ബെർലിൻ: ചാമ്പ്യൻ ഇറ്റലിയും ലോകകപ്പ് റണ്ണേഴ്സായ ഫ്രാൻസും പിന്നെ കരുത്തരായ ആതിഥേയരുമടങ്ങിയ യൂറോയിൽ ചാമ്പ്യൻ പട്ടത്തിലേക്ക് ഇനി രണ്ടു ടീമുകൾ മാത്രം ബാക്കിനിൽക്കെ ഇംഗ്ലീഷ് സ്വപ്നങ്ങൾക്ക് നിറങ്ങളേറെ. കണ്ട കളികൾ വെച്ചുനോക്കിയാൽ ഇംഗ്ലീഷ് ആരാധകർപോലും ഒന്നാം സാധ്യത എതിരാളികളായ സ്പെയിനിനേ നൽകൂ എങ്കിലും ഗാരെത് സൗത്ഗേറ്റിനും കുട്ടികൾക്കും ഒരിക്കലൂടെ കിരീടത്തിനരികെ വീഴാനാകില്ല.
മൂന്നുവട്ടം യൂറോയിൽ കിരീടമുയർത്തിയവരാണ് സ്പെയിൻ. താരനിരയും കളിയഴകും ഒരുപടി മുന്നിൽനിൽക്കുന്ന ടീം. മുൻനിരയിൽ ഇരു വിങ്ങുകളിലായി രണ്ട് പയ്യന്മാർ കൊമ്പുകുലുക്കി നിൽക്കുമ്പോൾ ഇതുവരെയും മുഖാമുഖം നിന്നവരെല്ലാം വീണ ചരിത്രമേയുള്ളൂ. നാലാം കിരീടമെന്ന അദ്ഭുതനേട്ടത്തിലേക്കാണ് സ്പെയിൻ കളി കാത്തുനിൽക്കുന്നത്. ഈ യൂറോയിൽ ആറു കളികൾ ഓരോ ടീമും പൂർത്തിയാക്കുമ്പോൾ ഒരുവട്ടം പോലും പെനാൽറ്റി വിധി നിർണയിക്കാൻ ആവശ്യമായി വരാത്തവർ. ഇതൊക്കെയാകുമ്പോഴും ജൂഡ് ബെല്ലിങ്ഹാം അന്ന് അടിച്ചുകയറ്റിയ മാസ്മരിക ഗോൾപോലെ ചിലത് ഇംഗ്ലീഷ് ടീമും ആരാധകരും കാത്തിരിക്കുന്നുണ്ട്. നോക്കൗട്ടിലെത്തിയശേഷം ടീം കളിച്ച മൂന്നുതവണയും പിന്നിൽനിന്ന ശേഷമായിരുന്നു തിരിച്ചുവരവ്. എതിർവല തുളച്ച അവസാനനിമിഷ ഗോളായും ഒരുതവണ പോലും പിഴക്കാത്ത ഷൂട്ടൗട്ടായും അത് പല രൂപത്തിൽവന്നു. ഇഞ്ച്വറി സമയത്ത് ഷെർദാൻ ഷകീരി പോസ്റ്റിലിടിച്ചും ഡച്ചുകാർക്കെതിരെ റഫറി കനിഞ്ഞുനൽകിയ പെനാൽറ്റിയായും ചിലപ്പോൾ ഭാഗ്യവും തുണച്ചു.
1936ലെ ഒളിമ്പിക് ഗെയിംസിനായി നാസികൾ പണിത ബെർലിനിലെ ഒളിമ്പിയ സ്റ്റേഡിയത്തിൽ സ്പാനിഷ് അർമഡക്കെതിരെ ഇറങ്ങുന്നത് സമീപകാലത്തെ ഏറ്റവും മികച്ച ടീമാണ്. എന്നുവെച്ച് മൈതാനത്തെ പ്രകടനം ഇത്തരം അവകാശവാദങ്ങളെ തുണക്കുന്നില്ല. മൂന്ന് വർഷം മുമ്പ് വെംബ്ലി മൈതാനത്ത് ഇറ്റലിക്ക് മുമ്പിൽ തോൽവി സമ്മതിച്ചായിരുന്നു കിരീടം നഷ്ടപ്പെടുത്തിയത്. 1966ൽ ലോകകപ്പ് നേടിയ ശേഷം ഒരു മുൻനിര കിരീടത്തിന് ഏറെ അരികിലെത്തിയ നിമിഷമായിരുന്നു അത്. ആ കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. എന്നാൽ, ജൂഡ് ബെല്ലിങ്ഹാം, ഫിൽ ഫോഡൻ, ബുകായോ സാക, ഹാരി കെയിൻ എന്നിങ്ങനെയുള്ളവർ യഥാർഥ ഫോമിലേക്കുയർന്നാൽ ആ കാത്തിരിപ്പിന് ഞായറാഴ്ച ശുഭാന്ത്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.