‘ഗുഡ് ബൈ പറയുന്നു’; അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് തോമസ് മുള്ളർ

മ്യൂണിക്ക്: ജർമൻ അറ്റാക്കിങ് മിഡ്ഫീൽഡറും 2014 ഫിഫ ലോകകപ്പ് നേടിയ ടീമിലെ അംഗവുമായ തോമസ് മുള്ളർ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചു.

സ്വന്തംരാജ്യത്ത് നടന്ന യൂറോ കപ്പിൽ ജർമനി ക്വാർട്ടർ ഫൈനലിൽ പുറത്തായതിനു പിന്നാലെ തന്നെ താരം വിരമിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ക്വാർട്ടറിൽ സ്പെയിനോടാണ് ജർമനി പരാജയപ്പെട്ടത്. ബയേൺ മ്യൂണിക്ക് താരമായ മുള്ളർ ക്ലബ് ഫുട്ബാളിൽ തുടരും. ജർമനിക്കായി 131 മത്സരങ്ങളിൽനിന്ന് 45 ഗോളുകൾ നേടിയിട്ടുണ്ട്. യൂറോ കപ്പിൽ പകരക്കാരന്‍റെ റോളിലാണ് താരം കളിക്കാനിറങ്ങിയത്.

യൂറോ കപ്പ് ടൂർണമെന്‍റ് പൂർത്തിയായതിനു പിന്നാലെയാണ് താരം സമൂഹമാധ്യമങ്ങളിലൂടെ വിരമിക്കുന്ന കാര്യം പുറത്തുവിട്ടത്. ‘ഇത്രയും കാലം എന്നെ പിന്തുണച്ച ആരാധകര്‍ക്കു നന്ദി. 131 മത്സരങ്ങളിൽനിന്നായി 45 ഗോളുകള്‍ നേടി. ഞാന്‍ ഗുഡ് ബൈ പറയുന്നു. രാജ്യത്തെ പ്രതിനിധീകരിച്ചതില്‍ അഭിമാനിക്കുന്നു’ -മുള്ളർ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. എല്ലാവരോടും നന്ദി പറയാൻ ആഗ്രഹിക്കുന്നു. 2026 ലോകകപ്പിലേക്കുള്ള ജർമനിയുടെ യാത്രയിൽ കളിക്കാരനായല്ല, ഒരു ആരാധകനെന്ന നിലയിൽ ടീമിനൊപ്പമുണ്ടാകുമെന്നും താരം വ്യക്തമാക്കി.

2010 മാർച്ചിൽ അർജന്‍റീനക്കെതിരെയാണ് മുള്ളർ ജർമൻ കുപ്പായത്തിൽ അരങ്ങേറുന്നത്. 2014ൽ ലോകകപ്പ് കിരീടം നേടിയ ജർമൻ ടീമിൽ അംഗമായിരുന്നു. ഈ ലോകകപ്പിൽ പോർചുഗലിനെതിരെ ഹാട്രിക് ഉൾപ്പെടെ അഞ്ചു ഗോളുകളാണ് താരം നേടിയത്.

ലോകകപ്പിൽ ജർമനിക്കായി 19 മത്സരങ്ങളിൽനിന്ന് ഒമ്പത് ഗോളുകൾ നേടി. മൂന്നു അസിസ്റ്റും താരത്തിന്‍റെ പേരിലുണ്ട്. യൂറോ കപ്പിൽ 12 മത്സരങ്ങൾ കളിച്ചെങ്കിലും ഒരു ഗോൾ പോലും നേടാനായില്ല. രണ്ടു അസിസ്റ്റുകൾ താരത്തിന്‍റെ പേരിലുണ്ട്.

അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് മുള്ളർ വിരമിക്കുന്നതോടെ ജർമൻ ഫുട്ബാളിൽ ഒരു യുഗം കൂടിയാണ് അവസാനിക്കുന്നത്. മറ്റൊരു ജർമൻ മിഡ്ഫീൽഡ് ഇതിഹാസം ടോണി ക്രൂസും യൂറോ കപ്പോടെ ഫുട്ബാളിൽനിന്ന് വിരമിച്ചിരിന്നു.

Tags:    
News Summary - German Star Thomas Muller Announces International Retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.