യൂറോ കപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെതിരായ മത്സരത്തിന് മുന്നോടിയായി സ്പെയിനിന് കനത്ത തിരിച്ചടി. മൂന്ന് പ്രമുഖ താരങ്ങൾക്ക് സെമി ഫൈനലിൽ കളിക്കാനാവില്ല. ജൂലൈ 10നാണ് ഫ്രാൻസിനെതിരായ സെമി ഫൈനൽ മത്സരം.
സൂപ്പർ താരം പെഡ്രി, പ്രതിരോധനിരയിലെ കരുത്തനായ ഡാനി കാർവാജൽ, റോബിൻ ലെ നോമാൻഡ് എന്നിവർക്കാണ് കളിക്കിറങ്ങാൻ കഴിയാത്തത്. ജർമനിക്കെതിരായ മത്സരത്തിൽ ഇടത് കാൽമുട്ടിനേറ്റ പരിക്കാണ് പെഡ്രിക്ക് തിരിച്ചടിയായത്. ടോണി ക്രൂസുമായി കൂട്ടിയിടിച്ച് പരിക്കേറ്റ പെഡ്രിക്ക് എട്ടാംമിനിറ്റിൽ തന്നെ കളംവിടേണ്ടിവന്നിരുന്നു. യൂറോയിലെ ശേഷിക്കുന്ന മത്സരങ്ങൾ പെഡ്രിക്ക് നഷ്ടമാകുമെന്നാണ് വിവരം.
ഡാനി കാർവാജലിനും റോബിൻ ലെ നോമാൻഡിനും കഴിഞ്ഞ മത്സരത്തിലെ മഞ്ഞക്കാർഡാണ് പണിയായത്. ഇതോടെ ഇരുവരും സെമിയിൽ പുറത്തിരിക്കേണ്ട സാഹചര്യമുണ്ടായി. മുസിയാലയെ പിടിച്ചുവീഴ്ത്തിയതിന് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതോടെ കാർവാജലിന് മത്സരത്തിൽ നിന്ന് പുറത്തുപോകേണ്ടിവന്നിരുന്നു. ചുവപ്പ് കാർഡ് കണ്ടതോടെ അടുത്ത മത്സരത്തിൽ കളിക്കാൻ പറ്റാതെയുമായി. 29ാം മിനിറ്റിൽ ഗുണ്ടോഗാനെ ഫൗൾ ചെയ്തതിനാണ് റോബിൻ ലെ നോമാൻഡിന് മഞ്ഞക്കാർഡ് ലഭിച്ചത്. ഇതോടെ, താരത്തിനും അടുത്ത മത്സരം നഷ്ടമായി. കാർവാജലിനും നോമാൻഡിനും പകരക്കാരായി നാച്ചോയും ജീസസ് നവാസും ഇറങ്ങുമെന്നാണ് റിപ്പോർട്ട്.
ജർമനിയെ 2-1ന് പരാജയപ്പെടുത്തിയാണ് സ്പെയിൻ സെമിയിലേക്ക് കടന്നത്. ഡാനി ഓൽമോയുടെയും മൈക്കൽ മെറീനോയുടെയും വകയായിരുന്നു ഗോളുകൾ. ഫ്ലോറിയൻ വിർസാണ് ജർമനിക്കായി ഗോൾ നേടിയത്. പോർച്ചുഗലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (5-3) പരാജയപ്പെടുത്തിയാണ് ഫ്രാൻസ് സെമിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.