സ്പാനിഷ് ലാ ലിഗയിൽ സീസണിൽ ഏവരെയും അസൂയപ്പെടുത്തുന്ന കുതിപ്പാണ് ജീറോണ നടത്തിയത്. 2016ൽ അവിശ്വസനീയമായ കുതിപ്പോടെ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ കിരീടം ചൂടി ലെസ്റ്റർ സിറ്റി കാണിച്ച അദ്ഭുതം സ്പാനിഷ് ലീഗിൽ ജിറോണയും ആവർത്തിക്കും എന്ന പ്രതീക്ഷയിലായിരുന്നു ഫുട്ബാൾ ലോകം.
എന്നാൽ, ലീഗ് പകുതി പിന്നിട്ടതോടെ ജിറോണക്ക് ചെറുതായൊന്ന് കാലിടറി. റയലുമായുള്ള കിരീടപോരിൽ പിന്നോട്ടു പോകേണ്ടി വന്നെങ്കിലും ബാഴ്സക്കു മുന്നിലായി ലീഗിൽ രണ്ടാമതുണ്ട്. ശനിയാഴ്ച നടന്ന മത്സരത്തിൽ ബാഴ്സയെ 4-2ന് തകർത്തതോടെ ജിറോണ ക്ലബിന്‍റെ ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഉറപ്പിച്ചു. ജയത്തോടെ ലീഗിൽ അഞ്ചാമതുള്ള അത്ലറ്റിക് ക്ലബിനേക്കാൾ 13 പോയന്‍റിന്‍റെ ലീഡായി. ഇനിയുള്ള നാലു മത്സരങ്ങൾ തോറ്റാലും ജിറോണ ആദ്യ നാലിൽ തന്നെയുണ്ടാകും. ലീഗിലെ ആദ്യ നാലു സ്ഥാനക്കാരാണ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുക.
നിർണായക മത്സരത്തിൽ ബാഴ്സയെ 4-2നാണ് ജിറോണ അവരുടെ ഹോംഗ്രൗണ്ടിൽ നിലംപരിശാക്കിയത്. ആദ്യപകുതിയിൽ 2-1ന് മുന്നിട്ടുനിന്ന സാവിയുടെ സംഘം, രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ വഴങ്ങി. ആർടെം ഡോവ്ബിക് (നാലാം മിനിറ്റ്), ക്രിസ്റ്റ്യൻ പോർട്ടു (65, 74 മിനിറ്റുകൾ), മിഗുവൽ ഗുട്ടറസ് (67) എന്നിവരാണ് ജിറോണക്കായി വലകുലുക്കിയത്. ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ (മൂന്നാം മിനിറ്റിൽ), റോബർട്ട് ലെവൻഡോവ്സ്കി (45+1, പെനാൽറ്റി) എന്നിവർ ബാഴ്സക്കായി ഗോളുകൾ നേടി. ജയത്തോടെ ജിറോണ രണ്ടാം സ്ഥാനത്തേക്ക് കയറി.
റയലിന് 34 മത്സരങ്ങളിൽനിന്ന് 87 പോയന്റാണുള്ളത്. ഇത്രയും മത്സരങ്ങളിൽനിന്ന് ജിറോണക്ക് 74 പോയന്റും ബാഴ്സക്ക് 73 പോയന്റും. ജിറോണക്ക് ഇനി പരമാവധി 86 പോയന്റിലും ബാഴ്സക്ക് പരമാവധി 85 പോയന്റിലും മാത്രമേ എത്താനാകു. ഇതാണ് റയലിനെ കിരീടത്തിലേക്ക് എത്തിച്ചത്. സീസണിൽ ജിറോണ രണ്ടാം തവണയാണ് ബാഴ്സയെ തോൽപിക്കുന്നത്.
1930ൽ സ്ഥാപിതമായ ജിറോണ ഫുട്ബാൾ ക്ലബ് 1999 വരെ സ്പെയ്നിലെ അഞ്ചാം ഡിവിഷനിലായിരുന്നു. അടുത്ത വർഷം നാലാം ഡിവിഷനിലെത്തി. 2004ൽ മൂന്നാം ഡിവിഷനിൽ, 2008ൽ രണ്ടാം ഡിവിഷനിൽ. 2017ലാണ് ഒന്നാം ഡിവിഷനായ ലാ ലിഗയിലേക്ക് യോഗ്യത നേടുന്നത്. 2017-18 സീസണിൽ പത്താം സ്ഥാനത്താണ് ക്ലബ് ഫിനിഷ് ചെയ്തത്. തൊട്ടടുത്ത വർഷം തരംതാഴ്ത്തപ്പെട്ടു. 2022ലാണ് വീണ്ടും ലാ ലിഗയിലെത്തുന്നത്.
സീസണിൽ പത്താം സ്ഥാനത്തായിരുന്നു. 2017ൽ സിറ്റി ഫുട്ബാൾ ഗ്രൂപ്പ് ഏറ്റെടുത്തതിനു ശേഷമാണ് ജിറോണയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടത്. സിറ്റി ഗ്രൂപ്പിന്റെ കുടക്കീഴിലായതോടെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് രക്ഷപ്പെട്ടു. അത് മൈതാനത്തും പ്രതിഫലിപ്പിക്കാൻ കഴിയുന്ന അന്വേഷണത്തിനൊടുവിലാണ് റയോ വയ്യെക്കാനോയെയും വെസ്കയെയുമെല്ലാം ലാലിഗയിലെത്തിച്ച മിഷെൽ എന്ന പരിശീലകനിലെത്തുന്നത്. 2021ലാണ് അദ്ദേഹം ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. പിന്നീടങ്ങോട്ട് ഏവരെയും അദ്ഭുതപ്പെടുത്തുന്ന കുതിപ്പാണ് ഈ സ്പെയിൻ പരിശീലകനു കീഴിൽ ജിറോണ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.