'അതൊരിക്കലും പെനാൽറ്റിയല്ല'; നെതർലൻഡ്സിനെതിരായ സെമിയിൽ പെനാൽറ്റി നൽകിയതിനെതിരെ ഇംഗ്ലണ്ടിന്‍റെ വിഖ്യാത താരങ്ങൾ

യൂറോ കപ്പ് സെമിയിൽ ഇംഗ്ലണ്ടും നെതർലൻഡ്സും തമ്മിലെ മത്സരത്തിൽ നിർണായകമായിരുന്നു 18ാം മിനിറ്റിലെ ഇംഗ്ലണ്ടിന് അനുകൂലമായ പെനാൽറ്റി. മത്സരത്തിൽ ഏഴാം മിനിറ്റിൽ തന്നെ സാവി സിമോൺസ് നേടിയ ഗോളിന് നെതർലൻഡ്സ് മുന്നിട്ടുനിൽക്കുമ്പോഴായിരുന്നു അത്. ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ പെനാൽറ്റി കിക്ക് കൃത്യമായി ഗോൾവലക്കകത്താക്കി ടീമിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. ഒടുവിൽ, 90ാം മിനിറ്റിൽ പകരക്കാരൻ ഓലീ വാക്കിൻസ് നേടിയ ഗോളിലൂടെ ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിലേക്ക് നടന്നു. നെതർലൻഡ്സ് പുറത്തേക്കും.

എന്നാൽ, ഇംഗ്ലണ്ടിന് ആദ്യ ഗോൾ നേടിക്കൊടുത്ത പെനാൽറ്റിയിൽ ഇപ്പോഴും ചർച്ച തുടരുകയാണ്. ബോക്സിനകത്ത് നടത്തിയ കൃത്യമായ ഫൗളാണ് അതെന്ന് ഒരുവിഭാഗം പറയുമ്പോൾ, അതൊരു പെനാൽറ്റി വിധിക്കാനുള്ളത്ര വലിയ ഫൗളായിരുന്നില്ലെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടുകയാണ്. 18ാം മിനിറ്റിലായിരുന്നു ആ പെനാൽറ്റിയുടെ വരവ്.

 

ബോക്സിനുള്ളിൽ ഹാരി കെയ്നിന്‍റെ ഷോട്ട് ഡച്ച് പ്രതിരോധക്കാരൻ ഡെൻസൽ ഡംഫ്രീസ് കാലു കൊണ്ട് തടയാൻ ശ്രമിച്ചു. എന്നാൽ, ഹാരി കെയ്നിന്‍റെ കാലിലാണ് ഡെംഫ്രിസിന്‍റെ കാൽ കൊണ്ടത്. റഫറി വാർ പരിശോധനക്കൊടുവിൽ ഇംഗ്ലണ്ടിന് അനുകൂലമായി പെനാൽറ്റി വിധിച്ചു.

എന്നാൽ, അതൊരിക്കലുമൊരു പെനാൽറ്റിയല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇംഗ്ലണ്ടിന്‍റെ തന്നെ വിഖ്യാത താരങ്ങൾ. ഇംഗ്ലണ്ടിന്‍റെ ലെജൻഡറി താരം അലന്‍ ഷിയറര്‍ ഇത്തരമൊരു അഭിപ്രായമാണ് മുന്നോട്ടുവെച്ചത്. 'അതൊരിക്കലും എന്‍റെ കാഴ്ചപ്പാടിൽ ഒരു പെനാൽറ്റിയല്ല. ഞാൻ ഒരു ഡച്ച് ഫാനായിരുന്നെങ്കിൽ ആ പെനാൽറ്റി വിളിക്കെതിരെ തീർച്ചയായും രോഷാകുലനാകുമായിരുന്നു. ഡെംഫ്രിസ് യഥാർഥത്തിൽ പന്ത് തടയാനാണ് ശ്രമിച്ചത്. എന്നാൽ, ഹാരി കെയ്ൻ മുന്നേറിയത് കൊണ്ടുമാത്രമാണ് ഡെംഫ്രിസിന്‍റെ കാലുമായി മുട്ടിയത്. റഫറി ആദ്യം പെനാൽറ്റി വിളിച്ചിരുന്നില്ല. എന്നാൽ, വാർ പരിശോധനയിലൂടെ കാട്ടിയത് മണ്ടത്തരമാണ്' -അലന്‍ ഷിയറര്‍ പറഞ്ഞു.

 

മറ്റൊരു മുൻ താരമായ ഗാരി നെവിലും അലന്‍ ഷിയററുടെ സമാന അഭിപ്രായക്കാരനാണ്. ഇംഗ്ലണ്ടിന് പെനാൽറ്റി നൽകിയത് നിരാശപ്പെടുത്തിയ തീരുമാനമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 'ഒരു പ്രതിരോധനിരക്കാരനെന്ന നിലയിൽ ആ പെനാൽറ്റി എന്നെ സംബന്ധിച്ച് നിരാശപ്പെടുത്തുന്നതാണ്. ഡെംഫ്രിസ് സാധാരണഗതിയിൽ പന്ത് തടയാൻ മാത്രമാണ് ശ്രമിച്ചത്. അത് എനിക്കൊരു പെനാൽറ്റിയായി തോന്നുന്നില്ല. അത് പെനാൽറ്റിക്ക് അടുത്തുപോലുമല്ല. ഏറെ ഇംഗ്ലണ്ട് താരങ്ങൾ പെനാൽറ്റിക്കായി വാദിച്ചിരുന്നുപോലുമില്ല'- അദ്ദേഹം പറഞ്ഞു.

ഹാരി കെയ്നിന്‍റെ പെനാൽറ്റി ഗോളിലൂടെ സമനിലയായ സ്കോർ 90ാം മിനിറ്റുവരെ അങ്ങനെ തുടർന്നിരുന്നു. മത്സരം അധിക സമയത്തേക്ക് കടക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കെ പകരക്കാരൻ ഓലി വാക്കിൻസ് ഇംഗ്ലണ്ടിന്‍റെ രക്ഷകനാകുകയായിരുന്നു. മറ്റൊരു പകരക്കാരൻ പാൾമറാണ് ഗോളിന് വഴിയൊരുക്കിയത്. താരം ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് ഒരു കിടിലൻ ഷോട്ടിലൂടെ വാക്കിൻസ് വലയിലെത്തിച്ചു. 2-1 എന്ന സ്കോറിൽ ഇംഗ്ലണ്ട് ഫൈനലിലേക്ക് കടന്നു. സ്പെയിനിനെയാണ് ഇംഗ്ലണ്ട് ഫൈനലിൽ നേരിടുക. 

Tags:    
News Summary - England legend delivers verdict on Harry Kane penalty in Euro 2024 semi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.