ലണ്ടൻ: സ്വന്തം തട്ടകത്തിൽ തകർപ്പൻ ജയവുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ വീണ്ടും ഒന്നാമതെത്തി ലിവർപൂൾ. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഷെഫീൽഡ് യുനൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ലിവർപൂളിന്റെ വിജയം.
ജയത്തോടെ എട്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ രണ്ട് പോയിന്റ് ലീഡോടെ പോയിന്റ് ടേബിളിൽ ലിവർപൂൾ ഒന്നാം സ്ഥാനം പിടിക്കുകയും ചെയ്തു. 30 മത്സരങ്ങളിൽ 70 പോയിന്റാണ് ലിവർപൂളിനുള്ളത്. രണ്ടാമതുള്ള ആഴ്സനലിന് 68 പോയിന്റാണുള്ളത്.
മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ലിവർപൂൾ, ഡാർവിൻ നുനിയസിന്റെ ഗോളിലൂടെയായിരുന്നു ലീഡ് എടുത്തത്. 17-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. എന്നാൽ, രണ്ടാം പകുതിയുടെ 58-ാം മിനിറ്റിൽ കോണർ ബ്രാഡ്ലി സമ്മാനിച്ച സെൽഫ് ഗോളിലൂടെ ഷെഫീൽഡിന് തിരികെയെത്താനായി. അതോടെ മത്സരം ആവേശകരമായി.
76-ാം മിനിറ്റിലായിരുന്നു ലിവർപൂൾ ലീഡ് ഉയർത്തിയത്. അലക്സെസ് മാകാലിസ്റ്ററായിരുന്നു ഒരു കിടിലൻ ഷോട്ടിലൂടെ ഷെഫീൽഡിന്റെ ഗോൾവല കുലുക്കിയത്. പെനാൽട്ടി ബോക്സിന്റെ എഡ്ജിൽ നിന്ന് താരം തൊടുത്ത ഷോട്ട് സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായിരുന്നു.
90-ാം മിനിറ്റിൽ കോഡി ഗാക്‌പോയും വല കുലുക്കിയതോടെ ലിവർപൂൾ വിജയം ഉറപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.