ദോഹ: യൂറോപ്പിന്റെ ഉയരക്കാരും ആഫ്രിക്കയുടെ കരുത്തരും നിർണായക മത്സരത്തിൽ നേർക്കുനേർ വന്നപ്പോൾ അൽജനൂബ് സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയവർക്ക് ലഭിച്ചത് ത്രില്ലിങ് നിമിഷങ്ങൾ. കൊണ്ടും കൊടുത്തും അവസരങ്ങൾ സൃഷ്ടിച്ചും നഷ്ടപ്പെടുത്തിയും മുന്നേറിയ മത്സരം തുല്യനിലയിൽ കലാശിക്കുകയായിരുന്നു (3-3). ആദ്യ മത്സരത്തിൽ തോൽവിയറിഞ്ഞ ഇരു ടീമുകളും നിർണായകമായ ഒരു പോയന്റ് പങ്കിട്ടാണ് മത്സരം അവസാനിപ്പിച്ചത്.
മത്സരത്തിന്റെ 29ാം മിനിറ്റിൽ ഗാലറിയിൽ തടിച്ചുകൂടിയ കാമറൂൺ ആരാധകരിൽ ഉത്സവമേളമൊരുക്കി ജോൺ കാസ്റ്റല്ലട്ടോയാണ് ആദ്യ ഗോൾ നേടിയത്. കോർണർകിക്കിൽ നിന്നായിരുന്നു കാമറൂൺ കാത്തിരുന്ന ഗോളെത്തിയത്. ചോപ്പോ മോട്ടിങ്ങിന്റെ തലയിരുരസി വീണ പന്ത് അവസരം നോക്കി നിന്ന കാസ്റ്റല്ലട്ടോ വലയിലേക്ക് തിരിച്ചുവിട്ടു. തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ കുറിച്ച കാസ്റ്റല്ലോട്ടയുടേത് 2014 ന് ശേഷം കാമറൂൺ കുറിച്ച ആദ്യ ലോകകപ്പ് ഗോൾ കൂടിയായി.
മറുപടിഗോളിനായുള്ള സെർബിയയുടെ ശ്രമങ്ങൾക്ക് ഇടവേളക്ക് തൊട്ടുമുമ്പ് ഫലമെത്തി. ദുസൻ ടാഡിച് നൽകിയ ക്രോസിന് കാമറൂൺ പെനൽറ്റി ബോക്സിൽ മാർക്ക് ചെയ്യാതെനിന്ന പാേവ്ലാവിച് തലവെച്ചു. കാമറൂണിന്റെ ഹൃദയം തുളച്ച് വലയുടെ ഇടതുഭാഗത്തേക്ക് പന്ത് പറന്നിറങ്ങി. സമനില ഗോളിന്റെ ഞെട്ടൽ മാറും മുമ്പേ രണ്ടാം മിനുറ്റിന് ശേഷം കാമറൂണിനെ വിഷമത്തിലാക്കി സെർബിയയുടെ രണ്ടാം ഗോളെത്തി. പെനൽറ്റി ബോക്സിന് വെളിയിൽ നിന്നും മിലുൻകോവിച് തൊടുത്ത ഷോട്ട് കാമറൂൺ ഗോൾകീപ്പറെയും മറികടന്ന് വലയിലേക്ക്. വീണുകിട്ടിയ അധികസമയത്തെ ഫലപ്രദമായി മുതലെടുത്ത സന്തോഷത്തിലാണ് സെർബിയ ആദ്യപകുതി അവസാനിപ്പിച്ചത്.
ഒരു ഗോളിന് പിന്നിലായതോടെ ആടിയുലഞ്ഞ കാമറൂണിനെ സെർബിയ ഓവർടേക്ക് ചെയ്യുന്ന നിമിഷങ്ങൾക്കായിരുന്നു രണ്ടാം പകുതിയുടെ ആദ്യ നിമിഷങ്ങൾ സാക്ഷ്യം വഹിച്ചത്. 53ാം മിനിറ്റിൽ ഒന്നിച്ചുമുന്നേറിയ സെർബിയൻ പട മൂന്നാംഗോൾ നേടി. സുന്ദരമായ ടീം ഗെയിമിനൊടുവിൽ സൂപ്പർ താരം അലക്സാണ്ടർ മിത്രോവിചാണ് സെർബിയക്കായി വലകുലുക്കിയത്.
സ്കോർ 3-1 എന്ന നിലയിലായതോടെ ഹോംഗ്‍ലയെ പിൻവലിച്ച് വിൻസന്റ് അബൂബക്കറിനെ കാമറൂൺ കോച് റിഗോബേർട്ട് സോങ് കളത്തിലിറക്കി. സോങ്ങിന്റെ തീരുമാനം ശരിയായിരുന്നുവെന്നതിന് പിന്നീടുള്ള നിമിഷങ്ങൾ സാക്ഷി. 64ാം മിനിറ്റിൽ സെർബിയൻ പ്രതിരോധ നിരയിലൂടെ നൂഴ്ന്നിറങ്ങിയ അബൂബക്കർ സുന്ദരമായ ചിപ് ഷോട്ടിലൂടെ വലകുലുക്കി കാമറൂണിന്റെ തിരിച്ചുവരവിന് പെരുമ്പറ കൊട്ടി. ഓഫ്സൈഡ് കൊടിയുയർന്നെങ്കിലും വാർ ചെക്കിങ്ങിൽ റഫറി ഗോൾ വിധിക്കുകയായിരുന്നു. രണ്ടുമിനിറ്റിനുള്ളിൽ അബൂബക്കർ നൽകിയ അളന്നുമുറിച്ച പാസ് സെർബിയൻ വലയിലെത്തിച്ച് ചൂപ്പോ മോട്ടിംഗ് കാമറൂണിനെ ആവേശത്തിലാറാടിച്ചു. സ്കോർ (3-3). വിജയഗോളിനായി സെർബിയ പൊരുതിനോക്കിയെങ്കിലും വീര്യമേറി വന്ന കാമറൂൺ പടയെ തടുത്തുനിർത്താനായില്ല. അവസാന നിമിഷങ്ങളിൽ വീണുകിട്ടിയ അവസരങ്ങൾ മിത്രാവിച്ചിന് ലക്ഷ്യത്തിലേക്ക് എത്തിക്കാനാകാതെ വന്നതും വിനയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.