വേങ്ങര: ലോകകപ്പ് ഫുട്ബാൾ കളിയാരവവുമായി കുറ്റാളൂർ സ്വബാഹ് സ്ക്വയറിൽ നടക്കുന്ന Food and Ball Carnivalൽ കാൽപന്ത് പ്രേമികളുടെ മനം നിറച്ച് ഷൂട്ടൗട്ട് മത്സരങ്ങൾ. ആവേശകരമായ മത്സരങ്ങൾ മൂന്നു വിഭാഗങ്ങളിലായാണ് സംഘടിപ്പിച്ചത്. ഒരാൾക്ക് മൂന്നുതവണ ഗോൾ അടിക്കാനായിരുന്ന അവസരം. കിക്കടിക്കൂ ഗിഫ്റ്റ് അടിക്കൂ എന്ന പേരിൽ സംഘടിപ്പിച്ച മത്സരം വൈകീട്ട് അഞ്ചിന് ആരംഭിച്ചു. യുവാക്കൾക്ക് ഷൂട്ടൗട്ട് കോണ്ടസ്റ്റ് എന്ന പേരിലും വെറ്ററൻസിന് മാസ്റ്റേഴ്സ് കിക്ക്സ് എന്ന പേരിലുമാണ് മത്സരം സംഘടിപ്പിച്ചത്. 15 വയസ്സിന് താഴെയുള്ളവർക്കുള്ള മത്സരത്തിൽ 50ഓളം ഭാവി താരങ്ങൾ പങ്കെടുത്തു. നാലു വയസ്സുള്ളവർ മുതൽ മത്സരത്തിൽ പങ്കാളികളായി. ഇഷ്ട ടീമിനെയും കളിക്കാരെയും പരിചയപ്പെടുത്തി ബാളുകൾ പലരും ലക്ഷ്യത്തിലെത്തിച്ചു. രണ്ട് ഗോളുകൾ നേടിയവർക്ക് പ്രോത്സാഹന സമ്മാനം നൽകി.
50 വയസ്സിന് മുകളിലുള്ളവരുടെ മത്സരത്തിൽ 30ഓളം പേർ പങ്കെടുത്തു. 70 വയസ്സിന് മുകളിലുള്ളവർ വരെ പ്രായത്തിന്റെ അവശതകളും ബുദ്ധിമുട്ടുകളും നോക്കാതെ കളിയാവേശത്തിന്റെ ഭാഗമായി. ജനറൽ വിഭാഗത്തിൽ എല്ലാ പ്രായമുള്ളവരെയും പരിഗണിച്ചായിരുന്നു മത്സരം. 120ഓളം പേർ പങ്കെടുത്തു. കാണികളുടെ ആർപ്പുവിളികളും കൈയടി പ്രോത്സാഹനവും പന്ത് ലക്ഷ്യത്തിൽ എത്തിക്കാൻ ആവേശമായി.
വെറ്ററൻസ് വിഭാഗത്തിൽ ഷരീഫ് തുപ്പിലിക്കാട്ട്, മഹമൂദ് അലി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ജനറൽ വിഭാഗത്തിൽ വിനു പട്ടാളത്തിൽ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം റിയാസും മൂന്നാം സ്ഥാനം റാഷിയും നേടി. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ചീഫ് റീജനൽ മാനേജർ ഇബ്രാഹിം കോട്ടക്കൽ, ന്യൂസ് എഡിറ്റർ ഇനാമുറഹ്മാൻ, അഡ്മിനിസ്ട്രേറ്റർ മുബാറക്, സ്വബാഹ് സ്ക്വയർ ചെയർമാൻ മുഹമ്മദ് സ്വബാഹ് എന്നിവർ പങ്കെടുത്തു. ജില്ല ഫുട്ബാൾ അസോസിയേഷൻ ട്രഷറർ കെ. നയീം, റഫറി ഉണ്ണി മലപ്പുറം എന്നിവർ ഷൂട്ടൗട്ട് നിയന്ത്രിച്ചു. 'മാധ്യമം' മീഡിയ പാർട്ണറായി വേങ്ങര ഫുട്ബാൾ ഫാൻസ് ഫോറമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.