മലപ്പുറം: ഫുട്ബാൾ ആരാധകർക്ക് ആവേശം പകർന്ന് ജില്ലയിലെത്തിയ സന്തോഷ് ട്രോഫിയുടെ ആദ്യ മത്സരം നടന്നത് രാവിലെ 9.30ന്. മലപ്പുറം കോട്ടപ്പടി മൈതാനത്ത് അസമയത്ത് മത്സരം നടന്നതിനാൽ കാണികളുടെ എണ്ണം കുറഞ്ഞു. റമദാനായതും നല്ല വെയിലായതും കാണികളുടെ ഒഴുക്കിനെ കാര്യമായി ബാധിച്ചു. മൈതാനത്തെത്തിയ ഫുട്ബാൾ കമ്പക്കാരാവട്ടെ ബംഗാളും പഞ്ചാബും തമ്മിലുള്ള വിരസമായ മത്സരത്തിൽ നിരാശരാവുകയും ചെയ്തു. വൈകീട്ട് നാലിനാണ് സാധാരണ ദിവസങ്ങളിൽ കോട്ടപ്പടി മൈതാനത്ത് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ശനിയാഴ്ച രാത്രി എട്ടിന് പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ കേരളവും രാജസ്ഥാനും തമ്മിലാണ് ഔദ്യോഗികമായി ഉദ്ഘാടന മത്സരം നടന്നത്. ഉദ്ഘാടന ചടങ്ങുകൾ രാത്രി ഏഴിന് ആരംഭിക്കുന്നതിനാൽ വൈകീട്ട് നാലിന് കോട്ടപ്പടിയിൽ മത്സരം നടത്തിയാൽ മലപ്പുറത്തു നിന്ന് മഞ്ചേരിയിൽ എത്തിപ്പെടുക പ്രയാസമാണെന്ന കണക്കു കൂട്ടലിലാണ് ശനിയാഴ്ച രാവിലെ കളി വെക്കാൻ അധികൃതർ തീരുമാനിച്ചത്. എന്നാൽ, രാവിലെയായതിനാൽ ആദ്യ മത്സരമായിട്ടും കാണികളുടെ തിരക്ക് അനുഭവപ്പെട്ടില്ല. ഇനിയുള്ള ദിവസങ്ങളിൽ വൈകീട്ട് നാലിനാണ് മത്സരങ്ങൾ തുടങ്ങുക. കേരളത്തിന്‍റെ മത്സരങ്ങളൊന്നും കോട്ടപ്പടി സ്റ്റേഡിയത്തിലില്ല. ഇതിന് പുറമെ വൈകീട്ട് നാലിന് തുടങ്ങുന്ന മത്സരങ്ങൾക്കും ചൂട് വെല്ലുവിളിയാണ്. അതേസമയം, കാൽപന്തുകളിയെ നെഞ്ചിലേറ്റുന്ന മലപ്പുറത്തുകാർ വരും ദിവസങ്ങളിൽ മൈതാനത്തേക്ക് ഒഴുകിയെത്തുമെന്ന പ്രതീക്ഷിയിലാണ് ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.