പാരീസ്: ഫ്രഞ്ച് ലീഗിൽ വിജയകുതിപ്പ് തുടരുന്ന പി.എസ്.ജിക്ക് ഏറെ പ്രത്യേകതകളുള്ള മത്സരമായിരുന്നു മെറ്റ്സിനെതിരെ കഴിഞ്ഞ ദിവസം നടന്നത്. സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയുടെ ഇരട്ടഗോൾ മികവിൽ 3-1നാണ് പി.എസ്.ജിയുടെ ജയം. കിലിയൻ എംബാപ്പെയുടെ 25ാം പിറന്നാൾ ദിനത്തിലായിരുന്നു ഈ മിന്നും പ്രകടനം.
പിറന്നാൾ ദിനത്തിലെ ഇരട്ടഗോളിന്റെ മധുരം മാത്രമായിരുന്നില്ല എംബാപ്പെക്ക്. സഹോദരൻ ഏഥൻ എംബാപ്പെ തനിക്കൊപ്പം പി.എസ്.ജിക്കായി അരങ്ങേറ്റം കുറിച്ചുവെന്ന ഇരട്ടി മധുരം കൂടിയുണ്ട് ഈ ദിനത്തിന്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ മിഡ്ഫീല്‍ഡര്‍ മാനുവല്‍ ഉഗാര്‍ട്ടിക്ക് പകരക്കാരനായാണ് ഏഥാന്‍ എംബാപ്പെ എന്ന 16 കാരൻ കളത്തിലിറങ്ങിയത്. എന്നാൽ അനിയനെ സാക്ഷി നിർത്തി ജേഷ്ഠന്റെ തേരോട്ടമാണ് കളത്തിൽ കണ്ടത്.
സീസണിലുടനീളം മിന്നും ഫോമിലുള്ള കിലിയൻ എംബാപ്പെ 52 ഗോളുകളാണ് ഈ വർഷം നേടിയത്. ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് എംബാപ്പെയും ബയേൺ മ്യൂണിക്കിന്റെ സ്റ്റാർ സ്ട്രൈക്കർ ഹാരികെയ്നുമാണ്. 50 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയും ഏർലിങ് ഹാലാൻഡും തൊട്ടുപിന്നിലുണ്ട്.
നിലവിൽ ഫ്രഞ്ച് ലീഗിൽ 40 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പി.എസ്.ജി 14ാം സ്ഥാനത്തുള്ള മെറ്റ്സിനെയാണ് കീഴടക്കിയത്. ആദ്യ പകുതി ഗോൾ രഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയിലെ 49ാം മിനിറ്റിൽ പി.എസ്.ജി ലീഡെടുക്കുന്നത്. വിറ്റീഞ്ഞയാണ് ഗോൾ നേടിയത്. 60ാം മിനിറ്റിൽ കിലിയൻ എംബാപ്പെ ലീഡ് ഇരട്ടിയാക്കി. മാത്യൂ യുഡോൾ മെറ്റ്സിനായി ആദ്യ ഗോൾ നേടിയെങ്കിലും 83ാം മിനിറ്റിൽ എംബാപ്പെ രണ്ടാമത്തെ ഗോളും കണ്ടെത്തിയതോടെ മെറ്റ്സിന് പിടിച്ച് നിൽക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.