''യന്ത്രത്തിന്‍റെ കൃത്യതയോടെ ഫുട്ബോൾ കളിക്കുന്ന ജർമൻകാരനാണ് ടോണി ക്രോസ്''- ബെക്കൻ ബവർ (ജർമൻ ഇതിഹാസം)
കാൽപന്തുകളിക്കാരനായിട്ട് തന്നെയായിരുന്നു ടോണി പിറന്നത്. ഒപ്പം ഒരുപാട് സവിശേഷതകളും ആ പിറവിക്കുണ്ടായിരുന്നു. കിഴക്കൻ ജർമനിയിലെ ആദ്യ കാല ഗുസ്തിക്കാരനായിരുന്നു അച്ഛൻ റൊണാൾഡ് ക്രോസ്സ്. പെട്ടെന്നദ്ദേഹം ഫുട്ബാളിലേക്കു തിരിയുകയും ഈസ്റ്റ് ജർമനിയിലെ അമച്വർ കളിക്കാരനാവുകയും അതിനു ശേഷം കായിക വിദ്യാഭ്യാസം പൂർത്തിയാക്കി പ്രശസ്ത ഫുട്ബോൾ പരിശീലനാവുകയും ചെയ്തു. 'അമ്മ ബ്രിജിറ്റ് ക്രേമറാകട്ടെ കിഴക്കൻ ജർമനിയുടെ ദേശീയ ബാഡ്മിന്‍റൺ ടീം അംഗവും. അവരും കായിക പഠനം പൂർത്തിയാക്കി ഇപ്പോൾ സർവകലാശാലയിൽ സ്പോർട്സ് ഫിസിയോളജി പഠിപ്പിക്കുന്നു..!
അവർക്കു ജനിച്ച രണ്ടു ആൺകുട്ടികളും നടക്കാൻ പഠിക്കുന്നതിനൊപ്പം കായിക വിനോദങ്ങളും അഭ്യസിച്ചു തുടങ്ങിയിരുന്നു . അടുപ്പക്കാരും അയൽക്കാരും കുട്ടികളുടെ ചെറുതിലേയുള്ള സ്പോർട്സ് പങ്കാളിത്തം കണ്ടു നൽകിയ വിളിപ്പേരായിരുന്നു "ടെസ്റ്റ്ട്യൂബ് ബേബികൾ" .!
ടോണി പിറന്നു എട്ടു മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും അവന്‍റെ രാജ്യം തന്നെ ഇല്ലാതായിരുന്നു. 1990 ജനുവരി നാലിന് അന്നത്തെ കിഴക്കൻ ജർമനിയിലെ ഗ്രീഫസ്‌വാൾഡിലാണ് ടോണി ജനിച്ചത്. കിഴക്കൻ ജർമനിയിലെ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് കാലഘട്ടത്തിലും ക്രോസ്സ് കുടുംബം സമ്പന്നമായിരുന്നു. അമ്മ ദേശീയ ബാഡ്മിന്‍റൺ ടീം അംഗവും അച്ഛൻ ഫുട്ബോൾ പരിശീലകനും ആയതിനാൽ തന്നെ സർക്കാറിന്‍റെ പരിഗണന കുടുംബത്തിന് ലഭിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും അവിടുത്തെ സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്ക് എതിരെ ജനകീയ സമരങ്ങൾ ആരംഭിച്ചിരുന്നു. അങ്ങനെ അക്കൊല്ലം ഒക്ടോബർ മൂന്നിന് ഇരു ജർമനികളും യോജിച്ചു ഒരൊറ്റ രാജ്യം ആയി. ചരിത്രത്തിന്‍റെ ഭാഗമായി പിറന്ന പയ്യൻ ഫുട്ബാൾ ചരിത്രത്തിൽ പുത്തൻ അധ്യായങ്ങൾ എഴുതിച്ചേർക്കുകയായിരുന്നു. ലോക കിരീടവും ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് വിജയവും ആഘോഷിക്കുന്നതുവരെ ആ ജൈത്രയാത്ര ചെന്നെത്തി.
ഒരു വയസ്സ് ഇളയവനായ ഫെലിക്സ് ആയിരുന്നു ടോണിയുടെ ഏറ്റവുമടുത്ത കളിക്കൂട്ടുകാരൻ. പിതാവ് നിർദ്ദേശിക്കുന്ന എല്ലാ പരിശീലമുറകളും ഇരുവരും മുടങ്ങാതെ കണിശമായി ചെയ്തിരുന്നു. അതുകൊണ്ടു ലോക ഫുട്ബാളിലെ തന്നെ ഏറ്റവും ശാരീരിക ക്ഷമതയുള്ള കളിക്കാരനായി ടോണിയെ അത്തരം പരിശീലന മുറകൾ മാറ്റി. ഒപ്പം മാതാപിതാക്കളുടെ ഇടപെടലുകൾ കളിക്കളത്തിന് അകത്തും പുറത്തും ഏറ്റവും മാന്യനും അച്ചടക്കവുമുള്ള കളിക്കാരനായി അദ്ദേഹത്തെ മാറ്റി.
