'ഇത്​ പണ്ട്​ ബ്രസീൽ തോറ്റ പോലെയായി'; 6-0ൻെറ തോൽവിക്ക് പിന്നാലെ ജർമൻ ഫുട്​ബാൾ ചീഫ്​

ബെർലിൻ: യുവേഫ നേഷൻസ്​ ലീഗിൽ സ്​പെയിനിനോട്​ എതിരില്ലാത്ത ആറുഗോളുകൾക്ക്​ തകർന്നതിന്​ പിന്ന​ാലെ പ്രതികരണവുമായി ജർമൻ ഫുട്​ബാൾ അസോസിയേഷൻ ചീഫ്​ ഒളിവർ ബെയർഹോഫ്​. 2014 ലോകകപ്പ്​ സെമിയിൽ ജർമനിയോട്​ ബ്രസീലിനേറ്റ 7-1 വമ്പൻ തോൽവിയോടാണ്​ ബെയർ​ഹോഫ്​ ടീമിൻെറ പ്രകടനത്തെ ഉപമിച്ചത്​.

''2014 ബ്രസീലിന്​ കളിക്കളത്തിൽ സംഭവിച്ചതാണ്​ ഇന്ന്​ ഞങ്ങൾക്ക്​ പറ്റിയത്​. ഇത്​ ഒരു ഒറ്റപ്പെട്ട സംഭവമായിക്കാണാനാണ്​ ഞാൻ ആഗ്രഹിക്കുന്നത്​'' -ബെയർഹോഫ്​ ​പ്രതികരിച്ചു. ജർമൻ കോച്ച്​ ജോക്കി​ം ലോയ്​വിൽ ഇപ്പോഴും വിശ്വാസമുണ്ടെന്നും ബെയർഹോഫ്​ ​കൂട്ടിച്ചേർത്തു.

ഫെറാൻ ടോറസിൻെറ ഹാട്രിക്​ ഗോളുകളുടെ മികവിലാണ്​ ജർമനിയെ സ്​പെയിൻ തുരത്തിയോടിച്ചത്​. ഫുട്​ബാൾ ടൂർണമെൻറുകളിലെ ജർമനിയുടെ ഏറ്റവും വലിയ തോൽവിയാണിത്​. 1954 ലോകകപ്പ്​ ഗ്രൂപ്​​ മത്സരത്തിൽ ഹംഗറിയോട്​ പശ്ചിമ ജർമനി 8-3ന്​ പരാജ​യപ്പെട്ടതായിരുന്നു ഇതിനുമുമ്പിലുള്ള വലുത്​.1931ൽ ഓസ്​ട്രിയയോട്​ സൗഹൃദമത്സരത്തിൽ 6-0ന്​ തോറ്റ റെക്കോർഡിനൊപ്പം ഇതും ഇടംപിടിച്ചു.

തോൽവിക്കുപിന്നാലെ ബയേൺ മ്യൂണിക്​ താരങ്ങളായ ജെറോം ബോ​ട്ടെങ്​, തോമസ്​ മുള്ളർ, മാറ്റ്​ ഹമ്മൽസ്​ എന്നിവരെ ദേശീയ ടീമിലേക്ക്​ തിരിച്ചുവിളിക്ക​ണമെന്ന്​ ആവശ്യം ഉയർന്നിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.