ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ സീസണിലാണ് ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണകാലം. മലപ്പുറം ജില്ലയിൽ നിന്ന് വിവിധ ടീമുകൾക്ക് വേണ്ടി ഐ.എസ്.എൽ കളിക്കുന്ന അഞ്ച് താരങ്ങൾക്കും ചിലതൊക്കെ പറയാനുണ്ട്.
മലപ്പുറം നഗരസഭ- വാർഡ് നമ്പർ 38
ബംഗളൂരു എഫ്.സി- ജഴ്സി നമ്പർ 22
മലപ്പുറം നഗരസഭയിലെ 38ാം വാർഡിലാണ് എെൻറ വീട്. തെരഞ്ഞെടുപ്പ് കാലത്ത് നാട്ടിലുണ്ടാവാറില്ലെന്നതിനാൽ ഇതുവരെ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നത് സ്വകാര്യ ദുഃഖമാണ്. രാഷ്ട്രീയത്തിനപ്പുറം നാടിെൻറ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവരെയാണ് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ ജയിപ്പിക്കാറ്.
ജനോപകാരപ്രദ കാര്യങ്ങൾ ചെയ്യാനാണ് തന്നെ തെരഞ്ഞെടുത്തതെന്ന ഓർമ ജനപ്രതിനിധിക്ക് എന്നും വേണം. കളിക്കളങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ഭരണാധികാരികൾക്ക് വേണം. കുട്ടികളെ നന്നേ ചെറുപ്പത്തിലേ കായിക തൽപരരാക്കാൻ മലപ്പുറത്ത് ആധുനിക സൗകര്യമുള്ള മൈതാനങ്ങൾ വരണം. ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ അത് അത്യാവശ്യമാണ്.
അബ്ദുൽ ഹക്കു
ചെറിയമുണ്ടം പഞ്ചായത്ത് - വാർഡ് നമ്പർ 12
കേരള ബ്ലാസ്റ്റേഴ്സ് - ജഴ്സി നമ്പർ 24
ചെറിയമുണ്ടം പഞ്ചായത്തിലെ 12ാം വാർഡിലെ വോട്ടറായ എനിക്ക് ഒരുതവണ മാത്രമേ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ഭാഗ്യമുണ്ടായുള്ളൂ.
നമ്മുടെ നാട്ടിൽ നടക്കുന്ന കേരളോത്സവങ്ങൾ വെറും ചടങ്ങുകളാക്കി കഴിച്ചുകൂട്ടേണ്ടതല്ല. ഇക്കാര്യത്തിൽ വാർഡ് മെംബർ തൊട്ട് മുകളിലുള്ളവർക്ക് ഒരുപാട് ചെയ്യാനുണ്ട്. പഞ്ചായത്ത്, ബ്ലോക്ക്, ജില്ല കേരളോത്സവം എന്നിങ്ങനെ മത്സരങ്ങൾ സംഘടിപ്പിക്കുകയല്ലാതെ വിജയികളാവുന്നവർക്ക് പ്രോത്സാഹനമായി എന്ത് നൽകുന്നുവെന്ന് പ്രാദേശിക ഭരണകൂടങ്ങൾ ചിന്തിക്കണം.
മികവ് പുലർത്തുന്നവർക്ക് പ്രൈസ് മണി ഏർപ്പെടുത്തുമ്പോൾ അത് താരങ്ങൾക്കും ക്ലബുകൾക്കുമെല്ലാം വലിയ ഊർജമേകും.
അർജുൻ ജയരാജ്
തൃക്കലങ്ങോട് പഞ്ചായത്ത് - വാർഡ് നമ്പർ 21
കേരള ബ്ലാസ്റ്റേഴ്സ് - ജഴ്സി നമ്പർ 30
തൃക്കലങ്ങോട് പഞ്ചായത്ത് 21ാം വാർഡിലെ വോട്ടറാണ് ഞാൻ. നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണച്ചൂട് സമൂഹമാധ്യമങ്ങളിലൂടെ അറിയുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവരോട് പറയാനുള്ളത് വളർന്നുവരുന്ന തലമുറയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നാണ്.
