ബെർലിൻ: യൂറോ കപ്പ് ഏറ്റവുമധികം തവണ നേടിയ ടീമെന്ന റെക്കോഡ് ഒറ്റക്ക് സ്വന്തമാക്കാനൊരുങ്ങുന്ന സ്പെയിനിന് ഇംഗ്ലീഷ് വെല്ലുവിളി. കന്നിക്കിരീടം തേടിയിറങ്ങുന്ന ഇംഗ്ലണ്ടാണ് മൂന്ന് പ്രാവശ്യം ചാമ്പ്യന്മാരായ സ്പാനിഷ് ചെമ്പടയെ ഫൈനലിൽ നേരിടുന്നത്. മൂന്ന് തവണ വീതം ജേതാക്കളായവരാണ് സ്പെയിനും ജർമനിയും. ഇംഗ്ലണ്ടാവട്ടെ 2020ൽ ആദ്യമായി ഫൈനലിലെത്തിയെങ്കിലും ഇറ്റലിയോട് തോറ്റു. ബെർലിൻ ഒളിമ്പ്യ സ്റ്റേഡിയത്തിൽ ജൂലൈ 14ന് രാത്രിയാണ് കലാശപ്പോര്.
കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമി ഫൈനലിൽ നെതർലൻഡ്സിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചാണ് ഇംഗ്ലീഷുകാർ തുടർച്ചയായ രണ്ടാം തവണയും ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. സമ്മിശ്ര പ്രകടനങ്ങളുമായി ഇക്കുറി അവസാന നാലിലേക്ക് കയറിയ ഹാരി കെയ്നിന്റെയും സംഘത്തിന്റെയും ഒത്തിണക്കത്തോടെയുള്ള നീക്കങ്ങൾക്ക് സാക്ഷ്യം വഹിച്ചു സെമിയിലെ ഒന്നാം പകുതി. ഏഴാം മിനിറ്റിൽത്തന്നെ ഗോൾ നേടി ഡച്ചുകാർ എതിരാളികളെ ഞെട്ടിച്ചെങ്കിലും ആ മികവ് ഓറഞ്ച് പടക്ക് ആവർത്തിക്കാനായില്ല.
ഇംഗ്ലീഷ് താരം ഡെക്ലാൻ റൈസിൽനിന്ന് പന്തു തട്ടിയെടുത്ത് മുന്നേറിയ സാവി സിമോൺസ് ബോക്സിനു തൊട്ടുമുന്നിൽനിന്ന് തൊടുത്ത ലോങ് റേഞ്ച് ബുള്ളറ്റ് ഷോട്ട് ഗോൾ കീപ്പർ ജോർദാൻ പിക്ഫോർഡിനെയും കീഴ്പ്പെടുത്തി വലയിലാവുകയായിരുന്നു.
മുറിവേറ്റ ഇംഗ്ലീഷ് സംഘം ഉണർന്നുകളിച്ചതോടെ കഥ മാറി. 18ാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ അവർ സമനില പിടിച്ചു. ബോക്സിനുള്ളിൽ കെയ്നിന്റെ ഷോട്ടിൽ നെതർലൻഡ്സ് താരം ഡെൻസൽ ഡംഫ്രീസ് ഫൗളിന് ശ്രമിച്ചതിനാണ് റഫറി ഇംഗ്ലണ്ടിന് അനുകൂലമായി വാർ പരിശോധനയിൽ പെനാൽറ്റി വിധിച്ചത്. കെയ്ൻ കിക്കെടുത്തപ്പോൾ പന്തിന്റെ ദിശയിലേക്കുതന്നെ ഡച്ച് ഗോൾ കീപ്പർ ബാർട്ട് വെർബ്രഗ്ഗൻ ചാടിയെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതിയിൽ പക്ഷേ പ്രതിരോധത്തിലൂന്നിയാണ് ഇരുടീമും കളിച്ചത്. മത്സരം അധികസമയത്തേക്ക് കടക്കുമെന്ന ഉറപ്പിച്ചിരിക്കെ പകരക്കാരൻ ഓലി വാക്കിൻസ് രക്ഷകനായി. മറ്റൊരു പകരക്കാരൻ പാൾമർ ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് ഒരു കിടിലൻ ഷോട്ടിലൂടെ വാറ്റ്കിൻസ് വലയിലാക്കി.
