‘ജീവിതത്തില്‍ ആദ്യമായാണ് ഒരു പാസ് പത്ത് തവണയിൽ കുറയാതെ കാണുന്നത്’; മെസ്സിയെ പ്രശംസിച്ച് പരിശീലകൻ

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ വരവോടെ മേജര്‍ ലീഗ് സോക്കറില്‍ വിജയവഴിയില്‍ എത്തിയിരിക്കുകയാണ് ഇന്‍റര്‍ മയാമി. കഴിഞ്ഞ ലീഗിൽ അവസാന സ്ഥാനക്കാരായിരുന്ന അവർ ഇത്തവണ ആദ്യ മത്സരത്തിൽ തന്നെ വിജയം നേടി. ന്യൂയോര്‍ക്ക് റെഡ്ബുൾസിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് മയാമി കീഴടക്കിയത്. ടീമിനായി പകരക്കാരനായിറങ്ങിയ മെസ്സി 89ാം മിനിറ്റിൽ ഗോളും നേടിയിരുന്നു.

ബാഴ്‌സലോണയിൽ സഹതാരമായിരുന്ന സെർജിയോ ബുസ്‌കറ്റ്സ് ബോക്‌സിലേക്ക് നൽകിയ പന്ത് അക്രോബാറ്റിക് ഡ്രൈവിലൂടെ ജോര്‍ഡി ആല്‍ബയാണ് മെസ്സിയിലെത്തിച്ചത്. പന്ത് പോസ്റ്റിലേക്കടിക്കാന്‍ പാകപ്പെടുത്തുന്നതിനിടെ റെഡ്ബുൾ പ്രതിരോധ താരങ്ങൾ മെസ്സിയെ വളഞ്ഞു. എന്നാൽ, അവര്‍ക്കിടയിലെ ചെറിയൊരു വിടവ് കണ്ടെത്തി പന്ത് സഹതാരം ബെഞ്ചമിൻ ക്രമാഷിക്ക് കൈമാറി. താരം മെസ്സിക്ക് തന്നെ പന്ത് തിരികെ നൽകി. ഇത് മുന്നില്‍കണ്ട് മുന്നോട്ടോടിയ മെസ്സി അതിസുന്ദരമായി പന്ത് പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു. ഇന്‍റര്‍ മയാമിയിലെത്തിയ ശേഷം ഒമ്പതാം മത്സരത്തിൽ മെസ്സിയുടെ പതിനൊന്നാം ഗോളായിരുന്നു അത്.

മെസ്സിയുടെ പാസിനെയും തുടർന്നുള്ള ഗോളിനെയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്‍റര്‍ മയാമി പരിശീലകന്‍ ടാറ്റ മാര്‍ട്ടിനോ. ജീവിതത്തില്‍ ആദ്യമായാണ് താന്‍ ഒരു പാസ് പത്ത് തവണ ആവര്‍ത്തിച്ച് കാണുന്നതെന്ന് മാര്‍ട്ടിനോ പറഞ്ഞു. ''ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ ഒരു പാസ് പത്ത് തവണയിൽ കുറയാതെ കാണുന്നത്. ഞാൻ ഫുട്ബാൾ കളിക്കുമ്പോൾ ഗോളടിക്കാൻ സഹായിക്കാൻ ഇഷ്ടമായിരുന്നു. മെസ്സി ക്രെമാഷിയെ എങ്ങനെ കണ്ടുവെന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല''- മാര്‍ട്ടിനോ പറഞ്ഞു.

മയാമിക്കായി ഒമ്പത് മത്സരത്തില്‍ കളത്തിലിറങ്ങിയ മെസ്സിക്ക് ഒറ്റ മത്സരത്തിൽ മാത്രമാണ് ഗോളടിക്കാൻ കഴിയാതിരുന്നത്. എന്നാൽ, അതിൽ രണ്ട് അസിസ്റ്റ് നൽകാൻ താരത്തിനായി. ലീഗ്സ് കപ്പിലൂടെ ചരിത്രത്തിലാദ്യമായി ക്ലബിന് ഒരു കിരീടം ലഭിച്ചത് മെസ്സിയുടെ വരവോടെയാണ്. ലീഗ്സ് കപ്പിലെ മികച്ച താരവും ടോപ് സ്കോററും മെസ്സിയായിരുന്നു. 

Tags:    
News Summary - 'For the first time in my life I see a goal repeated ten times', the coach praised Messi's wonder goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.