലബ് സീസണുകൾക്ക് അവസാനം കുറിച്ചിരുന്നു. സീസൺ സമാപനമായതിനാൽ, കളിക്കാർക്ക് ദേശീയ ടീമിനൊപ്പം ചേരാനും ലോകകപ്പിനായി ഒരുങ്ങാനും കാര്യമായിതന്നെ സമയം ലഭിച്ചു. എന്നാൽ, കളി ഖത്തറിലെത്തുമ്പോൾ ജൂൺ-ജൂലൈ ഷെഡ്യൂളിൽനിന്ന് ടൂർണമെന്റ് നവംബർ-ഡിസംബറിലേക്കു മാറിയപ്പോൾ ലീഗ് സീസണിനിടയിലാണ് ലോകകപ്പ്. ലീഗുകൾ കഴിഞ്ഞ് കഷ്ടി ഒരാഴ്ചക്കുള്ളിൽ താരങ്ങളും പരിശീലകരുമെല്ലാം ലോകകപ്പിന്റെ ആവേശപ്പോരാട്ടത്തിലേക്ക് ഇറങ്ങുകയായി. ടീം ആയി സെറ്റ് ചെയ്യാനോ ലോകകപ്പ് ഒരുക്കങ്ങൾക്കോ സമയമില്ലാതെയാവും മിക്കവരും കളത്തിലിറങ്ങുന്നത്.
ലീഗിലെ മൂന്നിലൊന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ടീമുകൾക്ക് ഓരോ പോയന്റും ഏറെ പ്രധാനമെന്നാണ് അവസ്ഥ. പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡ്, ലിവർപൂൾ, ടോട്ടൻഹാം, ചെൽസി എന്നിവർ പിൻനിരയിലായപ്പോൾ ടീം അംഗങ്ങൾ നേരിടുന്ന സമ്മർദം ചെറുതല്ല. ഒന്നാം സ്ഥാനത്തിനായി ആഴ്സനലും (32 പോയന്റ്) മാഞ്ചസ്റ്റർ സിറ്റിയും (32) തമ്മിൽ രണ്ടു പോയന്റിന്റെ മാത്രം വ്യത്യാസം. ക്രിസ്റ്റ്യാനോ റൊണാൾഡോയും മാഞ്ചസ്റ്ററും ലീഗിലെ നിലയിൽ പരുങ്ങലിലാണ്. ഓരോ പോയന്റും വിലപ്പെട്ടതെന്നിരിക്കെ ക്ലബുകൾ ദേശീയ ടീം താരങ്ങൾക്ക് വിശ്രമമോ ഇടവേളയോ അനുവദിക്കാതെ ലീഗ് സീസണിലേക്കുതന്നെയാണ് ശ്രദ്ധ പതിപ്പിക്കുന്നത്. ഇതിനിടയിലാണ് ഒാരോ കളിയിലും ആരാധകരെ നെടുവീർപ്പിലാക്കി പരിക്ക് വാർത്തകളെത്തുന്നത്. പരിക്ക് ഫിറ്റ്നസ് ആശങ്കയിൽ ഏറ്റവും അവസാനത്തേതാണ് കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗിൽ ലോറിയന്റിനെതിരായ മത്സരത്തിൽനിന്നും മെസ്സിക്ക് വിശ്രമം അനുവദിച്ചതും ഇതുസംബന്ധിച്ച് പുറത്തുവന്ന വാർത്തകളും. ഫ്രാൻസിന്റെ എൻഗോളോ കാന്റെ, പോൾ പോഗ്ബ എന്നിവർ പരിക്കിനെ തുടർന്ന് ലോകകപ്പിൽനിന്നുതന്നെ പുറത്തായിക്കഴിഞ്ഞു.
ഇംഗ്ലണ്ടിന്റെ ചിൽവെൽ, കെയ്ൽ വാകർ, കാൽവിൻ ഫിലിപ്സ്, വെയ്ൽസിന്റെ സൂപ്പർതാരം ഗാരെത് ബെയ്ൽ, അർജന്റീനയുടെ ക്രിസ്റ്റ്യൻ റൊമേറോ, എയ്ഞ്ചൽ ഡി മരിയ, ജിയോ ലോ സെൽസോ, പൗലോ ഡിബാല, ബ്രസീലിന്റെ റിച്ചാർലിസൺ, ലൂകാസ് പക്വേറ്റ, െഗ്ലസൻ ബ്രെമർ... കിക്കോഫ് വിസിൽ മുഴങ്ങാൻ നാളുകൾ കുറഞ്ഞുവരവേ പരിക്കേറ്റവരുടെ പട്ടിക അറ്റമില്ലാതെ നീളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.