ബാഴ്സലോണ: കാറ്റലോണിയൻ ദേശീയതയുടെ പ്രതീകവും ലോകത്തെ മുൻനിര ക്ലബുകളിലൊന്നുമായ ബാഴ്സലോണയെ ആരാധകർ കൈവിടുന്നുവോ?. ഹോംഗ്രണ്ടായ കാമ്പ്നൗവിൽ ഗാലറികൾ ഒഴിഞ്ഞുകിടക്കുന്നുവെന്ന് സ്പാനിഷ് മാധ്യമമായ മാർക റിേപ്പാർട്ട് ചെയ്യുന്നു. ക്ലബിന്‍റെ ഓമനപുത്രൻ ലയണൽ മെസ്സിയുടെ പടിയിറക്കവും തുടർതോൽവികളും ബാഴ്സയുടെ ജനപ്രീതി ഇടിച്ചുവെന്നാണ് വിലയിരുത്തൽ.
ഡിപോർടിവോ അലാവസിനെതിരായ മത്സരത്തിൽ വെറും 37,278 കാണികൾ മാത്രമാണ് ഗാലറിയിലെത്തിയത്. റയൽമാഡ്രിഡുമായുള്ള എൽക്ലാസികോ മത്സരത്തിന് 86,000 പേരെത്തിയിരുന്നു. എങ്കിലും 14,000 ത്തോളം ടിക്കറ്റുകൾ അന്നും വിറ്റുപോയിരുന്നില്ല. ടിക്കറ്റുകൾക്ക് 50 ശതമാനം കിഴിവ് നൽകിയിട്ടും വലൻസിയക്കും ഡൈനാമോ കീവിനുമെതിരായ മത്സരത്തിൽ 5000ത്തിൽ താഴെ മാത്രമാണ് ആളുകളെത്തിയത്.
എന്നാൽ കോവിഡ് മഹാമാരിയും അതുമൂലം ടൂറിസ്റ്റുകളുടെ വരവ് നിലച്ചതും കാണികളുടെ എണ്ണം കുറച്ചതായാണ് ബാഴ്സ വിലയിരുത്തുന്നത്. അലാവസിനെതിരായ മത്സരത്തിൽ കാണികൾ കുറയാൻ കാരണം അന്ന് പെയ്ത ശക്തമായ മഴയാണെന്നും അവർ വിലയിരുത്തുന്നു.
മോശം പ്രകടനത്തെ തുടർന്ന് കോച്ച് റൊണാൾഡ് കൂമാനെ ബാഴ്സ പുറത്താക്കിയിരുന്നു. സഹ പരിശീലകനായി ടീമിലുണ്ടായിരുന്ന സെർജി ബാർയുവാനാണ് ടീമിന്‍റെ താൽക്കാലിക ചുമതല. 11 മത്സരങ്ങൾ പൂർത്തിയായപ്പോൾ നാലു ജയങ്ങൾ മാത്രമുള്ള ബാഴ്സ 16 പോയന്‍റുമായി ഒമ്പതാം സ്ഥാനത്താണ്. ആദ്യ സ്ഥാനത്തുള്ള റയൽ മഡ്രിഡുമായി എട്ട് പോയന്‍റ് കുറവ് ! ഇതോടെ പുതിയ കോച്ച് എത്തിയാലും കിരീടപ്പോരാട്ടത്തിലേക്ക് തിരിച്ചുവരവ് ബാഴ്സലോണക്ക് വിദൂരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.