ദുബൈ: ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷനെ ഫിഫ വിലക്കിയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രി സീസൺ മത്സരങ്ങൾ റദ്ദാക്കി. യു.എ.ഇയിൽ ആഗസ്റ്റ് 20 മുതൽ 28 വരെ നടക്കേണ്ട മത്സരങ്ങളാണ് റദ്ദാക്കിയത്. പരിശീലകൻ ഇവാൻ വുകുമിനോവിചിന്‍റെ നേതൃത്വത്തിൽ 26 അംഗ സംഘം ദുബൈയിൽ എത്തിയ ശേഷമാണ് മത്സരങ്ങൾ റദ്ദാക്കിയത്.
ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളായ ദുബൈ അൽ നാസ്ർ ക്ലബ്, ദിബ്ബ എഫ്.സി, ഹത്ത ക്ലബ്ബ് എന്നിവക്ക് ഇത് സംബന്ധിച്ച് യു.എ.ഇ ഫുട്ബാൾ അസോസിയേഷൻ കത്ത് നൽകിയിരുന്നു. മത്സരം നടന്നില്ലെങ്കിലും ദുബൈയിലെ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി പരിശീലനം നടത്തുമെന്നും മാനേജ്മെന്റ് അറിയിച്ചു.
ആഗസ്റ്റ് 20ന് ദുബൈ അൽ മക്തൂം സ്റ്റേഡിയത്തിൽ അൽ നസ്ർ ക്ലബ്ബ്, 25ന് ഫുജൈറ ദിബ്ബ സ്റ്റേഡിയത്തിൽ ദിബ്ബ എഫ്.സി, 28ന് ഹത്ത സ്റ്റേഡിയത്തിൽ ഹത്ത ക്ലബ്ബ് എന്നിവർക്കെതിരെയാണ് മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. ഇതിനായുള്ള ടിക്കറ്റ് വിൽപന സജീവമായിരുന്നു. ആദ്യ മത്സരത്തിൽ 15,000, അടുത്ത മത്സരങ്ങളിൽ 10000, 5000 കാണികളെ വീതം പ്രവേശിപ്പിച്ച് മത്സരം നടത്താനായിരുന്നു പദ്ധതി. മത്സരം ഉപേക്ഷിച്ചതോടെ ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകുന്നതടക്കുമുള്ള നടപടികൾ സ്വീകരിക്കേണ്ടി വരും.
ബ്ലാസ്റ്റേഴ്സ് ടീം ബുധനാഴ്ച രാവിലെ 11.30ന് ദുബൈ വിമാനത്താവളത്തിൽ എത്തിയിരുന്നു. ക്ലബിന്‍റെ ഔദ്യോഗിക ഫാൻസ് വിഭാഗമായ മഞ്ഞപ്പട ഉൾപെടെ ആരാധകർ ആർപ്പുവിളിയോടെയാണ് ടീമിനെ വരവേറ്റത്. കഴിഞ്ഞ തവണ കൈയകലെ നഷ്ടമായ കിരീടം വീണ്ടെടുക്കാമെന്ന പ്രതീക്ഷയോടെ കടുത്ത പരിശീലനം ലക്ഷ്യമിട്ടാണ് ടീം എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.