അർജന്റീന Vs കൊളംബിയ
മയാമി: കോപ്പ അമേരിക്ക ഫുട്ബാളിൽ ഏറ്റവുമധികം തവണ ജേതാക്കളായ ടീമെന്ന റെക്കോഡ് ഉറുഗ്വായിക്കൊപ്പം പങ്കിടുന്ന അർജന്റീനക്ക് അത് ഒറ്റക്ക് സ്വന്തം പേരിലാക്കാൻ സുവർണാവസരം. 15 തവണയാണ് ഇരു ടീമും കപ്പടിച്ചത്. 2001ൽ മാത്രം ചാമ്പ്യന്മാരായ കൊളംബിയ തേടുന്നത് രണ്ടാമത്തെ കിരീടവും. ജൂലൈ 15ന് ഇന്ത്യൻ സമയം പുലർച്ച 5.30ന് അർജന്റീനയും കൊളംബിയയും നേർക്കുനേർ പോരിനിറങ്ങുമ്പോൾ മത്സരം തീപാറുമെന്നുറപ്പ്. ഫൈനലിനായി ലയണൽ മെസ്സിയും സംഘവും മയാമിയിൽ എത്തിക്കഴിഞ്ഞു. 16ാം കിരീടം ചൂടി, വിരമിക്കുന്ന എയ്ഞ്ചൽ ഡി മരിയക്ക് ഊഷ്മള യാത്രയയപ്പ് നൽകാനാണ് നിലവിലെ ജേതാക്കളായ അർജന്റീനയുടെ പുറപ്പാട്. കഴിഞ്ഞ 62 മത്സരങ്ങളിൽ 60ലും ജയിച്ചാണ് അവരെത്തുന്നത്. കോപയിൽ തുടർച്ചയായ 11 മത്സരം നേടിക്കഴിഞ്ഞു. ഗ്രൂപ് ഘട്ടത്തിൽ കാനഡയെ 2-0ത്തിനും ചിലിയെ 1-0ത്തിനും പെറുവിനെ 2-0ത്തിനും തോൽപിച്ച് ക്വാർട്ടറിലേക്ക് മുന്നേറിയ മെസ്സിപ്പട എക്വഡോറിനോട് 1-1ന് സമനില പിടിച്ചശേഷം പെനാൽറ്റി ഷൂട്ടൗട്ടിന്റെ നൂൽപാലത്തിലാണ് സെമിയിലെത്തിയത്. എന്നാൽ, സെമിയിൽ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി അന്തിമ പോരിന് യോഗ്യരാവുകയും ചെയ്തു.
ലോകചാമ്പ്യന്മാരെ എതിരിടാൻ കൊളംബിയ ഇറക്കുന്നത് കരുത്തൻ നിരയെയാണ്. 2001ന് മുമ്പ് 1975ൽ മാത്രമാണ് ടീം ഫൈനലിലെത്തിയിരുന്നത്. ആദ്യ കിരീടം നേടി 23 വർഷത്തെ ഇടവേളക്കുശേഷം വീണ്ടും കിരീടപ്പോരിനിറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും അവർ ലക്ഷ്യമിടുന്നില്ല. കരുത്തുറ്റ കളിക്കാരുണ്ടായിട്ടും കോപ്പയിൽ അർജന്റീനയുടെയും ബ്രസീലിന്റെയും ഉറുഗ്വായിയുടെയുമെല്ലാം നിഴലിലൊതുങ്ങുന്ന കൊളംബിയ ആ പേരുദോഷം മാറ്റലും ലക്ഷ്യമിടുന്നു. 2022 ഫെബ്രുവരിയിൽ അർജന്റീനയോട് തോറ്റശേഷം രണ്ടു വർഷത്തിലേറെയായി 28 മത്സരങ്ങളിൽ പരാജയമറിയാതെയാണ് കൊളംബിയ എത്തുന്നതെന്നത് അർജന്റീനക്ക് കാര്യങ്ങൾ കടുപ്പമാക്കും. ഇടവേളക്കുശേഷം ടീമിൽ നായകന്റെ റോളിൽ തിരിച്ചെത്തിയ ജെയിംസ് റോഡ്രിഗസിന്റെ തകർപ്പൻ പ്രകടനം അവരുടെ മുന്നേറ്റത്തിൽ നിർണായകമായിരുന്നു. ടൂർണമെന്റിൽ ആറ് അസിസ്റ്റുമായി മെസ്സിയുടെ റെക്കോഡ് മറികടന്ന താരം ഒരു ഗോളും സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.