ഫുട്ബാളിലേക്ക് വൈകിയെത്തിയ ആളായതിനാൽ അതിെൻറ വില നന്നായി അനുഭവിച്ചിട്ടുണ്ട് ഞാൻ. ക്യാച്ച് ദെം യങ് എന്നാണല്ലോ. ഗ്രാസ് റൂട്ട് ലെവലിൽത്തന്നെ തുടങ്ങണം. എല്ലാ പഞ്ചായത്തും ഫുട്ബാൾ ക്യാമ്പുകൾ നടത്തണം. വേനലവധിക്കാലത്തെ ക്യാമ്പുകൾ മാത്രം പോര. കായികമേഖലയുടെ ഉന്നമനത്തിനായി പദ്ധതികൾ വരട്ടെ. കഴിവുണ്ടായിട്ടും ജോലിയില്ലാതെ എത്രയോ താരങ്ങൾ ജീവിതം തള്ളിനീക്കുന്നുണ്ട്.
മഷ്ഹൂർ ശരീഫ്
മലപ്പുറം നഗരസഭ- വാർഡ് നമ്പർ 12
നോർത്ത് ഈസ്റ്റ് യുനൈറ്റഡ് - ജഴ്സി നമ്പർ 66
മലപ്പുറം നഗരസഭയിലെ 12ാം വാർഡ് കാവുങ്ങൽ സ്വദേശിയായ എനിക്ക് ഇത്തവണ മത്സരംഗത്തേക്ക് യുവാക്കളും വിദ്യാസമ്പന്നരും ചിന്താശേഷിയുള്ളവരും കടന്നുവരുന്നത് വലിയ പ്രതീക്ഷ നൽകുന്നു. ജനം മാറ്റം ആഗ്രഹിക്കുന്നു. വികസനോന്മുഖ കാഴ്ചപ്പാട് യുവ ജനപ്രതിനിധികളിൽനിന്നു ഉണ്ടാവണം.
കുട്ടികൾക്ക് കളിക്കാൻ സൗകര്യമുണ്ടാക്കണമെന്നാണ് ഭരിക്കുന്നവരോട് ആദ്യം ആവശ്യപ്പെടാനുള്ളത്. മലപ്പുറത്ത് പ്രധാനമായും രണ്ട് മൈതാനങ്ങളുണ്ട്. കോട്ടപ്പടി ഫുട്ബാൾ സ്റ്റേഡിയമാണ് ഒന്നാമത്തേത്. ചെറിയ ഫീസ് വാങ്ങി മത്സരങ്ങൾക്കും പരിശീലനത്തിനും തുറന്നുകൊടുക്കണം. കൂട്ടിലങ്ങാടി പൊലീസ് മൈതാനം നവീകരിച്ചാൽ പ്രാദേശിക അക്കാദമികൾക്കടക്കം ഗുണം ചെയ്യും.
ഇർഷാദ് തൈവളപ്പിൽ
തൃപ്രങ്ങോട് പഞ്ചായത്ത് - വാർഡ് നമ്പർ 15
ഈസ്റ്റ് ബംഗാൾ - ജഴ്സി നമ്പർ 66
തൃപ്രങ്ങോട് പഞ്ചായത്തിലെ 15ാം വാർഡ് ആലിങ്ങലാണ് സ്വദേശം. മൈതാനമില്ലായ്മയാണ് എെൻറ പഞ്ചായത്തിലെ പ്രധാന പ്രശ്നങ്ങളിലൊന്ന്. സ്ഥലമായി എന്ന് കേട്ടിരുന്നു. എത്രയും വേഗം ആധുനിക സൗകര്യങ്ങളോട് കൂടിയ സ്റ്റേഡിയം സ്ഥാപിക്കണം.
സാധാരണക്കാരായ കുട്ടികൾക്ക് ഫീസ് കൊടുക്കാതെ കളിക്കാനും പരിശീലനം നടത്താനും കഴിയുന്ന ടർഫ് മൈതാനമാണ് വേണ്ടത്. പഞ്ചായത്തുതല ഫുട്ബാൾ ക്യാമ്പുകളുണ്ടായിരുന്നത് ഇടക്ക് നിന്നു. കായിക ഇനങ്ങളിലും കലയിലും താൽപര്യമുള്ളവരെ പ്രോത്സാഹിപ്പിക്കൽ ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.