കാൽപന്തു മൈതാനങ്ങളിൽ കളിയഴകിെൻറ അമാനുഷ സാന്നിധ്യമായി ആദ്യം താരമായും പിന്നീട് പരിശീലകനായും നീണ്ട പതിറ്റാണ്ടുകൾ പറന്നുനടന്ന അർജൻറീന ഇതിഹാസത്തിെൻറ 60ാം പിറന്നാളിൽ ആഘോഷം കേമമാക്കി ലോകം. പാസിങ്ങും ഡ്രിബ്ലിങ്ങും പന്തിന്മേലുള്ള നിയന്ത്രണവും ഒരേ മിടുക്കോടെ സമം ചേർത്ത് ദേശീയ ടീമിെൻറയും ക്ലബുകളുടെയും വിജയശിൽപിയായി കളം വാണ ഡീഗോ അർമാൻഡോ മറഡോണക്കൊപ്പം ചേർത്തുപറയാൻ മറഡോണ മാത്രം. കുറിയ മനുഷ്യനാകുന്നത് ഫുട്ബാളിൽ അനുഗ്രഹമാണെന്ന് മറഡോണ ലോകത്തെ പഠിപ്പിച്ചു. എതിർ പ്രതിരോധം മലപോലെ ഉറച്ചുനിന്നപ്പോഴും അവക്കിടയിൽ 'നുഴഞ്ഞുകയറി' നിരന്തരം വല കുലുക്കി. നാലു ഫിഫ ലോകകപ്പുകളിൽ പന്തുതട്ടി. അതിലൊന്നിൽ (1986) പശ്ചിമ ജർമനിയെ വിരട്ടി കപ്പുമായി മടങ്ങി. ആ ലോകകപ്പിെൻറ താരവുമായി. 60ാം പിറന്നാളിൽ
മറഡോണയുടെ ജീവിതത്തെ അടയാളപ്പെടുത്തിയ അഞ്ചു വലിയ മുഹൂർത്തങ്ങൾ പരിചയപ്പെടാം.
തുടക്കം ഗംഭീരം
1960 ഒക്ടോബർ 30ന് പിറന്ന മറഡോണയുടെ കാലുകളിലെ അവസാനിക്കാത്ത അത്ഭുതങ്ങൾ എട്ടാം വയസ്സിൽ തിരിച്ചറിഞ്ഞ പേരറിയാത്ത പരിശീലകന് നന്ദി പറയണം. നാട്ടുമ്പുറത്തെ എസ്ട്രല റോജ ക്ലബിലായിരുന്നു കുഞ്ഞു ഡീഗോ അന്ന് പന്തുതട്ടിയത്. അതിവേഗം വളർന്ന കൗമാരക്കാരൻ 16ാം വയസ്സിൽ അർജൻറീനോസ് ജൂനിയേഴ്സിലെത്തി. അഞ്ചുവർഷം അവിടെ തുടർന്നു. 167 കളികളിൽ 115 ഗോളുകൾ നേടി. പിറകെ 40 ലക്ഷം ഡോളറിന് അർജൻറീനയിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ ബൊക്ക ജൂനിയേഴ്സിൽ. മോഹവില വാഗ്ദാനം ചെയ്ത് ബദ്ധവൈരികളായ റിവർേപ്ലറ്റ് പിന്നാലെ കൂടിയെങ്കിലും 1980 ഫെബ്രുവരിയിൽ ബൊക്ക താരമായി. ടീമിനൊപ്പം ആദ്യ കളിയിൽ തന്നെ അടിച്ചത് ഇരട്ട ഗോളുകൾ. രണ്ടുമാസം കഴിഞ്ഞ് അർജൻറീന എൽക്ലാസികോയിൽ റിവർേപ്ലറ്റിനെതിരെ കളിച്ചപ്പോഴും ഗോൾ. ടീം ജയിച്ചത് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്.
നാപോളി വസന്തം
1982 ലോകകപ്പിനുശേഷം ലാറ്റിൻ അമേരിക്കൻ മൈതാനങ്ങളിൽനിന്ന് യൂറോപ്പിലേക്ക്. അന്നത്തെ ലോകറെക്കോഡായ 76 ലക്ഷം ഡോളറിന് കരാർ ഒപ്പുവെച്ചത് ബാഴ്സലോണയുമായി. പുതിയ തട്ടകത്തിൽ കോച്ച് സീസർ ലൂയി മെനോട്ടിക്കു കീഴിൽ 1983ൽ അങ്കം കുറിച്ച ഡീഗോയും ക്ലബും അതിവേഗം ട്രോഫികൾ വാരിക്കൂട്ടി. ആദ്യം കോപ ഡെൽ റേ, തൊട്ടുപിറകെ സ്പാനിഷ് സൂപ്പർ കപ്പ്. മാസങ്ങൾ കഴിഞ്ഞ് സൂപ്പർ എൽക്ലാസികോയിൽ റയലിനെതിരെ ജയം കുറിച്ച കളിയിലും മറഡോണ വല കുലുക്കി. അടുത്ത വർഷം കോപ ഡെൽ റേ ഫൈനലിൽ റയൽ തന്നെ എതിരാളിയായി വന്നപ്പോഴും മറഡോണയായിരുന്നു ലോകത്തിെൻറ കൗതുകം. അതുകഴിഞ്ഞെത്തിയത് നാപോളിയിൽ. അവിടെയായിരുന്നു പ്രഫഷനൽ മികവിെൻറ തുല്യതയില്ലാത്ത ഉയരങ്ങളിലേക്ക് പന്തടിച്ചുകയറിയത്.
