ബെർലിൻ: യൂറോ കപ്പ് കിക്കോഫിന് നാളുകൾ ബാക്കിനിൽക്കെ ടീമുകളെ കടുത്ത ആധിയിലാഴ്ത്തി പ്രമുഖരുടെ പരിക്ക്. പോളണ്ട് ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്കിയാണ് അവസാനമായി പരിക്കേറ്റ് മടങ്ങിയത്. ജൂൺ 16ന് ടീമിന്റെ ഉദ്ഘാടന മത്സരത്തിൽ നെതർലൻഡ്സിനെതിരെ താരം ഇറങ്ങില്ലെന്ന് ഉറപ്പായി.
അഞ്ചുനാൾ കഴിഞ്ഞ് ഓസ്ട്രിയക്കെതിരായ അടുത്ത കളിയിൽ തിരികെയെത്തുമെന്നാണ് പ്രതീക്ഷ. ഡച്ചുപട ഉയർത്തുന്ന കനത്ത വെല്ലുവിളിയിൽ ടീമിന് കാവലാളാകേണ്ട ക്യാപ്റ്റന്റെ അഭാവം ടീമിന് ഉയർത്തുന്ന വെല്ലുവിളി ചെറുതാവില്ല. തുർക്കിയക്കെതിരെ കഴിഞ്ഞ ദിവസം സന്നാഹ മത്സരത്തിലായിരുന്നു താരത്തിന് പരിക്കേറ്റത്.
എന്നാൽ, ഡച്ചുനിരയിൽ ഫ്രെങ്കി ഡി ജോങ് ഇറങ്ങില്ലെന്ന് നേരത്തെ ഉറപ്പായതാണ്. കഴിഞ്ഞ മാർച്ച് ആരംഭത്തിൽ കണങ്കാലിന് പരിക്കേറ്റ് വിശ്രമത്തിലാണ് താരം. പകരം ബൊറൂസിയ ഡോർട്മണ്ട് താരം ഇയാൻ മാറ്റ്സണെ കോച്ച് കൂമാൻ ടീമിലെടുത്തിട്ടുണ്ട്.
ഐസ്‍ലൻഡിനെതിരായ സന്നാഹ മത്സരത്തിൽ പരിക്കുമായി കയറിയ അറ്റ്ലാന്റ താരം ട്യൂൺ കൂപ്മീനേഴ്സും ഡച്ച് നിരയിലുണ്ടാകില്ല. കരുത്തരുടെ ഗ്രൂപ്പിൽ നെതർലൻഡ്സിന് ഫ്രാൻസാണ് രണ്ടാം മത്സരത്തിലെ എതിരാളി. ഇംഗ്ലീഷ് ടീമിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ലൂക് ഷോയാകും കളി മുടങ്ങുന്നവരിൽ പ്രധാനി. ചെക് താരം മൈക്കൽ സാഡിലെക് അടക്കം മറ്റുള്ളവരും യൂറോക്കില്ലാത്തവരുടെ പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.