ഒളിമ്പിക്സ് ഫുട്ബോളിൽ ഒരു ഗോളിന് അർജന്റീനയെ തോൽപ്പിച്ച് ഫ്രാൻസ് സെമിയിൽ. അഞ്ചാം മിനിറ്റിൽ നേടിയ ഗോളിന്റെ ബലത്തിലാണ് അർജന്റീനയെ തകർത്ത് ഫ്രാൻസ് സെമിയിലേക്ക് മുന്നേറിയത്. കോർണറിലൂടെയായിരുന്നു ഫ്രാൻസിന്റെ ഗോൾ വന്നത്. ജീൻ ഫിലിപ്പ് മറ്റെറ്റയാണ് ഫ്രാൻസിനായി ആദ്യ ഗോൾ നേടിയത്.
തുടക്കത്തിൽ തന്നെ ഗോൾ വീണത് അർജന്റീനയെ ഞെട്ടിച്ചുവെങ്കിലും പെട്ടെന്ന് തന്നെ അവർ മത്സരത്തിലേക്ക് തിരിച്ചു വന്നു. ഗോൾ തിരിച്ചടിക്കാനുള്ള ശ്രമത്തിനിടെ 10ാം മിനിറ്റിൽ അൽവാരസ് ഫ്രഞ്ച് ബോക്സിനുള്ളിലേക്ക് മുന്നേറ്റം നടത്തിയെങ്കിലും ഫ്രാൻസിന്റെ പ്രതിരോധത്തിൽ തട്ടി വീണു. 19ാം മിനിറ്റിൽ ഫ്രാൻസ് വീണ്ടും ഗോൾ നേടുമെന്ന് തോന്നിച്ചുവെങ്കിലും മറ്റെറ്റ ബോക്സിലേക്ക് നീട്ടിനൽകിയ പന്ത് ഫിനിഷ് ചെയ്യുന്നതിൽ മില്ലോറ്റിന് പാളിച്ചയുണ്ടായി. അഞ്ച് മിനിറ്റിന് ശേഷം വീണ്ടുമൊരവസരം മറ്റെറ്റക്ക് ലഭിച്ചുവെങ്കിലും അതും ഗോളായില്ല.
23ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കും നേട്ടമാക്കാൻ അർജന്റീനക്കും സാധിച്ചില്ല. 27,31 മിനിറ്റുകളിൽ ഫ്രാൻസിന് മികച്ച അവസരങ്ങൾ ലഭിച്ചുവെങ്കിലും ലീഡുയർത്താൻ അവർക്ക് കഴിഞ്ഞില്ല. 36ാം മിനിറ്റിൽ അർജന്റീന താരം സിമിയോണിക്ക് ഹെഡറിലൂടെ ഗോൾനേടാൻ അവസരം ലഭിച്ചുവെങ്കിലും താരം അത് പാഴാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിലും 65ാം മിനിറ്റിലും ഗോളവസരങ്ങൾ തുറന്നെടുക്കാൻ അർജന്റീനക്ക് സാധിച്ചുവെങ്കിലും നിർണായകമായ ഗോൾ മാത്രം അകന്നു നിന്നു. 83ാം മിനിറ്റിൽ ഫ്രാൻസ് രണ്ടാമതും വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഗോൾ നിഷേധിക്കപ്പെട്ടു. പിന്നീട് ഗോളവസരങ്ങളൊന്നും തുറന്നെടുക്കാൻ ഇരു ടീമുകൾക്കും സാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.