ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ ജയിച്ചുകയറിയപ്പോൾ, കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഞെട്ടിക്കുന്ന തോൽവി. ബ്രൈറ്റണെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തിയ ചെമ്പട പോയന്‍റ് പട്ടികയിൽ ഒന്നാമതെത്തി. കോഡി ഗാക്പോ (69ാം മിനിറ്റിൽ), മുഹമ്മദ് സലാഹ് (72ാം മിനിറ്റിൽ) എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്. 14ാം മിനിറ്റിൽ ഫെർഡി കാഡിയോഗ്ലുവിന്‍റെ വകയായിരുന്നു ബ്രൈറ്റണിന്‍റെ ആശ്വാസ ഗോൾ.
ആദ്യ പകുതിയിൽ പിന്നിൽപോയ ചെമ്പട, ഇടവേളക്കുശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് മത്സരം സ്വന്തമാക്കിയത്. 14ാം മിനിറ്റിൽ ലിവർപൂളിനെ ഞെട്ടിച്ച് സന്ദർശകർ ലീഡെടുത്തു. വെൽബെക്കിന്‍റെ അസിസ്റ്റിൽനിന്നാണ് കാഡിയോഗ്ലു വലകുലുക്കിയത്. എന്നാൽ, ഗോൾ മടക്കാൻ 69ാം മിനിറ്റുവരെ ലിവർപൂളിന് കാത്തിരിക്കേണ്ടി വന്നു. ഗാക്പോയിലൂടെ സമനില പിടിച്ചു. നായകൻ വിർജിൽ വാൻഡെക്കാണ് ഗോളിന് വഴിയൊരുക്കിയത്. 72ാം മിനിറ്റിൽ കർട്ടിസ് ജോൺസിന്‍റെ പാസ്സിലൂടെ സൂപ്പർതാരം സലാഹ് ടീമിനായി വിജയഗോൾ നേടി.
പോയന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ബേൺമൗത്തിനോട് സിറ്റി അപ്രതീക്ഷിത തോൽവി വഴങ്ങിയതോടെ കിരീടപോരിൽ ചെമ്പട മുന്നിലെത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പെപ് ഗ്വാർഡിയോളയുടെയും സംഘത്തിന്‍റെയും തോൽവി. ടീമിന്‍റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞദിവസം കരബാവോ കപ്പിൽ ടോട്ടൻഹാമിനോടും ടീം തോറ്റിരുന്നു.
കളിയിൽ സിറ്റി ആധിപത്യം പുലർത്തിയെങ്കിലും അവസരങ്ങൾ കൃത്യമായി വിനിയോഗിച്ച് ബേൺമൗത്ത് വിലപ്പെട്ട മൂന്നു പോയന്‍റ് സ്വന്തമാക്കി. പ്രീമിയർ ലീഗ് സീസണിൽ സിറ്റിയുടെ ആദ്യ തോൽവിയാണിത്. അന്‍റോയിൻ സെമെനിയോ (ഒമ്പതാം മിനിറ്റിൽ), ബ്രസീൽ താരം ഇവാനിൽസൻ (64ാം മിനിറ്റിൽ) എന്നിവരാണ് ആതിഥേയർക്കായി ഗോൾ നേടിയത്.
സിറ്റിയുടെ ആശ്വാസ ഗോൾ ജോസ്കോ ഗ്വാർഡിയോളയുടെ വകയായിരുന്നു. അവസാന മിനിറ്റുകളിൽ എതിർബോക്സിലേക്ക് സിറ്റി താരങ്ങൾ ഇരച്ചുകയറിയെങ്കിലും ബേൺമൗത്ത് താരങ്ങൾ പ്രതിരോധിച്ചു. ലിവർപൂളിന് 10 മത്സരങ്ങളിൽനിന്ന് 25 പോയന്‍റാണുള്ളത്. രണ്ടാമതുള്ള സിറ്റിക്ക് ഇത്രയും മത്സരങ്ങളിൽനിന്ന് 23 പോയന്‍റും. 19 പോയന്‍റുമായി നോട്ടിങ്ഹാം ഫോറസ്റ്റാണ് മൂന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.