ജിദ്ദ: 2026ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിലേക്കും 2027ൽ സൗദിയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ടൂർണമെൻറിലേക്കുമുള്ള സംയുക്ത യോഗ്യതമത്സരത്തിന്റെ രണ്ടാം റൗണ്ടിൽ ഇന്ത്യ, അഫ്ഗാനിസ്താനെ നേരിടും. ഈ മാസം 21ന് (വ്യാഴാഴ്ച) രാത്രി 10ന് അബഹയിലെ ‘ദമാക് മൗണ്ടെയ്ൻ’ എന്നറിയപ്പെടുന്ന അമീർ സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ ടീം ഇക്കഴിഞ്ഞ വെള്ളിയാഴ്ച അബഹയിൽ എത്തിയിട്ടുണ്ട്.
ഇന്ത്യ, കുവൈത്ത്, ഖത്തർ, അഫ്ഗാനിസ്താൻ എന്നിവരടങ്ങിയ ‘എ ഗ്രൂപ്പി’ൽ നിലവിൽ ഇന്ത്യക്കും കുവൈത്തിനും മൂന്ന് പോയന്റ് വീതമുണ്ട്. ആറു പോയൻറുമായി ഖത്തറാണ് ഗ്രൂപ്പിൽ മുന്നിട്ടുനിൽക്കുന്നത്. രണ്ടു മത്സരങ്ങളിലും പരാജയമേറ്റുവാങ്ങിയ അഫ്ഗാനിസ്താന് നിലവിൽ പോയൻറ് ഒന്നുമില്ല. യോഗ്യത റൗണ്ടിന്റെ ഇന്ത്യയിൽ നടന്ന ഉദ്ഘാടനമത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഖത്തറിനോട് പരാജയപ്പെട്ടിരുന്നു. എന്നാൽ, കുവൈത്തിൽ നടന്ന മത്സരത്തിൽ കുവൈത്തിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ പരാജയപ്പെടുത്തി. എന്നാൽ, മൊത്തം ഗോൾ വ്യത്യാസത്തിൽ കുവൈത്താണ് ഇന്ത്യയേക്കാൾ മുന്നിൽ നിൽക്കുന്നത്.
കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന എ.എഫ്.സി ഏഷ്യൻ കപ്പിൽ ആസ്ട്രേലിയയോടും ഉസ്ബകിസ്താനോടും സിറിയയോടും ഏറ്റുമുട്ടി ഒരൊറ്റ ഗോൾപോലും നേടാനാകാതെ നാണംകെട്ട് തിരിച്ചുപോരേണ്ടിവന്ന ഇന്ത്യൻ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ കീഴിൽ നിലവിൽ തങ്ങളുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.