89ാം മിനിറ്റിൽ സ്പെയിനിനെ ഞെട്ടിച്ച് ജർമൻ തിരിച്ചുവരവ്; മത്സരം അധികസമയത്തേക്ക്

സ്റ്റുട്ട്ഗർട്ട്: സെമി ഫൈനൽ സ്വപ്നം കണ്ട സ്പെയിനിന്റെ നെഞ്ചിലേക്ക് 89ാം മിനിറ്റിൽ ഫ്ലോറിയാൻ വ്രിട്സ് നിറയൊഴിച്ചതോടെ ജർമനി-സ്പെയിൻ ക്വാർട്ടർ പോരാട്ടം അധിക സമയത്തിലേക്ക് കടന്നു. 51ാം മിനിറ്റിൽ ഡാനി ഒൽമൊയിലൂടെ ലീഡെടുത്ത സ്പെയിൻ ജയമുറപ്പിച്ച് നിൽക്കെയാണ് ജർമനിയുടെ സമനില ഗോളെത്തുന്നത്. ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനിടയിൽ ജർമൻ ഡിഫൻഡർ ജോഷ്വ കിമ്മിച് നൽകിയ ഹെഡർ പാസ് ഫ്ലോറിയാൻ വ്രിട്സ് അനായാസം വലയിലാക്കിയതോടെയാണ് മത്സരം നാടകീയതയിലേക്ക് വഴുതിയത്. 


പരുക്കൻ അടവുകളുമായി തുടങ്ങിയ ആതിഥേയരെ നിരന്തരമായി അക്രമിച്ച് കീഴ്പെടുത്തുന്ന സ്പെയിനിനെയാണ് ആദ്യപകുതിയിൽ കണ്ടത്. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം 51ാം മിനിറ്റിൽ സ്പെയിന്റെ ശ്രമം ഫലം കണ്ടു.

നായകൻ ആൽവാരോ മൊറാറ്റ മൈതാന മധ്യത്ത് നിന്ന് വലതുവിങ്ങിലേക്ക് ലാമിൻ യമാലിന് നൽകിയ പന്ത്, ബോക്സിന് മധ്യത്തിലേക്ക് യമാൽ നൽകിയ മനോഹരമായ പാസ് കണ്ണടച്ചുതുറക്കും വേഗത്തിൽ ഡാനി ഒൽമൊ വലയിലാക്കി. പരിക്കേറ്റ് പുറത്തായ സൂപ്പർ താരം പെഡ്രിക്ക് പകരക്കാരനായി ഇറങ്ങിയതാണ് ഒൽമൊ.   


ഗോൾ വീണതോടെ അതേ നാണയത്തിൽ ആക്രമണം കനപ്പിച്ച ജർമനിയെയാണ് പിന്നീട് കണ്ടത്. മൂസിയാലയും ഹാവട്സും ക്രൂസും അടങ്ങുന്ന മുന്നേറ്റ നിര സ്പാനിഷ് ഗോൾ മുഖത്ത് വട്ടമിട്ട് പറന്നതോടെ മത്സരം തീപടർത്തി. 68ാം മിനിറ്റിൽ സ്പെയിൻ ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനിടയിൽ ജർമൻ മുന്നേറ്റതാരം നിക്കളാസ് ഫുൽക്രിഗ് നൽകിയ മൈനസ് റോബർട്ട് അൻഡ്രിച് പോസ്റ്റിലേക്ക് തൊടുത്തെങ്കിലും സ്പെയിൻ ഗോൾ കീപ്പർ സിമോൺ കൈപിടിയിലൊതുക്കി.

76ാം മിനിറ്റിൽ ജർമനിയുടെ കൗണ്ടർ അറ്റാക്കിൽ ഗോളൊന്നുറച്ച ഫുൽക്രിഗിന്റെ ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടിതെറിച്ചു. ബോക്സിനകത്ത് ഫ്ലോറിയാൻ വ്രിട്സ് നൽകിയ പാസ് ഫുൽക്രിഗ് പോസ്റ്റിലേക്ക് തള്ളിയിട്ടെങ്കിലും ഗോൾപോസ്റ്റ് വില്ലനാകുകയായിരുന്നു. അധികം വൈകാതെ ഫ്ലോറിയാൻ വിട്സിലൂടെ ജർമനി സമനില നേടി.

Tags:    
News Summary - Germany's comeback shocked Spain in the 89th minute; The match went into overtime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.