മൂന്നു കളികളിൽ ഗോളടിക്കാൻ മറന്ന് ആരാധകരിൽ ആധിതീർത്തതിനൊടുവിൽ തിരിച്ചുവരവ് രാജകീയമാക്കി നോർവേക്കാരൻ എർലിങ് ഹാലൻഡ്. കഴിഞ്ഞ മത്സരത്തിൽ ടോട്ടൻഹാമിനെതിരെ വീണ്ടും തുടക്കമിട്ട സ്കോറിങ്ങാണ് വുൾവ്സിനെതിരായ മത്സരത്തിൽ റെക്കോഡുകൾ പലത് സ്വന്തം പേരിലേക്കു മാറ്റി ഹാട്രിക്കുമായി താരം വീണ്ടും സജീവമാക്കിയത്.
റിയാദ് മെഹ്റസ് വിങ്ങിലൂടെ തുടക്കമിട്ട നീക്കത്തിനൊടുവിൽ ഡി ബ്രുയിൻ നൽകിയ പാസ് ഉയർന്നു ചാടി തലവെച്ച് ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിലാണ് ഹാലൻഡ് സിറ്റിയെ മുന്നിലെത്തിച്ച് സ്കോറിങ് തുടക്കമിട്ടത്. ബോക്സിൽ ഇകായ് ഗുണ്ടൊഗനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ്ടും വല കുലുക്കിയ താരം തൊട്ടുപിറകെ റിയാദ് മെഹ്റസ് തളികയിലെന്ന പോലെ നൽകിയ പാസ് ലക്ഷ്യത്തിലെത്തിച്ച് ഹാട്രിക് പൂർത്തിയാക്കി. 12 മിനിറ്റിലായിരുന്നു മൂന്ന് എണ്ണംപറഞ്ഞ ഗോളുകൾ.
സീസണിൽ ഇതോടെ നാലു ഹാട്രികായി താരത്തിന്. ഒപ്പം എണ്ണമറ്റ റെക്കോഡുകളും. പ്രിമിയർ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മൊത്തം കുറിച്ച മൂന്നു ഹാട്രിക് ആദ്യ സീസണിൽ തന്നെ മറികടന്ന താരം ഗോൾഡൻ ബൂട്ട് പുരസ്കാരത്തിലേക്ക് അതിവേഗം കുതികുകകയാണ്. ഇംഗ്ലീഷ് ലീഗിൽ മൊത്തം ഹാട്രികിൽ എട്ടടിച്ച് ഹാരി കെയ്നും 12 ഉമായി സെർജിയോ അഗ്യൂറോയും ബഹുദൂരം മുന്നിലാണെങ്കിൽ നിലവിലെ ഫോം പരിഗണിച്ചാൽ അതും താരം വൈകാതെ മറികടക്കും. സീസണിൽ സിറ്റിക്കായി മൊത്തം 31 ഗോളുകൾ കുറിച്ച നോർവേക്കാരൻ പ്രിമിയർ ലീഗിൽ മാത്രം 25 ഗോൾ നേടിയിട്ടുണ്ട്. 19 കളികളിൽ നാലാം ഹാട്രിക് എന്നത് പ്രിമിയർ ലീഗ് റെക്കോഡാണ്. അത്രയും എണ്ണം തികക്കാൻ ഡച്ച് ഇതിഹാസം നിസ്റ്റൽറൂയി 65 കളികൾ എടുത്തുവെന്നോർക്കണം. മുൻനിര താരങ്ങളെ ടീമിലെത്തിക്കാൻ വൻതുക ചെലവിട്ട ചെൽകി ഇത്തവണ മൊത്തം നേടിയതിനെക്കാൾ മൂന്നു ഗോളുകൾ ഹാലൻഡ് ഒറ്റക്ക് സിറ്റിക്കായി നേടിയെന്ന കൗതുകവുമുണ്ട്. അതേ സമയം, കളി നിയന്ത്രിച്ച് കെവിൻ ഡി ബ്രുയിനും സംഘവും മൈതാനത്ത് ഓടിനടന്നപ്പോൾ മൊത്തം 16 ടച്ചുകളിലായിരുന്നു ഹാലൻഡിന്റെ മൂന്ന് ഗോളുകൾ.
ഏതിടത്തും പന്തെത്തിച്ചുനൽകി ഡി ബ്രുയിനും മനോഹര ഡ്രിബ്ളിങ്ങുമായി ജാക് ഗ്രീലിഷും അസാധ്യ ഫോമിൽ റിയാദ് മെഹ്റസും നിറഞ്ഞാടിയ ദിനത്തിൽ ഓരോ പൊസിഷനിലും എതിരാളികളെ നിലംപരിശാക്കിയായിരുന്നു സിറ്റിയുടെ പ്രകടനം. തരംതാഴ്ത്തൽ ഭീഷണിക്കരികെ നിൽക്കുന്ന ഫുൾഹാമിന് ഒരു ഘട്ടത്തിൽ പോലും സിറ്റിക്കെതിരെ പിടിച്ചുനിൽക്കാനായില്ല. അവസരം മുതലെടുത്ത് അതിവേഗ ഗെയിമുമായി തകർത്തുകളിച്ച സിറ്റി ഗണ്ണേഴ്സുമായി ഒപ്പം നിൽക്കാനുണ്ടെന്ന് പ്രഖ്യാപിക്കുംപോലെയായി മത്സരം. ഒരു മത്സരം കുറച്ചു കളിച്ച ആഴ്സണൽ നിലവിൽ അഞ്ചു പോയിന്റ് ലീഡുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.