സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഇംഗ്ലീഷ് താരം ജാഡൻ സാഞ്ചോയുടെയും ഗോളുകളുടെ കരുത്തിൽ യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് ആദ്യ ജയം. മാൾഡോവൻ ക്ലബ് ഷെരീഫ് ടിരാസ്പോളിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുനൈറ്റഡ് പരാജയപ്പെടുത്തിയത്.
37കാരനായ റൊണാൾഡോയുടെ സീസണിലെ ആദ്യ ഗോളാണിത്. ഇതോടെ ക്ലബ് മത്സരത്തിന്‍റെ താരത്തിന്‍റെ ഗോൾനേട്ടം 699 ആയി. മത്സരത്തിന്‍റെ 39ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് ഗോൾ നേടിയത്. നേരത്തെ, സാഞ്ചോ 17ാം മിനിറ്റിൽ ലീഡ് നേടിയിരുന്നു. ക്രിസ്റ്റ്യൻ എറിക്സൺ നൽകിയ പന്ത് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഒരു കിടിലൻ ഇടംകാൽ ഷോട്ടിലൂടെ സാഞ്ചോ വലയിലെത്തിക്കുകയായിരുന്നു.
തുടക്കത്തിൽതന്നെ മത്സരത്തിന്‍റെ നിയന്ത്രണം യുനൈറ്റഡ് ഏറ്റെടുത്തിരുന്നു. നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ടീമിന് ലക്ഷ്യം കാണാനായില്ല. രണ്ടാംപകുതിയിൽ ഷെരീഫ് ഗോൾ തിരിച്ചടിക്കാൻ ശ്രമം നടത്തിയെങ്കിലും യുനൈറ്റഡിന്‍റെ പ്രതിരോധത്തിൽ തട്ടി വിഫലമായി. കഴിഞ്ഞയാഴ്ച നടന്ന യൂറോപ്പ ലീഗിലെ ആദ്യ മത്സരത്തിൽ യുനൈറ്റഡ് സ്പാനിഷ് ക്ലബ് റയൽ സോസിഡാഡിനോട് 1-0ത്തിന് തോറ്റിരുന്നു.
സീസണിൽ ഭൂരിഭാഗം മത്സരങ്ങളും സൈഡ് ബെഞ്ചിലിരുന്ന ക്രിസ്റ്റ്യാനോ, ഷെരീഫിനെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. 81ാം മിനിറ്റിലാണ് പോർച്ചൂഗീസ് താരത്തെ പരിശീലകൻ പിൻവലിച്ചത്. ഗോളിലൂടെ താരം ഫോമിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഷെരീഫ് ലീഗിലെ ആദ്യ മത്സരത്തിൽ 3-0ത്തിന് സൈപ്രസ് ക്ലബ് ഒമാനിയ എഫ്.സിയെ തോൽപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.