സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഫിഫ 23 ടീം ഓഫ് ദി ഇയർ ചുരുക്കപ്പട്ടിക. ടീം ഓഫ് ദി ഇയർ എന്ന ആശയം വിഡിയോ ഗെയിം നിർമാതാക്കളായ ഇ.എ സ്‌പോർട്‌സ് 2009ൽ അവതരിപ്പിച്ചതിന് ശേഷം ആദ്യമായാണ് പട്ടികയിൽ പോർചുഗീസ് താരത്തിന്‍റെ പേരില്ലാത്തത്.
സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് റെക്കോഡ് തുകക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ അരങ്ങേറ്റ മത്സരത്തിനായി കാത്തിരിക്കുകയാണ്. 100 പേരുടെ ചുരുക്കപ്പട്ടികയാണ് പുറത്തുവിട്ടത്. പി.എസ്.ജി സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, കിലിയൻ എംബാപ്പെ, നെയ്മർ എന്നിവരെല്ലാം പട്ടികയിലുണ്ട്. വോട്ടിങ്ങിലൂടെയാണ് അന്തിമ ഇലവനെ തെരഞ്ഞെടുക്കുക. വിവിധ ക്ലബുകളിൽ നിന്നുള്ള നൂറു താരങ്ങളിൽനിന്ന് അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പ് ജനുവരി 17 വരെ നടക്കും.
19ന് ഇ.എ സ്‌പോർട്‌സ് അന്തിമ ഇലവൻ പ്രഖ്യാപിക്കും. 2009ലെ ടീം ഓഫ് ദി ഇയറിൽ ഇടംപിടിച്ചവരിൽ ക്രിസ്റ്റ്യാനോയെ കൂടാതെ, മെസ്സിയും സെർജിയോ റാമോസും മാത്രമാണ് ഇപ്പോൾ ഫുട്ബാളിൽ സജീവമായുള്ളത്. 2022ലെ ടീം ഓഫ് ദി ഇയറിലെ അന്തിമ ഇലവനിൽ റൊണാൾഡോയുണ്ടായിരുന്നില്ല. മെസ്സി, എംബാപ്പെ, റോബർട്ട് ലെവൻഡോവ്‌സ്‌കി എന്നീ താരങ്ങളുണ്ടായിരുന്നു.
ലിവർപൂളിന്റെ ഉറുഗ്വായ് താരം ഡാർവിൻ നുനെസ് പട്ടികയിൽ ആദ്യമായി ഇടംപിടിച്ചു. ഏഴു യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന താരങ്ങളിൽനിന്നാണ് 100 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്. പ്രീമിയർ ലീഗ് (30 താരങ്ങൾ), ലാ ലിഗ (21), സീരി എ (20), ബുണ്ടസ് ലീഗ (16), ലീഗ് വൺ (ഒമ്പത്), പോർചുഗൽ ലീഗ് (മൂന്ന്), ഡച്ച് ലീഗ് (ഒന്ന്) എന്നിങ്ങനെയാണ് ചുരുക്കപ്പട്ടികയിലെ താരങ്ങൾ.
മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽ മാഡ്രിഡ് ടീമുകളിൽനിന്നാണ് പട്ടികയിൽ ഏറ്റവും കൂടുതൽ താരങ്ങളുള്ളത്. എട്ടു വീതം താരങ്ങൾ. പട്ടികയിൽ 30 അറ്റാക്കർമാരും 35 മധ്യനിര താരങ്ങളും 25 പ്രതിരോധ താരങ്ങളും 10 ഗോൾകീപ്പർമാരും ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.