ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ബദ്ധവൈരികളായ ചെങ്കുപ്പായക്കാർ എഫ്.എ കപ്പിൽ പോരിനിറങ്ങിയപ്പോൾ വിജയം മാഞ്ചസ്റ്റർ യുനൈറ്റഡിനൊപ്പം. കൊണ്ടും കൊടുത്തും പരസ്പരം പോരടിച്ച മത്സരത്തിൽ രണ്ടിനെതിരെ മൂന്നുഗോളുകൾക്കായിരുന്നു യുനൈറ്റഡിന്‍റെ വിജയം. പ്രീമിയർ ലീഗിൽ കഴിഞ്ഞ അഞ്ചുമത്സരങ്ങളിൽ ഒരു വിജയം പോലുമില്ലാത്ത ലിവർപൂളിന് ഈ പരാജയം ഇരുട്ടടിയായി.
ഇരുടീമുകളും ആക്രമണോത്സുക ഫുട്ബാൾ കാഴ്ചവെച്ച മത്സരത്തിൽ 18ാം മിനുറ്റിൽ മുഹമ്മദ് സലാഹിന്‍റെ ചിപ് ഗോളിലൂടെ ലിവർപൂളാണ് മുന്നിൽ കയറിയത്. 26ാം മിനുറ്റിൽ മേസൺ ഗ്രീൻവുഡിലൂടെ യുനൈറ്റഡ് തിരിച്ചടിച്ചു.
ഇടവേളക്ക് ശേഷവും വീറുറ്റപോരാട്ടത്തിനാണ് ഓൾഡ് ട്രാഫോഡ് സാക്ഷ്യം വഹിച്ചത്. 48ാം മിനുറ്റിൽ പന്തുമായി ലിവർപൂൾ ബോക്സിലേക്ക് ഓടിക്കയറിയ മാർകസ് റാഷ്ഫോഡ് അനായാസം വലകുലുക്കിയതോടെ യുനൈറ്റഡ് മുമ്പിലെത്തി. 58ാം മിനുറ്റിൽ സലാഹിന്‍റെ മറുപടി ഗോളുമെത്തിയതോടെ സ്കോർ വീണ്ടും തുല്യനിലയിൽ.
78ാം മിനുറ്റിൽ പെനൽറ്റി ബോക്സിന് തൊട്ടടുത്ത് നിന്നും എഡിസൺ കവാനിയെ ഫാബീഞ്ഞോ വീഴ്ത്തിയതിന് യുനൈറ്റഡിന് അനുകൂലമായി റഫറി ഫ്രീകിക്ക് വിളിച്ചു. കിക്കെടുക്കാനെത്തിയ യുനൈറ്റഡിന്‍റെ സ്റ്റാർ മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ് പോസ്റ്റിന്‍റെ ഇടതുമൂലയിലേക്ക് പന്തടിച്ചുകയറ്റിയതോടെ യുനൈറ്റഡ് വീണ്ടും മുമ്പിലെത്തി.
തുടർന്ന് വീണുകിട്ടിയ ഏതാനും അവസരങ്ങൾ ഗോളാക്കി മാറ്റാൻ സലാഹിനായില്ല. മറുഭാഗത്ത് കവാനിയുടെ ഉജ്ജ്വലഹെഡർ ലിവർപൂൾ പോസ്റ്റ്ബാറിൽ ഉടക്കി മടങ്ങി. മത്സരശേഷം യുനൈറ്റഡ് കോച്ച് ഒലേ സോൾഷ്യർ തലയുയർത്തി മടങ്ങിയപ്പോൾ എവിടെയാണ് ഇക്കുറിയും പിഴച്ചതെന്നറിയാതെയായിരുന്നു ലിവർപൂൾ കോച്ച് യുർഗൻ േക്ലാപ്പിന്‍റെ നിൽപ്പ്. കഴിഞ്ഞയാഴ്ച പ്രീമിയർ ലീഗിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.