ജപ്പാനോടേറ്റ തോൽവിക്ക് പിന്നാലെ ഫ്രാൻസിനെതിരെ ജർമനിക്ക് ആശ്വാസ ജയം

ഡോർട്മുണ്ട്: ജപ്പാനോട് 4-1ന്‍റെ തോൽവി വഴങ്ങിയതിന്‍റെ ആഘാതത്തിൽ നിന്ന് കരകയറാൻ ജർമനിക്ക് ആശ്വാസമായി ഫ്രാൻസിനെതിരെ ജയം. സൗഹൃദമത്സരത്തിൽ 2-1നാണ് ജർമനിയുടെ വിജയം. തോമസ് മുള്ളർ, ലെറോയ് സാനെ എന്നിവരാണ് ജർമനിക്കായി ഗോൾ നേടിയത്. ഫ്രാൻസിനായി ഗ്രീസ്മാൻ പെനാൽറ്റി ഗോൾ നേടി.

കഴിഞ്ഞ സൗഹൃദ മത്സരത്തിൽ ജപ്പാനോട് 4–1ന്‍റെ ദയനീയ തോൽവി വഴങ്ങിയതിനു പിന്നാലെ പരിശീലകൻ ഹാൻസി ഫ്ലിക്കിനെ ജർമൻ ഫുട്ബാൾ ഫെഡറേഷൻ പുറത്താക്കിയിരുന്നു. ഫ്രാൻസിനെതിരായ ജയം ജർമനിക്ക് ആശ്വാസം നൽകുന്നതായി.

ഫ്രാൻസുമായുള്ള മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ ജർമനി മുള്ളറിലൂടെ മുന്നിലെത്തി. 87ാം മിനിറ്റിൽ സാനെയുടെ ഗോളിലൂടെ ജർമനി ജയം ഉറപ്പിച്ചു. 89ാം മിനിറ്റിൽ സാനെ വരുത്തിയ ഫൗളിന് ലഭിച്ച പെനാൽറ്റി ഗ്രീസ്മാൻ വലയിലെത്തിച്ചെങ്കിലും മത്സരത്തിലേക്ക് തിരിച്ചുവരാൻ ഫ്രാൻസിന് അതു മതിയായില്ല. 2022 ഡിസംബറിൽ ലോകകപ്പ് ഫൈനലിൽ അർജന്‍റീനയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽവി വഴങ്ങിയതിന് ശേഷമുള്ള ഫ്രാൻസിന്‍റെ ആദ്യ തോൽവിയാണിത്.

മുൻ സ്ട്രൈക്കർ റൂഡി വോളർക്കാണ് ജർമനി താൽക്കാലിക പരിശീലക സ്ഥാനം നൽകിയത്. 2022 ലോകകപ്പിന്‍റെ ആദ്യറൗണ്ടിൽ പുറത്തായതു മുതൽ ദയനീയ പ്രകടനം തുടരുന്ന ജർമൻ ടീമിനെ തോൽവികളിൽനിന്നു കരകയറ്റാൻ സാധിക്കാതെ വന്നതോടെയാണ് കോച്ച് ഹാൻസി ഫ്ലിക്കിനെ പുറത്താക്കിയത്.

Tags:    
News Summary - Germany gained a home friendly victory over France

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.