ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ പത്തുപേരുമായി ചുരുങ്ങിയ മാഞ്ചസ്റ്റർ സിറ്റി ഫുൾഹാമിനെ കീഴടക്കി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സിറ്റിയുടെ ജയം. ഇതോടെ ടീം വീണ്ടും പോയന്‍റ് പട്ടികയിൽ ഒന്നാമതെത്തി.
ജൂലിയന്‍ ആല്‍വരെസ്, എർലിങ് ഹാലൻഡ് (പെനാൽറ്റി) എന്നിവരാണ് സിറ്റിക്കായി ഗോൾ നേടിയത്. പെനാൽറ്റിയിലൂടെ ആൻഡ്രിയാസ് പെരേരയുടെ വകയായിരുന്നു ഫുൾഹാമിന്‍റെ ആശ്വാസ ഗോൾ. ജാവൊ കാന്‍സെലൊ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെയാണ് ടീം 10 പേരിലേക്ക് ചുരുങ്ങിയത്.
16ാം മിനിറ്റില്‍ ആല്‍വരെസിന്റെ ഗോളിലൂടെ സിറ്റിയാണ് മത്സരത്തിൽ ലീഡ് നേടിയത്. എന്നാല്‍, 26ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ ഫുള്‍ഹാമിന്റെ വില്‍സണിനെ ഫൗള്‍ ചെയ്തതിന് കാന്‍സെലോക്ക് ചുവപ്പ് കാര്‍ഡ്, ഫുൾഹാമിന് അനുകൂലമായി പെനാൽറ്റിയും റഫറി വിധിച്ചു. കിക്ക് എടുത്ത പെരേര പന്ത് വലയില്‍ എത്തിച്ചു.
മത്സരം സമനിലയിലേക്കെന്ന് തോന്നിപ്പിച്ച അവസാന നിമിഷത്തിലാണ് സിറ്റിക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നത്. അപ്പോൾ സമയം 95 മിനിറ്റിലെത്തിയിരുന്നു. കെവിന്‍ ഡിബ്രൂയിനെ ഫുള്‍ഹാമിന്റെ റോബിന്‍സണ്‍ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. കിക്ക് എടുത്ത എര്‍ലിങ് ഹാലണ്ടിന് പിഴച്ചില്ല. സിറ്റിക്ക് 2-1ന്‍റെ ജയം.
13 മത്സരങ്ങളിൽനിന്ന് 10 ജയവും രണ്ടു തോൽവിയും ഒരു സമനിലയുമായി 32 പോയന്‍റാണ് സിറ്റിക്ക്. രണ്ടാമതുള്ള ആഴ്സണലിന് 12 മത്സരങ്ങളിൽനിന്ന് 31 പോയന്‍റ്.
ലീഗിലെ മറ്റ് മത്സരങ്ങളില്‍ ലെസ്റ്റര്‍ സിറ്റി 2-0ന് എവര്‍ട്ടണിനെയും ലീഡ്‌സ് യുനെറ്റഡ് 4-3ന് ബേണ്‍മത്തിനെയും ബ്രൈറ്റണ്‍ 3-2ന് വൂള്‍വ്‌സിനെയും തോല്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.