സുരാകാർത്ത (ഇന്തോനേഷ്യ): അർജന്‍റീനയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ജർമനി അണ്ടർ 17 ലോകകപ്പ് ഫൈനലിൽ. നിശ്ചിത സമയത്ത് ഇരുടീമുകളും മൂന്നുഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. ഷൂട്ടൗട്ടിൽ 4-2 സ്കോറിനാണ് ജർമനിയുടെ ജയം.
ഇതിഹാസങ്ങളായ ഡീഗോ മറഡോണയുടെയും ലയണൽ മെസ്സിയുടെയും നാട്ടുകാർക്ക് അണ്ടർ 17 ലോക കിരീടത്തിനായി ഇനിയും കാത്തിരിക്കണം. ഇതുവരെ അർജന്‍റീന അണ്ടർ 17 ലോക കിരീടം നേടിയിട്ടില്ല. ഡിസംബർ രണ്ടിന് നടക്കുന്ന ഫൈനലിൽ ഫ്രാൻസാണ് ജർമനിയുടെ എതിരാളികൾ. പാരിസ് ബ്രണ്ണറിന്‍റെ ഇരട്ടഗോളിനു പുറമെ, ജർമനിക്കായി മാക്സ് മോർസ്റ്റെഡും വലകുലുക്കി. അർജന്‍റീനയുടെ മൂന്നു ഗോളും നേടിയത് അഗസ്റ്റിൻ റൂബർട്ടോയാണ്. എട്ടു ഗോളുമായി താരം ടൂർണമെന്‍റിലെ ടോപ് സ്കോററായി.
മത്സരത്തിന്‍റെ ഒമ്പതാം മിനിറ്റിൽ തന്നെ പാരിസ് ബ്രണ്ണറിലൂടെ ജർമനി ലീഡെടുത്തു. അഗസ്റ്റിൻ റൂബർട്ടോയിലൂടെ 36ാം മിനിറ്റിൽ അർജന്‍റീന ഒപ്പമെത്തി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ (45+ 4) റൂബെർട്ടയുടെ ഗോളിലൂടെ അർജന്‍റീന മത്സരത്തിൽ മുന്നിലെത്തി. രണ്ടാം പകുതിയിൽ ജർമനി കളംപിടിക്കുന്നതാണ് കണ്ടത്. ഒടുവിൽ ഫലവും കണ്ടു. 58ാം മിനിറ്റിൽ അർജന്‍റീനൻ ഗോളി ഫ്ലോറന്റൈൻ വരുത്തിയ പിഴവാണ് ഗോളിലെത്തിയത്.
ഗോൾകീപ്പർ ക്ലിയർ ചെയ്ത പന്ത് വന്നുവീണത് പാരിസ് ബ്രണ്ണറിന്‍റെ മുന്നിൽ. താരം അതിവേഗം പന്ത് വലയിലാക്കി. 69ാം മിനിറ്റിൽ ജർമനിയുടെ മൂന്നാം ഗോളിന് വഴിയൊരുക്കിയതും അർജന്‍റീന പ്രതിരോധത്തിലെ പിഴവാണ്. അവസരം മുതലെടുത്ത മാക്സ് മോർസ്റ്റെഡ് ഹെഡറിലൂടെ പന്ത് വലയിലാക്കി. സമനില ഗോളിനായി അർജന്‍റീന ആക്രമണം കടുപ്പിച്ചെങ്കിലും നീക്കങ്ങളെല്ലാം ജർമനിയുടെ പ്രതിരോധത്തിൽതട്ടി വിഫലമായി. ജർമനി ജയത്തിലേക്കെന്ന് ഉറപ്പിച്ചിരിക്കെ, രണ്ടാം പകുതിയുടെ ഇൻജുറി ടൈമിന്‍റെ അവസാന മിനുറ്റികളിൽ (90+7ാം മിനിറ്റിൽ) അഗസ്റ്റിൻ റൂബെർട്ട അർജന്‍റീനക്കായി മൂന്നാമതും ലക്ഷ്യംകണ്ടു. താരത്തിന് ഹാട്രിക്കും.
ജർമനിയുടെ പെനാൽറ്റി ബോക്സിനു സമീപത്തുനിന്ന് പന്ത് സ്വീകരിച്ച അർജന്‍റീന നായകൻ എച്ചവേരി റൂബർട്ടോക്ക് മനോഹരമായൊരു ത്രൂബാൾ നൽകി. ഒരു സ്ലൈഡിങ് ഫിനിഷിലൂടെ റൂബർട്ടോ പന്ത് ലക്ഷ്യത്തിലെത്തിച്ചു. പിന്നാലെ മത്സരം നേരെ ഷൂട്ടൗട്ടിലേക്ക്. ജർമനിക്കായി എറിക് ഡാ സിൽവ, റോബർട്ട് റാംസക്, ഫൈസൽ ഹർചൗയി, ബ്രണ്ണർ എന്നിവർ ലക്ഷ്യം കണ്ടു. എന്നാൽ, അർജന്‍റീനയുടെ ഫ്രാങ്കോ മസ്താന്റുവോനോ, എച്ചവേരി എന്നിവരുടെ ഷോട്ടുകൾ ജർമൻ ഗോളി തടുത്തിട്ടു. 4-2ന് ജർമനി ഫൈനലിലേക്ക്.
സുരാകാർത്തയിലെ മനാഹൻ മൈതാനത്ത് ഒരേ മികവിൽ കളി നയിച്ച ആഫ്രിക്കൻ കരുത്തരായ മാലിയെ 2-1ന് കടന്നാണ് ഫ്രാൻസ് കലാശപ്പോരിലേക്ക് ടിക്കറ്റുറപ്പിച്ചത്. പൊസഷനിലും ഗോളവസരങ്ങളിലും മുന്നിൽനിന്ന മാലിയെ പിടിച്ചുകെട്ടിയായിരുന്നു ഫ്രഞ്ച് വിജയം. ഇബ്രാഹിം ഡിയാറയിലൂടെ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ലീഡ് പിടിച്ച മാലിയെ ഞെട്ടിച്ച് യുവാൻ ടിറ്റിയും ഇസ്മായിൽ ബൂനിബുമാണ് ഫ്രാൻസിനായി ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.