മഞ്ചേരി: അഞ്ച് സന്തോഷ് ട്രോഫി, അഞ്ച് ഗോളുകൾ, അതിൽ എണ്ണം പറഞ്ഞ ഒരു ഹാട്രിക്, മഞ്ചേരി പുല്ലൂർ സ്വദേശി ഫിറോസ് കളത്തിങ്ങലിെൻറ 'സന്തോഷ'ക്കാലം ഇങ്ങനെ വിശേഷിപ്പിക്കാം. ഫുട്ബാളിനെ മലയോളം സ്നേഹിച്ച മലപ്പുറം 75ാമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിന് ചരിത്രത്തിലാദ്യമായി വേദിയാകുമ്പോൾ മഞ്ചേരിയിൽനിന്ന് ടൂർണമെൻറിനായി ആദ്യമായി ബൂട്ടണിഞ്ഞ ഫിറോസ് അനുഭവങ്ങൾ പങ്കുവെക്കുന്നു.
'എവർഗ്രീനി'ലൂടെ തുടക്കം
മഞ്ചേരി യതീംഖാന ഹയർ സെക്കൻഡറി സ്കൂളൂൽനിന്ന് പ്ലസ് ടു പൂർത്തിയാക്കിയതിന് ശേഷമാണ് കാൽപന്തിനെ കാര്യമായി എടുത്തത്. മഞ്ചേരി ബോയ്സ് സ്കൂളിലെ മൈതാനത്ത് പന്തുതട്ടുന്നതിനിടെ ഒട്ടേറെ കായിക പ്രതിഭകളെ ജില്ലക്ക് സമ്മാനിച്ച മഞ്ചേരി എൻ.എസ്.എസ് കോളജിലെ ഫിസിക്കൽ എജുക്കേഷൻ വകുപ്പ് മേധാവി ഡോ. പി.എം. സുധീർ കുമാർ ഫിറോസിെൻറ പ്രകടനം കാണാനിടയായി. എൻ.എസ്.എസ് കോളജിലേക്ക് അഡ്മിഷൻ ലഭിച്ചതോടെ ഫിറോസിെൻറ ഭാഗ്യവും തെളിഞ്ഞു. മഞ്ചേരി എവർഗ്രീൻ ഫുട്ബാൾ ക്ലബ്, എൻ.എസ്.എസ് കോളജ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി, വിവ കേരള, മലബാർ യുനൈറ്റഡ്, എസ്.ബി.ടി തുടങ്ങി പ്രമുഖ ക്ലബുകൾക്കടക്കം താരം പന്തുതട്ടി. ഒട്ടേറെ തവണ ജില്ല സീനിയർ ടീമിലും അംഗമായി. ഏഴ് തവണ ടീമിലിടം നേടിയപ്പോൾ അഞ്ച് തവണയും കിരീടം ജില്ലക്ക് സമ്മാനിച്ചു.
2009ൽ ആദ്യ സന്തോഷ് ട്രോഫി
2009ൽ കോട്ടയത്ത് നടന്ന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനമാണ് സന്തോഷ് ട്രോഫി ടീമിലേക്ക് വഴി തുറന്നത്. 22ാം വയസ്സിൽതന്നെ ആദ്യമായി സന്തോഷ് ട്രോഫിക്കായി ബൂട്ടുകെട്ടി. എൻ.പി. പ്രദീപ്, സുശാന്ത് മാത്യൂ, മരിച്ച ധനരാജ് തുടങ്ങി പ്രതിഭാധനരായ ടീമിനൊപ്പം കളിക്കാനും അന്ന് അവസരം ലഭിച്ചു. കോയമ്പത്തൂരിൽ നടന്ന ചാമ്പ്യൻഷിപ്പിൽ മഹാരാഷ്ട്രയോട് തോറ്റാണ് കേരളം പുറത്തായത്. ഇന്ത്യൻതാരം അനസ് എടത്തൊടിക അന്ന് മഹാരാഷ്ട്രക്കായി കളിച്ചിരുന്നു. തൊട്ടടുത്ത വർഷം പരിക്കുമൂലം അവസരം നഷ്ടമായി.
ബൈസിക്കിൾ ഹാട്രിക്
2011ലെ അസാമിൽ നടന്ന സന്തോഷ് ട്രോഫിയിലാണ് ഫിറോസിെൻറ കാലിൽനിന്ന് ആദ്യമായി ഹാട്രിക് പിറന്നത്. സബ് ആയി കളത്തിലിറങ്ങിയതിന് ശേഷമായിരുന്നു മൈതാനത്ത് ഫിറോസിെൻറ ആറാട്ട്. ഝാർഖണ്ഡിനെതിരെ മൂന്നാം ഗോൾ നേടിയതാകട്ടെ ബൈസിക്കിൾ കിക്കിലൂടെയും. ആ വർഷവും കിരീടം നേടാനായില്ലെങ്കിലും വ്യക്തിഗത നേട്ടത്തിലൂടെ ഫിറോസ് കായിക പ്രേമികളുടെ മനസ്സിൽ ഇടംപിടിച്ചു. 2012ൽ മൂന്നാം സ്ഥാനം നേടിയതാണ് കരിയർ ബെസ്റ്റ്. ആ വർഷവും ഒരു ഗോൾ നേടിയിരുന്നു. തൊട്ടടുത്ത് രണ്ട് വർഷങ്ങളിലും കാൽമുട്ടിലെ പരിക്ക് വില്ലനായപ്പോൾ ടീമിലിടം നേടാനായില്ല. 2015ലും 16ലും വീണ്ടും മടങ്ങിയെത്തി. 2016ൽ വൈസ് ക്യാപ്റ്റനാകാനും ഈ പൂല്ലൂർകാരന് അവസരം ലഭിച്ചു.
കേരളം കളറാക്കും
ഈ ചാമ്പ്യൻഷിപ്പിൽ കേരള ടീം മികച്ച കളിക്കാരുടെ സംഘമാണെന്നാണ് മുൻ താരം പറയുന്നത്. ജിജോ ജോസഫ് നയിക്കുന്ന ടീമിൽ അർജുൻ ജയരാജ്, ടി.കെ. ജസ്റ്റിൻ തുടങ്ങി യുവതാരങ്ങളാണ് അണിനിരക്കുന്നത്. കോച്ച് ബിനോ ജോർജ് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മികച്ച കളിക്കാരെയാണ് തെരഞ്ഞെടുത്തത്. കിരീടം നേടാൻ സാധ്യത കൂടുതലാണെന്നും ഫിറോസ് പറഞ്ഞു. കഴിഞ്ഞ 11 വർഷമായി കേരള പൊലീസിനായി കളിക്കുകയാണ്. ഒപ്പം എ.എസ്.ഐയായും സേവനം അനുഷ്ടിക്കുന്നു. ഭാര്യ സുമയ്യ. ഫാത്തിമ ഫഹ്മ, ഫാത്തിമ ഫഹ് വ, ഫാദി മുഹമ്മദ് എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.