ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങൾ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച് ടിക്കറ്റുകൾ സ്വന്തമാക്കാൻ ആരാധകർക്ക് ഇന്നു മുതൽ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയിൽ ഖത്തർ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും. FIFA.com/tickets എന്ന ഓൺലൈൻ വഴിയാവും ടിക്കറ്റുകൾ ലഭിക്കുക. ലോകകപ്പ് ഫൈനൽ ദിവസമായ ഡിസംബർ 18 വരെ ഈ ഘട്ടത്തിലെ വിൽപന തുടരുമെന്ന് ഫിഫ അറിയിച്ചു. കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല് വിഭാഗങ്ങളിലായി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. നാലാം കാറ്റഗറി ടിക്കറ്റ് ഖത്തർ റെസിഡന്‍റ്സിനു മാത്രമായി നീക്കിവെച്ചതാണ്. നേരത്തേ എടുത്ത ടിക്കറ്റുകൾ വിൽക്കാനും ആവശ്യക്കാർക്ക് സ്വന്തമാക്കാനുമുള്ള പുനർവിൽപന പ്ലാറ്റ്ഫോം ഒക്ടോബറിൽ ആരംഭിക്കും.
ഇതുവരെ 24.5 ലക്ഷം മാച്ച് ടിക്കറ്റുകളാണ് സംഘാടകർ വിറ്റത്. ജൂലൈ അഞ്ചിന് ആരംഭിച്ച 40 ദിവസത്തിലേറെ നീണ്ടുനിന്ന മൂന്നാം ഘട്ടത്തിൽ മാത്രം 5.20 ലക്ഷം ടിക്കറ്റുകൾ ആരാധകർ സ്വന്തമാക്കിയിരുന്നു. ആതിഥേയരായ ഖത്തറിൽനിന്നാണ് ടിക്കറ്റിന് ഏറ്റവും ആവശ്യക്കാരുണ്ടായത്. അമേരിക്ക, ഇംഗ്ലണ്ട്, സൗദി അറേബ്യ, മെക്സികോ, യു.എ.ഇ, ഫ്രാൻസ്, അർജന്‍റീന, ബ്രസീൽ, ജർമനി എന്നിവരാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റു രാജ്യങ്ങൾ. ഗ്രൂപ് റൗണ്ടിലെ മത്സരങ്ങളായ കാമറൂൺ-ബ്രസീൽ, ബ്രസീൽ-സെർബിയ, പോർചുഗൽ-ഉറുഗ്വായ്, കോസ്റ്ററീക-ജർമനി, ആസ്ട്രേലിയ-ഡെന്മാർക് എന്നീ മത്സരങ്ങൾക്ക് അവസാന ഘട്ടത്തിൽ ആവശ്യക്കാർ ഏറെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.