ബാഴ്സലോണയുടെ ഫ്രഞ്ച് മുന്നേറ്റതാരം ഉസ്മാൻ ഡെംബലെ പി.എസ്.ജിയിൽ. അഞ്ചു വർഷത്തെ കരാറിലാണ് താരം ലീഗ് വൺ ചാമ്പ്യന്മാരായ പി.എസ്.ജിയിലെത്തുന്നത്.
നേരത്തെ തന്നെ, താരത്തെ കൈമാറാൻ ബാഴ്‌സയും പി.എസ്.ജിയും തമ്മിൽ ധാരണയിലെത്തിയിരുന്നെങ്കിലും റിലീസ് ക്ലോസിൽ തട്ടി നീണ്ടുപോകുകയായിരുന്നു. 50.4 മില്യൺ യൂറോക്കാണ് (ഏകദേശം 458 കോടി രൂപ) താരത്തെ കൈമാറാൻ പി.എസ്.ജിയുമായി ധാരണയിലെത്തിയതെന്ന് ബാഴ്സ അധികൃതർ അറിയിച്ചു. ‘പാരീസ് സെന്റ് ജെർമെയ്‌നിൽ ചേരുന്നതിൽ അതിയായ സന്തോഷമുണ്ട്, പുതിയ ക്ലബിനായി കളിക്കാനുള്ള കാത്തിരിപ്പിലാണ്. എനിക്ക് ഇവിടെ വളരാനും ക്ലബിന്റെ ആരാധകരെ തൃപ്തിപ്പെടുത്താനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’ -പി.എസ്.ജിയിൽ ചേർന്നശേഷം ഡെംബലെ പ്രതികരിച്ചു.
‘ഡെംബെലെയെ പി.എസ്.ജിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ട്, ഞങ്ങളുടെ ക്ലബിന്റെ പ്രധാനപ്പെട്ട, പ്രതിബദ്ധതയുള്ള താരങ്ങളിലൊരാളാകും’ -ക്ലബ് ഉടമ നാസർ അൽ ഖലീഫി പറഞ്ഞു. 26കാരനായ ഡെംബലെ കഴിഞ്ഞവർഷം ബാഴ്സയുമായുള്ള കരാർ 2024 വരെ പുതുക്കിയിരുന്നു. ആറു വർഷത്തിനിടെ ക്ലബിനൊപ്പം മൂന്ന് ലാ ലിഗ കിരീടങ്ങളും രണ്ടു സ്പാനിഷ് കപ്പും നേടിയിട്ടുണ്ട്.
ബുണ്ടസ് ലിഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ട് താരമായിരുന്ന ഡെംബലെ 2017ലാണ് ബാഴ്സയിലെത്തുന്നത്. 185 മത്സരങ്ങളിൽനിന്നായി 62 ഗോളുകളാണ് ബാഴ്സക്കായി താരം നേടിയത്. ബ്രസീൽ സൂപ്പർതാരം നെയ്മർ പി.എസ്.ജി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഡെംബലെയുടെ വരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.