ക്രിസ്റ്റ്യാനോയാകാൻ ഭക്ഷണം അനുകരിച്ച് ‘മരിക്കാനായി’; ബ്രസീൽ മിഡ്ഫീൽഡർ ഗബ്രിയേൽ മെനിനോക്ക് സംഭവിച്ചത്...

പ്രായം 38ലെത്തിയിട്ടും മൈതാനത്ത് സമാനതകളില്ലാത്ത പ്രകടനവും ഗോൾനേട്ടവും തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് സൗദി ലീഗിലി​പ്പോൾ താരം. കാലുകൾ മാത്രമല്ല, ശരീരവും തളരാതെ നിലനിർത്തുന്ന അതിവേഗവും സ്കോറിങ് മികവും താരത്തെ വേറിട്ടുനിർത്തുന്നു. റെക്കോഡുകളുടെ സുൽത്താനായി വാഴുന്ന ക്രിസ്റ്റ്യാനോ ഫിറ്റ്നസ് നിലനിർത്താൻ തുടരുന്ന കടുത്ത നിയന്ത്രണങ്ങളും നടപടികളും ഏറെയായി ശ്രദ്ധിക്കപ്പെടുന്നതാണ്.

എന്നാൽ, ക്രിസ്റ്റ്യാനോയെ പോലെ ഫിറ്റ്നസ് നിലനിർത്താൻ താരത്തിന്റെ ഭക്ഷണക്രമം അതേപടി പാലിക്കാൻ ശ്രമിച്ച് പാളിപ്പോയ കഥയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. കഥയുടെ ഇങ്ങേതലക്കൽ ബ്രസീൽ താരം ഗബ്രിയേൽ മെനിനോയാണ്. പാൽമീറാസിനായി പന്തുതട്ടുന്ന മെനീനോ അടുത്തിടെ ക്രിസ്റ്റ്യാനോയുടെ ഭക്ഷണക്രമം തന്റെ ജീവിതത്തിലും കൊണ്ടുവരാൻ ശ്രമം നടത്തുകയായിരുന്നു. എന്നാൽ, അതിനു പിറ്റേന്ന് ടീമിനായി കളിക്കാനിറങ്ങിയപ്പോഴാണ് എല്ലാം കൈവിട്ട് ‘മരണം മുന്നിലെത്തി’യെന്നറിഞ്ഞത്. ഇതേ കുറിച്ച് താരം തന്നെ പറയുന്നതിങ്ങനെ.

‘‘പാൽമീറാസ് ടീം ന്യൂട്ടീഷനിസ്റ്റ് മിർതസിനെ വിളിച്ച് എനിക്കായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭക്ഷണങ്ങൾ തയാറാക്കി നൽകാൻ ആവശ്യപ്പെട്ടു. താരത്തെ പോലെയാകാനായിരുന്നു മോഹമ’’- മെനീനോ പറയുന്നു. ഭക്ഷണ ക്രമവും താരം വിശദീകരിക്കുന്നു: ‘‘അതിരാവിലെ കോഴിമുട്ടയും അനുബന്ധ വിഭവവും. വർകൗട്ടിന് മുമ്പും സമാനമായി തത്കാല ഭക്ഷണം. ഉച്ചക്കും രാത്രിയിലും ഗ്രിൽ ചെയ്ത മൽസ്യമോ മാംസമോ. ഒപ്പം സലാഡും’’.

ഇതുകഴിഞ്ഞ് പിറ്റേന്ന് കളിക്കാൻ ഇറങ്ങിയപ്പോഴാണ് പണി പാളിയതായി മനസ്സിലായത്. വാം ചെയ്തു തുടങ്ങിയപ്പോഴേ ‘ഞാൻ മരിക്കാൻ പോകുന്നു’വെന്നായി മനസ്സ്. കളി തുടങ്ങി അഞ്ചു മിനിറ്റായപ്പോഴേക്ക് ഓടാൻ കഴിയാതായി പകരക്കാരെ ഇറക്കാൻ ആവശ്യപ്പെട്ടു. മുകളിൽനിന്ന് ഇതു കണ്ടുകൊണ്ടിരുന്ന ന്യൂട്രീഷനിസ്റ്റ് അടിയന്തരമായി ഐസോടോണിക് പാനീയവും കൂളിങ് ജെല്ലും കൊണ്ടുവരാൻ ആവശ്യപ്പെട്ടു. സഹതാരങ്ങളിലൊരാൾ ഡോക്ടറുടെ അടിയന്തര ചികിത്സ തേടിയിരുന്നതും പ്രയോജനകരമായി. ഇവയെല്ലാം ഉപയോഗിച്ചത് തത്കാലം അപകടമൊഴിവാക്കുകയായിരുന്നുവെന്നും താരം പറയുന്നു.

കടുത്ത ഭക്ഷണ ക്രമത്തിനും കഠിനമായ ശാരീരിക വ്യായാമങ്ങൾക്കും പ്രശസ്തനാണ് ക്രിസ്റ്റ്യാനോ. ഇതിന്റെ ഫലം താരത്തിന്റെ കരിയറിലുടനീളം നിലനിർത്താനുമായിട്ടുണ്ട്. കൂടുതൽ ഗോളുകളുമായി സൗദി ലീഗിൽ പോയ മാസത്തെ താരവുമായി. എന്നാൽ, അത് തന്റെ ജീവിതത്തിലും കൊണ്ടുവന്ന് പുതുമ പരീക്ഷിക്കാനുള്ള ശ്രമം തുടക്കത്തിലേ അവസാനിപ്പിക്കേണ്ടിവന്നുവെന്ന് മെനിനോ പറയുന്നു. ഭാരം കുറച്ച് പേശികൾക്ക് കരുത്തുനൽകാമെന്ന മോഹമാണ് അതോടെ പാതിവഴിയിലായത്. പുതിയ ഭക്ഷണക്രമം തുടങ്ങി തൊട്ടടുത്ത ദിവസമാണ് അഞ്ചു മിനിറ്റ് ഓടിക്കഴിഞ്ഞപ്പോഴേക്ക് തളർന്നുവീണത്.

പാൽമീറാസിനൊപ്പം നിരവധി വിജയങ്ങളിൽ മുന്നിൽനിന്ന താരമാണ് മെനീനോ. ടീമിന്റെ ആദ്യ ഇലവനിൽ ഒഴിവാക്കാനാകാത്ത സാന്നിധ്യം. 

Tags:    
News Summary - Gabriel Menino, the Brazilian who followed Cristiano Ronaldo's diet and thought he was going to die

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.