അബഹയിൽ നടന്ന ഫിഫ ലോകകപ്പ്, ഏഷ്യൻ കപ്പ്​ യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇന്ത്യ-അഫ്ഗാൻ പോരാട്ടത്തിൽ നിന്ന്

ഫിഫ ലോകകപ്പ്, ഏഷ്യൻ കപ്പ്​ യോഗ്യത മത്സരം; ഇന്ത്യ-അഫ്ഗാൻ പോരാട്ടം ഗോൾരഹിത സമനിലയിൽ

ജിദ്ദ: ഫിഫ ലോകകപ്പ്, ഏഷ്യൻ കപ്പ്​ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യ-അഫ്ഗാൻ പോരാട്ടം ഗോൾരഹിത സമനിലയിൽ കലാശിച്ചു. വെള്ളിയാഴ്ച സൗദിയിലെ അബഹയിലുള്ള ഡമാക് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ വല കുലുക്കാൻ കഴിഞ്ഞില്ല. കളിയുടെ തുടക്കത്തിൽ മധ്യനിരയിൽ ഇരു ടീമുകളും നന്നായി കളിച്ചു. ആധിപത്യം ഉറപ്പിക്കാൻ അഫ്ഗാനിസ്ഥാൻ അവരുടെ വേഗവും ശാരീരികക്ഷമതയും ഉപയോഗിക്കാൻ നോക്കിയെങ്കിലും ഇന്ത്യയുടെ ഒരുമയോടെയുള്ള പാസിംഗ് ഗെയിമിൽ അവരുടെ ശ്രമം വിജയിച്ചില്ല. കഴിഞ്ഞ ജനുവരിയിൽ ഇന്ത്യൻ സീനിയർ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച വിക്രം പ്രതാപ് സിംഗും മികച്ച ഫോമിലായിരുന്ന മൻവീർ സിഗും അഫ്ഗാനിസ്ഥാൻ താരങ്ങളെ ഏറെ വെള്ളം കുടിപ്പിച്ചു.

ആദ്യ പകുതിയിൽ കാര്യമായ കളി കാഴ്ചവെക്കാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം പകുതിയിൽ ഇന്ത്യൻ മധ്യനിര പതുക്കെ നിയന്ത്രണം ഉറപ്പിക്കാൻ തുടങ്ങി. ഇതിനിടയിൽ അഫ്ഗാനിസ്ഥാൻ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും എല്ലാം പാഴായിപ്പോയി. രണ്ടാം പകുതിയിൽ വിക്രം പ്രതാപും ഇന്ത്യക്കനുകൂലമായി ലഭിച്ച അവസരങ്ങൾ നഷ്ടപ്പെടുത്തി. മത്സരം അവസാനിക്കാൻ കാൽ മണിക്കൂർ ശേഷിക്കെ ഇന്ത്യൻ ടീമംഗങ്ങളിൽ നിരവധി മാറ്റങ്ങൾ കോച്ച് ഇഗോർ സ്റ്റിമാക്ക് പരീക്ഷിച്ചെങ്കിലും അഫ്ഗാൻ പ്രതിരോധത്തിന് മുമ്പിൽ ഇന്ത്യൻ ടീമിന് ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. ഇഞ്ചുറി സമയവും കഴിഞ്ഞു റഫറി അവസാന വിസിൽ മുഴക്കുന്നത് വരെ ഇരു ടീമുകൾക്കും തങ്ങളുടെ എതിരാളികളുടെ വലകുലുക്കാൻ കഴിഞ്ഞില്ല.

ആവേശകരമായ ഈ മത്സരം നേരിൽ കാണാൻ സൗദി പടിഞ്ഞാറൻ മേഖലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും മലയാളികളായ ഫുട്ബാൾ പ്രേമികൾ അബഹയിലേക്ക് ഒഴുകിയെത്തിയിരുന്നു. ഇന്ത്യൻ ടീമിലെ ഏക മലയാളി സാന്നിധ്യം സഹൽ അബ്​ദുൽ സമദിന്റെ കളി കൂടി പ്രതീക്ഷിച്ചെത്തിയ ഫുട്ബാൾ പ്രേമികൾ ഏറെ നിരാശയോടെയാണ് കളം വിട്ടത്. നേരത്തെയുള്ള കളികളിൽ പരിക്കേറ്റ സഹൽ അബ്​ദുൽ സമദിനെ കോച്ച് അബഹയിലെ മത്സരത്തിൽ കളിക്കളത്തിൽ ഇറക്കിയിരുന്നില്ല.

 

വെള്ളിയാഴ്ചയിലെ മത്സരം അവസാനിച്ചപ്പോൾ ഫിഫ റാങ്കിംഗിൽ 117-ാം സ്ഥാനത്തുള്ള ഇന്ത്യ മൂന്ന് പോയിൻ്റുള്ള കുവൈത്തിനെ പിന്തള്ളി മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റുമായി ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ലോക 158-ാം റാങ്കുകാരായ അഫ്ഗാനിസ്ഥാൻ ഒരു പോയിൻ്റുമായി നാലു ടീമുകളുള്ള ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്. മാർച്ച് 26 ന് ഗുവാഹത്തിയിൽ നടക്കുന്ന ഫിഫ ലോകകപ്പ്, ഏഷ്യൻ കപ്പ്​ യോഗ്യത മത്സരത്തിൽ ഇന്ത്യൻ ടീം വീണ്ടും അഫ്ഗാനിസ്ഥാനുമായി കളിക്കും.

Tags:    
News Summary - FIFA World Cup 2026 AFC qualifiers: India vs Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.