ഗ്രൈഫ്‌സ്വാൾഡ് അക്കാദമിയിൽ നിന്ന് പരിശീലനം പൂത്തിയാക്കിയ ടോണി 2002 മുതൽ 2006 വരെ കിഴക്കൻ ജർമനിയിലെ ഹാൻസ റോസ്‌റ്റോക്കിനാണ് കളിച്ചത്. കാലം കരുതിവച്ചിരിക്കുന്ന ഏറ്റവും മികച്ച േപ്ലമേക്കറാകാനുള്ള മരുന്നുകൾ തന്‍റെ കൈയ്യിലുണ്ടെന്ന് തെളിയിക്കുന്ന മിന്നലാട്ടങ്ങൾ അന്ന് തന്നെ പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് ജർമനിയിലെ അതികായരായ ബയേൺ മ്യൂണികിൽ നിന്ന് ക്ഷണം ലഭിച്ചത്. അത് ടോണിയുടെ കളിയുടെയും ജീവിതത്തിന്‍റെയും വഴിത്തിരിവായി. 2007 മുതൽ 2014 വരെയുള്ള അവിടുത്തെ മത്സര പങ്കാളിത്തം അയാളെ ലോകത്തിലെ ഏറ്റവും മികച്ച ഒരു മധ്യനിരക്കാരനാക്കി മാറ്റി. ഒപ്പം ആ കാലിൽ നിന്ന് പറന്നകന്ന ഫ്രീകിക്കുകളുടെ സൗന്ദര്യവും കൃത്യതയും എതിരാളികളുടെ പോലും ആദരവ് പിടിച്ചെടുത്തു .
2014ൽ റയൽ മഡ്രിഡിലെത്തിയ ശേഷം റൊണാൾഡോക്കും ബെയിലിനും മോഡ്രിച്ചിനും ഒപ്പം പങ്കാളിയായി. തുടർച്ചയായ മൂന്നു ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിന്‍റെ പരിചയ സമ്പന്നതയുമായിട്ടാണ് ടോണി ലോക ചാമ്പ്യന്മാർക്കൊപ്പം റഷ്യയിൽ എത്തിയത്. നിലവിലെ ലോകകപ്പ് ജേതാക്കളെന്ന പകിട്ടുമായി 2018ൽ റഷ്യയിൽ വിമാനമിറങ്ങിയ ടോണിക്ക് ജർമനിയെ തന്‍റെ കാൽ കരുത്തിൽ കരകയറ്റാനായില്ല. ചരിത്രത്തിൽ ആദ്യമായി പ്രാഥമിക റൗണ്ട് കടക്കാനാകാതെയാണ് ജർമനി റഷ്യയിൽ നിന്നും മടങ്ങിയത്.
മിഷായേൽ ബാലാക്കിനു ശേഷം കിഴക്കൻ ജർമനിയിൽ നിന്നുള്ള ജർമ്മൻ ടീമിലെ പ്രബല അംഗമാണ് ക്രോസ്. ജർമനിയുടെ നായക തുല്യമായ സ്ഥാനമാണ് ഈ പരിചയ സമ്പന്നൻ വഹിച്ചിരുന്നത്. ഒപ്പം ടീം വക്താവും. ക്രോസ്,
ഖെദീര , ഓസിൽ, ഗുൻഡോഗൻ, എന്നിവരടങ്ങുന്നു അതിശക്തരായ മധ്യനിരക്ക് ഒപ്പമുള്ള ക്രോസിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ ഗതി വേഗവും പന്തെത്തിക്കുന്നതിലുള്ള കൗശലവും അതി ശക്തമായ ഫ്രീകിക്കുകളും ആണ്. അതുപോലെ ടീം ഏറ്റവും ആവശ്യപ്പെടുന്ന സമയത്തെ അത്യപൂർവ ഗോളുകളും. അത് റഷ്യയിലും ലോകം കണ്ടു. 2018 ജൂൺ 23 ന് സ്വീഡനുമായുള്ള ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ 90 മിനിറ്റും കഴിഞ്ഞ് ഇഞ്ചുറി സമയവും തീരാറായപ്പോൾ സ്കോർ 1-1. ജർമനിക്ക് രണ്ടാം റൗണ്ടിലെത്താൻ ജയം അനിവാര്യം. അപ്പോഴാണ് ജർമനിക്ക് അനുകൂലമായിട്ട് റഫറി ഫൗൾ കിക്ക് വിധിക്കുന്നത്. ഇടതു പെനൽറ്റി ബോക്സിന്റെ വര തുടങ്ങുന്നിടത്തു മാർക്കോ റോയീസും ക്രോസും ഒരേ സമയം കിക്കെടുക്കാനൊരുങ്ങി. ആരാകും അതെടുക്കുകയെന്ന ചോദ്യം കാണികളുടെ മനസ്സിലുയർന്നു. ജർമൻ ആരാധകർ ശ്വാസമടക്കിയിരുന്ന നിമിഷം. റോയീസ് തൊട്ടിട്ടു കൊണ്ടുത്ത ആ പന്ത് ക്രോസിന്‍റെ കിക്കിൽ മൂളിപ്പറന്നൊരു മഴവില്ലു പോലെ ഗോളിസ്വീഡിഷ് ഗോൾ വലയെ പ്രകമ്പനം കൊള്ളിച്ചപ്പോൾ സോചിയിലെ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ അൻപതിനായിരം പേൾ ശ്വാസമടക്കി അത് കണ്ടിരുന്നു.
