ലണ്ടൻ: നാണക്കേടിെൻറ നീണ്ട ഇടവേള പിന്നിട്ട് തകർപ്പൻ തിരിച്ചുവരവുമായി പ്രിമിയർ ലീഗ് ചാമ്പ്യന്മാർ. കരുത്തരായ ടോട്ടൻഹാം ഹോട്സ്പറിനെ ഒന്നിനെതിരെ മൂന്നു ഗോളിന് വീഴ്ത്തിയാണ് ലിവർപൂൾ ജയമില്ലാത്ത അഞ്ചു കളികൾക്ക് ശേഷം പ്രിമിയർ ലീഗിൽ വിജയവും ആദ്യ നാലിൽ ഇടവും ഉറപ്പിച്ചത്. കണങ്കാലിന് പരിക്കേറ്റ് ഹോട്സ്പർ സൂപർ താരം ഹാരി കെയ്ൻ ആദ്യ പകുതിയിൽ മടങ്ങിയ മത്സരത്തിൽ അസാധ്യ പ്രകടനവുമായാണ് റോബർട്ടോ ഫർമീനോയും സാദിയോ മാനേയും മുന്നിൽനിന്ന് നയിച്ച സംഘം അനായാസ ജയം തൊട്ടത്.
ഗോളടിക്കാൻ മറന്ന് ലീഗിൽ നിരവധി മത്സരങ്ങളും 482 മിനിറ്റും പൂർത്തിയാക്കിയതിനൊടുവിൽ ഇന്നലെ ഒന്നാം പകുതിയുടെ അവസാന മിനിറ്റിൽ റോബർട്ടോ ഫർമീനോയാണ് ലിവർപൂളിെൻറ ഗോൾവരൾച്ച അവസാനിപ്പിച്ചത്. ഹോട്സ്പർ നിരയിൽ എറിക് ഡയറും ഗോളി ഹ്യൂഗോ ലോറിസും തമ്മിലെ ആശയക്കുഴപ്പം മുതലെടുത്തായിരുന്നു ബ്രസീൽ താരത്തിെൻറ സൂപർ ഗോൾ. രണ്ടാം പകുതി തുടങ്ങി രണ്ടു മിനിറ്റ് കഴിഞ്ഞ് പിന്നെയും ലോറിസ് വരുത്തിയ പിഴവ് ലിവർപൂളിന് അനുഗ്രഹമായി. സാദിയോ മാനെയുടെ അപകടകരമല്ലാത്ത ഷോട്ട് ഫ്രഞ്ച് ഗോളി ലോറിസ് തടുത്തിട്ടത് തളികയിലെന്ന പോലെ ലഭിച്ചത് ലിവർപൂൾ റൈറ്റ് ബാക്ക് അലക്സാണ്ടർ ആർണൾഡിെൻറ കാലുകളിൽ. അനായാസം വലയിലെത്തിച്ച ആർണൾഡ് ലിവർപൂൾ ലീഡ് രണ്ടാക്കി ഉയർത്തി. വൈകാതെ പിയറി എമിലി ഹോജ്ബർഗിലൂടെ ഹോട്സ്പർ ഒരു ഗോൾ മടക്കിയെങ്കിലും ലിവർപൂൾ താരങ്ങൾ നക്ഷത്രത്തിളക്കത്തോടെ മൈതാനം ഭരിക്കുന്നത് തുടർന്നു. മുഹമ്മദ് സലാഹ് ഒരിക്കൽ ലക്ഷ്യത്തിലെത്തിച്ചെങ്കിലും വാർ പരിശോധനയിൽ സഹതാരം ഫർമീനോയുടെ കൈകളിൽ തൊട്ടതായി തെളിഞ്ഞതോടെ ഗോൾ നിഷേധിക്കപ്പെട്ടു. സാദിയോ മാനേ 65ാം മിനിറ്റിൽ മൂന്നാം ഗോളും നേടിയതോടെ ലിവർപൂൾ ജയം ഉറപ്പിച്ചു.
വിർജിൽ വാൻ ഡൈകും ജോ ഗോമസും പരിക്കുമായി പുറത്തിരിക്കുന്നത് അലട്ടാതെ ടീമിന് ഉൗർജം പകർന്ന ഫർമീനോയാണ് ഹോട്സ്പറിനെതിരെ ജയം നൽകുന്നതിൽ നിർണായകമായത്.
ഇതോടെ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ലിവർപൂളിെൻറ പോയിൻറ് വ്യത്യാസം നാലായി ചുരുങ്ങി. സിറ്റി ഒരു കളി അധികം പൂർത്തിയാക്കിയിട്ടുമുണ്ട്. ജയത്തോടെ ലിവർപൂൾ വീണ്ടും ചാമ്പ്യൻഷിപ്പ് നിലനിർത്തുമെന്ന 'സ്വപ്നങ്ങളും സജീവമായി.
കളിയിൽ ഹാരി കെയ്നിനെ നഷ്ടമായ ഹോട്സ്പറിന് തുടർ മത്സരങ്ങളിലും കാര്യങ്ങൾ കൈവിടുമെന്ന ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.