സുറാകാർത്ത (ഇന്തോനേഷ്യ): കൗമാര കാൽപന്തുകളിയിൽ വിശ്വരാജാക്കന്മാരായി ജർമനി. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 4-3 എന്ന സ്കോറിന് ഫ്രാൻസിനെ വീഴ്ത്തിയാണ് ജർമനി ഫിഫ അണ്ടർ 17 ഫുട്ബാൾ ലോകകപ്പിൽ കന്നി കിരീടം നേടിയത്.
ഈ വർഷം നടന്ന അണ്ടർ 17 യൂറോ ഫൈനലിന്‍റെ തനി ആവർത്തനമായിരുന്നു മത്സരം. കൃത്യം ആറുമാസം മുമ്പ് നടന്ന ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തോൽപിച്ചാണ് ജർമനി ചാമ്പ്യന്മാരായത്. ഒരു വർഷം തന്നെ അണ്ടർ 17 ലോക കിരീടവും യൂറോ കിരീടവും നേടുന്ന ആദ്യ ടീമായി ഇതോടെ ജർമനി. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്.
ജർമനിക്കായി പാരിസ് ബ്രണ്ണർ (പെനാൽറ്റി -29ാം മിനിറ്റിൽ), നോഹ ഡാർവിച് (51) എന്നിവരാണ് വലകുലുക്കിയത്. സൈമൻ നദെല്ല ബോബർ (53ാം മിനിറ്റിൽ), മാത്തിസ് അമോഗൗ (85ാം മിനിറ്റിൽ) എന്നിവർ ഫ്രാൻസിനായി ഗോൾ നേടി. മത്സരത്തിന്‍റെ 69ാം മിനിറ്റിൽ ഫ്രഞ്ച് താരത്തെ പിന്നിൽനിന്ന് ഫൗൾ ചെയ്തതിന് വിന്നേഴ്സ് മാർക്ക് ഒസാവെ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് ജർമനിക്ക് തിരിച്ചടിയായി. സുറാകാർത്തയിലെ മനാഹൻ കളിമൈതാനത്ത് ആദ്യ പകുതി ജർമനിക്ക് സ്വന്തമായിരുന്നെങ്കിൽ, രണ്ടാം പകുതിയിൽ ഫ്രാൻസ് മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് കണ്ടത്.
ഷൂട്ടൗട്ടിൽ ആദ്യ അഞ്ചു കിക്കുകളിൽ ജർമനിയും ഫ്രാൻസും 3-3 എന്ന സ്കോറിൽ സമനില പാലിച്ചതോടെ സഡൻ ഡെത്തിലേക്ക്. ആദ്യം കിക്കെടുത്ത ഫ്രാൻസ് താരത്തിന്‍റെ ഷോട്ട് ജർമൻ ഗോളി തടുത്തിട്ടു. പിന്നാലെ കിക്കെടുത്ത ജർമൻ താരം പന്ത് വലയിലാക്കി. അപരാജിത കുതിപ്പുമായാണ് ഇരുവരും കലാശക്കളിക്ക് യോഗ്യത നേടിയത്.
സെമി ഫൈനലിൽ ജർമനി ഷൂട്ടൗട്ടിൽ അർജന്‍റീനയെ തോൽപിച്ചപ്പോൾ മാലിയെ 3-1ന് തകർത്താണ് ഫ്രാൻസ് ഫൈനലിൽ പ്രവേശിച്ചത്. 2001ൽ കിരീടം നേടിയ ഫ്രഞ്ച് സംഘം 2019ൽ മൂന്നാം സ്ഥാനക്കാരായിരുന്നു. 1985ൽ റണ്ണറപ്പായതാണ് ജർമനിയുടെ മികച്ച പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.