റിയാദ്: ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപെയെ വലയിലാക്കാൻ സൗദി ക്ലബായ അൽ ഹിലാൽ ശ്രമങ്ങൾ ആരംഭിച്ചിട്ട് മാസങ്ങളായി. എംബാപെയുടെ കാര്യത്തിൽ തീരുമാനമായില്ലെങ്കിലും അദ്ദേഹത്തിന്റെ അപരനെ സ്വന്തമാക്കിയ അൽഹിലാലിന്റെ ട്വീറ്റാണ് ഇപ്പോൾ വൈറലാകുന്നത്.
നൈജീരിയൻ ബാസ്കറ്റ്ബാൾ താരം ജിയാനിസ് ആന്ററ്റോകൗൺപോയാണ് വാർത്തയിലെ താരം. അൽഹിലാലേക്കുള്ള എംബാപെയുടെ കൂടുമാറ്റ അഭ്യൂഹങ്ങൾ പടരുന്നതിനിടെ "അൽ ഹിലാൽ നിനക്ക് എന്നെ കൊണ്ടുപോകാം. ഞാൻ കിലിയൻ എംബാപെയെപ്പോലെയാണ്,"എന്നായിരുന്നു ആന്ററ്റോകൗൺപോ ജൂലൈ 25 ന് ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് ചിരി ഇമോജിയിട്ട് പങ്കുവെച്ച് സാക്ഷാൽ കിലിയൻ എംബാപെ പ്രതികരിച്ചതോടെയാണ് ജിയാനിസ് ആന്ററ്റോകൗൺപോ താരമാകുന്നത്.
എന്നാൽ മൂന്നാഴ്ചക്ക് ശേഷം അൽഹിലാൽ ആന്ററ്റോകൗൺപോയുടെ രസകരമായ ചോദ്യത്തിന് മറുപടി നൽകി. ജിയാനിസ് ആന്ററ്റോകൗൺപോയുടെ പേരിലുള്ള ജഴ്സികൾ പുറത്തിറക്കിയാണ് ജിയാനിസിനെ ഞെട്ടിച്ചത്. "ജിയാനിസ്..അൽഹിലാൽ കുടുംബത്തിലേക്ക് സ്വാഗതം" എന്ന ക്യാപ്ഷനോടെ ആന്ററ്റോകൗൺപോ എന്നെഴുതിയ 34ാം നമ്പർ ജഴ്സി പ്രദശിപ്പിച്ചായിരുന്നു പോസ്റ്റ്.
എംബാപെക്കായി നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ലെങ്കിലും ബ്രസീൽ സൂപ്പർ താരം നെയ്മറെ സ്വന്തമാക്കിയ അൽഹിലാലാണ് ഇപ്പോൾ സൗദി പ്രൊ ലീഗിലെ ശ്രദ്ധാകേന്ദ്രം. ശനിയാഴ്ച നെയ്മറുടെ അരങ്ങേറ്റം വൻ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് അൽഹിലാലും ആരാധകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.