രക്ഷക വേഷമിട്ട് സാക; കളി അധികസമയത്തേക്ക് നീട്ടി ഇംഗ്ലണ്ട്

ഡസൽഡോർഫ്: യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ താരസമ്പന്നമായ ഇംഗ്ലീഷ് പടയെ നിശ്ചിത സമയത്ത് 1-1ന് സമനിലയിൽ കുരുക്കി സ്വിറ്റ്സർലൻഡ്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം സ്വിറ്റ്സർലൻഡിനായി ബ്രീൽ എംബോളോ ആദ്യം ഗോളടിച്ചപ്പോൾ ഇംഗ്ലണ്ടിനായി ബുകായോ സാക അവസാന ഘട്ടത്തിൽ രക്ഷക വേഷമിടുകയായിരുന്നു. 

ആദ്യ പകുതിയിൽ പന്ത് ഇരു ഹാഫിലും കയറിയിറങ്ങിയെങ്കിലും ഗോൾവലക്ക് നേരെ ഒരൊറ്റ ഷോട്ട് പോലും ഇരുനിരക്കും അടിക്കാനായിരുന്നില്ല. 50ാം മിനിറ്റിലാണ് ടാർഗറ്റിലേക്ക് മത്സരത്തിലെ ആദ്യ ഷോട്ട് പിറന്നത്. സ്വിറ്റ്സർലൻഡിന്റെ മു​ന്നേറ്റത്തിനൊടുവിൽ എൻബോളോ തൊടുത്ത ഷോട്ട് ഇംഗ്ലീഷ് ഗോൾകീപ്പർ പിക്ക്ഫോർഡ് അനായാസം കൈയിലൊതുക്കി.

75ാം മിനിറ്റിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്വിറ്റ്സർലൻഡ് ലീഡ് പിടിച്ചു. വലതുവിങ്ങിൽനിന്ന് എൻഡോയെ നൽകിയ മനോഹര ക്രോസ് ഇംഗ്ലീഷ് പ്രതിരോധ താരം ജോൺ സ്റ്റോൺസിന്റെ കാലിൽ തട്ടി വഴിമാറിയപ്പോൾ പോസ്റ്റിനരികെ കാത്തിരുന്ന ബ്രീൽ എംബോളോ​ക്ക് ഒന്ന് തൊട്ടുകൊടുക്കേണ്ട ദൗത്യമേ ഉണ്ടായിരുന്നുള്ളൂ. ഗോൾ വീണതോടെ ഇംഗ്ലണ്ട് ഒരുമിച്ച് മൂന്ന് മാറ്റങ്ങൾ വരുത്തി. ലൂക് ഷോ, എസെ, കോൾ പാൽമർ എന്നിവർ കളത്തിലെത്തി.

വൈകാതെ മറുപടി ഗോളുമെത്തി. 80ാം മിനിറ്റിൽ ഡെക്ലാൻ റൈസ് നൽകിയ പന്ത് കാലിലൊതുക്കി ബോക്സിന് തൊട്ടുമുമ്പിൽനിന്ന് ബുകായോ സാക തൊടുത്ത ഇടങ്കാലൻ ഷോട്ട് പോസ്റ്റിൽ തട്ടി വലയിൽ കയറുമ്പോൾ സ്വിസ് ഗോൾകീപ്പർ സോമർക്ക് നിസ്സഹായനായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.

അവസാന മിനിറ്റുകളിൽ വിജയഗോളിനായി ഇരനിരയും ആഞ്ഞ് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ സ്വിറ്റ്സർലൻഡിന് മികച്ച അവസരം ലഭിച്ചെങ്കിലും ഇംഗ്ലീഷ് ബോക്സിൽ പറന്നിറങ്ങിയ പന്ത് കണക്ട് ചെയ്യാൻ താരങ്ങൾക്കായില്ല. ഇതോടെ മത്സരം അധികസമയത്തേക്ക് നീളുകയായിരുന്നു. 

Tags:    
News Summary - England-Switzerland match in to extra time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.