1986ലെ മെക്സികോ ലോകകപ്പിെൻറ ക്വാർട്ടറിൽ ചോരാത്ത രണ്ടു കൈകളുമായി വലക്കു മുന്നിൽ ഒറ്റയാനായി കാത്തുനിന്ന ഇംഗ്ലീഷ് ഗോളി പീറ്റർ ഷിൽട്ടണെ ഒറ്റക്കൈകൊണ്ട് 'കീഴടക്കി' നേടിയ ഗോൾ മറഡോണക്ക് ഇന്നും 'ദൈവത്തിെൻറ ഗോളാ'ണ്. മെക്സികോ സിറ്റിയിലെ ആസ്ടെക്ക മൈതാനത്ത് ഡീഗോയുടെ ഭാഷയിൽ പകുതി തലകൊണ്ടും മറ്റേപാതി 'ദൈവത്തിെൻറ കൈ'കൊണ്ടും പിറന്ന ഗോളിൽ റഫറി പക്ഷേ, കൈകളുടെ സാന്നിധ്യം കണ്ടില്ല. പുതിയകാല 'വാർ' പോലുള്ള സംവിധാനങ്ങളില്ലാത്തതും വിനയായി. ആ ഗോളിൽ ലീഡുപിടിച്ച അർജൻറീന ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സെമിയിലേക്ക് ടിക്കറ്റുറപ്പിച്ചു. അന്ന് ബലിയാടായിട്ടുപോലും താൻ കണ്ട ഏറ്റവും മികച്ച ഫുട്ബാളർ മറഡോണ തന്നെയെന്ന് ഷിൽട്ടൺ ഉറപ്പിച്ചുപറയുന്നു.
ഇംഗ്ലണ്ടിനെതിരെ നേടിയ ആദ്യ ഗോൾ വിവാദമായെങ്കിലും നാലുമിനിറ്റ് മാത്രം കഴിഞ്ഞ് നേടിയ രണ്ടാമത്തേത് ഇന്നും കാൽപന്തിെൻറ കണക്കു പുസ്തകങ്ങളിലെ അത്ഭുത ഗോൾ. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ചതെന്ന് ഫിഫ വോട്ടുചെയ്ത അതിമനോഹര ഗോൾ. ആ ടൂർണമെൻറിൽ അർജൻറീന സൃഷ്ടിച്ച മൊത്തം അവസരങ്ങളിൽ പകുതിയിലേറെയും ഡീഗോ സമ്മാനിച്ചതായിരുന്നു. ടീം നേടിയ 14 ഗോളിൽ സ്വന്തമായും സഹായിച്ചും 10ൽ പങ്കാളിയായി. 53 തവണ ഫൗൾ ചെയ്യപ്പെട്ടു. ഒറ്റ ലോകകപ്പുകൊണ്ട് അങ്ങനെ ചരിത്രത്തിലേക്ക് ഡീഗോ നടന്നുകയറി.
മരുന്നടിയിൽ വീണ് മടക്കം
1994ലെ ലോകകപ്പിൽ മയക്കുമരുന്ന് പരിശോധനയിൽ പരാജയമായതോടെ രാജ്യാന്തര കരിയറിന് അവസാനം. 17 വർഷം നീണ്ട കരിയറിൽ 91 കളികളിലായി 34 ഗോളുകൾ താരം സ്വന്തം പേരിൽ കുറിച്ചിരുന്നു. ഒരു ലോകകപ്പും ഒരു റണ്ണർ അപ്പും. പിന്നീടും മരുന്ന് വില്ലനായി ജീവിതത്തിനൊപ്പം കൂടിയതോടെ ഹൃദയാഘാതം വിരുന്നെത്തിയത് പലവട്ടം. ക്യൂബയിൽ വനവാസകാലം തിരിച്ചുനൽകിയ ഉൗർജവുമായി ഇപ്പോഴുമുണ്ട് അദ്ദേഹം മൈതാനങ്ങൾക്ക് ഉൗർജം പകർന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.