അത് ആരവങ്ങളായിമാറിയപ്പോഴേക്കും പോളണ്ടുകാരൻ റഫറി സിമോൺ മാർച്ചിയാനിക്കിന്‍റെ ലോങ്ങ് വിസിലും മുഴങ്ങിയിരുന്നു. ആദ്യ മത്സരം മെക്‌സിക്കോയോടു തോറ്റ ലോക ജേതാക്കൾക്ക് ഏറ്റവും അനിവാര്യമായ വിജയമായിരുന്നു അത്. ജൂൺ 27 നു കൊറിയക്കെതിരെ കളിച്ചപ്പോൾ കളിമറന്ന ജർമനി ഏഷ്യൻ വൻകരയുടെ പ്രതിനിധികളോട്പോലും തോൽവി ചോദിച്ചു വാങ്ങിയതോടെ ഗ്രൂപ്പിലെ അവസാനക്കാരായി നാണിച്ചു നാട് വിട്ടു. തോൽവിയിലും ടൂർണമെന്‍റിൽ അവർക്ക് ആശ്വസിക്കാനുണ്ടായിരുന്നത് ടോണിയുടെ ആ വിസ്മയ ഗോളായിരുന്നു.
ഇതുപോലെ എന്നും മനസ്സിൽ കരുതിവയ്ക്കാവുന്ന നിരവധി ഗോളുകൾ സ്പാനിഷ് ലീഗിലും ചാമ്പ്യൻസ് ലീഗിലും യന്ത്ര മനുഷ്യൻ ടോണിയുടെ ഉരുക്കു കാലുകളിൽ നിന്ന് പിറന്നിട്ടുണ്ട്. സ്‌കൂളിൽ പഠിച്ചിരുന്ന ബാല്യകാല സഖി ജെസീക്ക ഫാർബെർ ആണ് ടോണിയുടെ ജീവിത സഖി. ജർമൻ വിനോദ സഞ്ചാര വകുപ്പിലെ ഉന്നത ഉദോഗസ്ഥയായ ജെസീക്കയെ വർഷങ്ങൾക്ക് ശേഷമുള്ള പ്രണയത്തിന് ശേഷം 2015 ജൂൺ 15ന് ക്രോസ് വിവാഹം കഴിഞ്ഞു.
യൂറോകപ്പിൽ പ്രീ ക്വാർട്ടർ മത്സരത്തിൽ ഇംഗ്ലണ്ടിനോട് ആകസ്മിക പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെയാണ് 106 മത്സരങ്ങൾക്ക് ശേഷം ക്രോസ് ജഴ്സിയഴിക്കുന്നത്. ജർമനിക്ക് വേണ്ടി ആ ബൂട്ടിൽ നിന്നും പിറന്നത് 17 ഗോളുകളാണ്.ജർമൻ ദേശീയ ടീമിന്റെ നായകൻ ആകാതെ ബൂട്ടഴിക്കേണ്ടി വന്നതിലുള്ള നിരാശ പ്രകടിപ്പിച്ചുകൊണ്ടാണ് ജർമൻകാരുടെ പ്രിയ ടോണി യാത്ര പറഞ്ഞ് അകന്നത്.
(ലേഖകൻ ജർമനിയിലെ കായിക അധ്യാപകനായാണ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.