ബെർലിൻ: യോഗ്യത മത്സരങ്ങളിൽ തോൽവിയറിയാതെയെത്തിയ ഹംഗറിയെ യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ 3-1ന് പരാജയപ്പെടുത്തി സ്വിറ്റ്സർലൻഡ്. ക്വാഡോ ദുവ, മൈക്കൽ എയ്ബിഷെർ, ബ്രീൽ എംബോളോ എന്നിവരാണ് സ്വിറ്റ്സർലൻഡിന്‍റെ ഗോൾ നേട്ടക്കാർ. ബർനബാസ് വാർഗ ഹംഗറിയുടെ ഒരേയൊരു ഗോൾ നേടി.
കരുത്തർ തമ്മിലുള്ള മത്സരത്തിൽ സ്വിറ്റ്സർലൻഡ് തന്നെയായിരുന്നു മുന്നിട്ടു നിന്നത്. 12ാം മിനിറ്റിൽ ക്വാഡോ ദുവയിലൂടെ ആദ്യ ഗോൾ പിറന്നു. ദുവയുടെ ആദ്യ അന്താരാഷ്ട്ര ഗോൾ കൂടിയായിരുന്നു ഇത്. ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ശേഷിക്കേയായിരുന്നു രണ്ടാം ഗോൾ. ബോക്സിനുള്ളിൽ കിട്ടിയ പന്ത് മൈക്കൽ എയ്ബിഷെർ ഗോൾവലയുടെ വലത്തേ മൂലയിലേക്ക് അടിച്ചുകയറ്റി. ഇതോടെ, ആദ്യപകുതിയിൽ സ്വിറ്റ്സർലൻഡ് 2-0ന് ലീഡ് നേടി.
ഹംഗറിയുടെ സ്റ്റാർ മിഡ്ഫീൽഡറും ലിവർപൂൾ താരവുമായ ഡൊമിനിക് സോബോസ്ലായ്ക്ക് ശനിയാഴ്ച ഇസ്രായേലിനെതിരായ സൗഹൃദ മത്സരത്തിനിടെ ഇടതു തുടയിൽ പരിക്കേറ്റിരുന്നു. എന്നാൽ, താരം ഇന്ന് കളത്തിലിറങ്ങി. രണ്ടാംപകുതിയുടെ തുടക്കം മുതലേ പൊരുതിക്കളിച്ച ഹംഗറി 66ാം മിനിറ്റിൽ ലക്ഷ്യംകണ്ടു. ഡൊമിനിക് സൊബോസ്ലായുടെ ക്രോസിൽ നിന്നായിരുന്നു ബർനബാസ് വാർഗയുടെ ഗോൾ നേട്ടം. സമനിലക്കായി ഹംഗറി പൊരുതിക്കളിക്കുന്നതിനിടെ ഇൻജുറി ടൈമിൽ ബ്രീൽ എംബോളോ സ്വിറ്റ്സർലൻഡിനായി മൂന്നാംഗോൾ നേടി. ഇതോടെ മത്സരം 3-1ന് സ്വിറ്റ്സർലൻഡ് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.