ഫ്രഞ്ച് സ്ട്രൈക്കറും ടീമിന്റെ ക്യാപ്റ്റനുമായ കിലയൻ എംബാപ്പെ പോർച്ചുഗലിനെതിരായ എക്സ്ട്രാ ടൈമിനിടെ തന്നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെന്ന് പരിശീലകൻ ദിദിയർ ദെഷാംപ്സ്. ക്ഷീണിതനായതിനാലാണ് എംബാപ്പെ ഇത്തരത്തിൽ മത്സരത്തിൽ നിന്നും തന്നെ പിൻവലിക്കാൻ ആവശ്യപ്പെട്ടതെന്നും ദെഷാംപ്സ് വെളിപ്പെടുത്തി.
യുറോയിൽ ഫ്രാൻസിന് വേണ്ടി അത്ര നല്ല പ്രകടനമല്ല എംബാപ്പെ കാഴ്ചവെക്കുന്നത്. പോളണ്ടിനെതിരെ പെനാൽറ്റി നേടിയതൊഴിച്ചാൽ കാര്യമായി ഗോളുകൾ നേടാനോ അവസരങ്ങളുണ്ടാക്കാനോ എംബാപ്പെക്ക് കഴിഞ്ഞിരുന്നില്ല. ആദ്യകളിയിൽ മൂക്കിന് പരിക്കേറ്റത് താരത്തിന്റെ കളിയേയും ബാധിച്ചിരുന്നു.
വെള്ളിയാഴ്ച പോർച്ചുഗലിനെതിരായ മത്സരത്തിൽ മാസ്കുമായി ഇറങ്ങിയ എംബാപ്പെ കളംനിറഞ്ഞ് കളിച്ചിരുന്നു. എന്നാൽ, ഷൂട്ടൗട്ടിൽ ഫ്രാൻസിനായി കിക്കെടുക്കാൻ എംബാപ്പയുണ്ടായിരുന്നില്ല. ഇക്കാര്യത്തിലാണ് ഇപ്പോൾ ഫ്രഞ്ച് കോച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
എംബാപ്പെ എപ്പോഴും തന്നോടും ടീമിനോടും സത്യസന്ധനാണെന്ന് ദെഷാംസ് പറഞ്ഞു. ക്ഷീണം തോന്നുമ്പോഴും ഫോം കണ്ടെത്താൻ വിഷമിക്കുമ്പോഴുമെല്ലാം ഈ സത്യസന്ധത എംബാപ്പെ പുലർത്താറുണ്ട്. എക്സ്ട്രാ ടൈമിന്റെ ആദ്യ സമയത്ത് ക്ഷീണം തോന്നിയപ്പോൾ അക്കാര്യം എംബാപ്പ പറയുകയും കളിയിൽ നിന്നും പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, എംബാപ്പെക്ക് വേണ്ടി സഹടീമംഗങ്ങൾ മനോഹരമായി തന്നെ മത്സരം പൂർത്തിയാക്കിയെന്ന് ദെഷാംസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.