‘ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിൽ സങ്കടമുണ്ട്’; പിന്തുണയുമായി മുൻ ഫ്രഞ്ച് സൂപ്പർതാരം

മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട പോർചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ജനുവരി ഒന്നുമുതൽ സൗദി ക്ലബായ അന്നസ്റിനു വേണ്ടി ബൂട്ടണിയുമെന്നാണ് പുറത്തുവരുന്ന വിവരം. സൗദി ക്ലബ് താരത്തിനായി നേരത്തെ രംഗത്തുവന്നിട്ടും, യൂറോപിൽ തന്നെ കളിക്കാമെന്ന പ്രതീക്ഷയിൽ ലോകകപ്പ് കഴിയുംവരെ കാത്തുനിൽക്കുകയായിരുന്നു.

മാഞ്ചസ്റ്റർ യുനൈറ്റഡുമായി കഴിഞ്ഞ മാസാവസാനത്തോടെ കരാർ അവസാനിപ്പിച്ച താരത്തിന് ജനുവരി ഒന്നിന് ട്രാൻസ്ഫർ ജാലകം തുറക്കുന്നതോടെ പുതിയ ക്ലബിനൊപ്പം ചേരാനാകുമെന്നാണ് പ്രതീക്ഷ. മാഞ്ചസ്റ്ററിലെ രണ്ടാം ഊഴം റൊണാൾഡോക്ക് ഒട്ടും തൃപ്തികരമായിരുന്നില്ല. കോച്ചുമായി പിണങ്ങിയ താരത്തിന് ആദ്യ ഇലവനിൽ ഇടം ലഭിക്കാതെ പോയതോടെ ലോകകപ്പിന് തൊട്ടുമുമ്പ് വിവാദ അഭിമുഖം നടത്തി ടീം വിടുകയായിരുന്നു.

ലോകകപ്പിലും അവസാന മത്സരങ്ങളിൽ സൈഡ് ബെഞ്ചിലിരിക്കാനായിരുന്നു വിധി. ഒടുവിൽ കണ്ണീരോടെയാണ് താരം ഗ്രൗണ്ട് വിട്ടത്. മുൻ ഫ്രഞ്ച് താരം ഇമ്മാനുവൽ പെറ്റിറ്റ് ക്രിസ്റ്റ്യാനോയെ പിന്തുണച്ച് രംഗത്തെത്തി. താരത്തിന്‍റെ കാര്യത്തിൽ വളരെ സങ്കടമുണ്ടെന്ന് പെറ്റിറ്റ് പ്രതികരിച്ചു. ‘അത് ശരിക്കും ദുഖം തന്നെയാണ്. അവനോട് വളരെ സങ്കടമുണ്ട്, അത്ഭുതകരമായ ഒരു കരിയറിനുശേഷം ഇത്തരമൊരു അവസാനം അദ്ദേഹം അർഹിക്കുന്നില്ല. എന്റെ അഭിപ്രായത്തിൽ അവൻ സ്വയം നിർത്തുന്നതാണ് നല്ലത്. ഖത്തറിൽ സംഭവിച്ചത് അവിശ്വസനീയമാണ്: അദ്ദേഹത്തിന്റെ ചിരകാല എതിരാളി ലയണൽ മെസ്സി കപ്പ് നേടി, മറുവശത്ത് അദ്ദേഹം ക്വാർട്ടർ ഫൈനലിൽ പുറത്തായി’ -പെറ്റിറ്റ് ഒരു സ്പോർട്സ് വെബ്സൈറ്റിനോട് പറഞ്ഞു.

താരത്തിന്‍റെ അവിസ്മരണീയമായ കരിയറിലൂടെ ഫുട്ബാൾ ആരാധകരും അദ്ദേഹത്തെ സ്നേഹിക്കുന്നവരും എന്നും ക്രിസ്റ്റ്യാനോയെ ഓർത്തിരിക്കും. ക്രിസ്റ്റ്യാനോയും മെസ്സിയും തമ്മിലുള്ള കളത്തിലെ പോരാട്ടം ഗംഭീരമായിരുന്നു. നേരിട്ടു കാണാൻ കഴിഞ്ഞ നമ്മൾ ഭാഗ്യവാന്മാരാണ്. നിരവധി കുട്ടികൾക്കാണ് ഇരുവരും പ്രചോദനമായതെന്നും പെറ്റിറ്റ് കൂട്ടിച്ചേർത്തു.

റയലിന്റെ എക്കാലത്തെയും മികച്ച ഹീറോയായ ക്രിസ്റ്റ്യാനോ 438 കളികളിൽ 450 ഗോളുകളുമായി ടീമിന്റെ മികച്ച സ്കോററാണ്. റയലിനൊപ്പം നാലുവട്ടം ചാമ്പ്യൻസ് ലീഗും രണ്ടുവട്ടം ലാ ലിഗയും സ്വന്തമാക്കിയിട്ടുണ്ട്. 2009ലാണ് മാഞ്ചസ്റ്റർ വിട്ട് റയലിലെത്തിയിരുന്നത്. 2018 ൽ യുവന്റസിലേക്ക് കൂടുമാറിയ താരം വൈകാതെ മാഞ്ചസ്റ്ററിൽ തിരികെയെത്തി.

Tags:    
News Summary - Former French star: "I am very sad about Cristiano Ronaldo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.