മു​ൻ ഇ​ന്ത്യ​ൻ ഗോ​ൾ​കീ​പ്പ​ർ വി​ക്ട​ർ മ​ഞ്ഞി​ല​ക്കൊ​പ്പം ബ്ര​ഹ്​​മാ​ന​ന്ദ് ​കോ​ഴി​ക്കോ​ട്ടെ ച​ട​ങ്ങി​നി​ടെ

കാതിലുണ്ട് ആരവങ്ങൾ; നാവിലുണ്ട് മീൻകറി രുചി

കോഴിക്കോട്: ഇന്ത്യൻ ഫുട്ബാളിൽ നിധി കാക്കും ഭൂതത്തെപ്പോലെ ഗോൾവല കാത്ത ബ്രഹ്മാനന്ദിന്‍റെ കാതുകളിൽ കോഴിക്കോടിന്‍റെ കളിഭ്രാന്തന്മാരുടെ ആവേശം ഇപ്പോഴും അലയടിക്കുന്നുണ്ട്. കേരളത്തെ അത്രമേൽ ഇഷ്ടപ്പെടുന്ന ഈ ഗോവക്കാരൻ മാനാഞ്ചിറ മൈതാനിയിലും കോർപറേഷൻ സ്റ്റേഡിയത്തിലും പലവട്ടം കളിക്കാനെത്തിയിട്ടുണ്ട്. എല്ലാം ഇന്നലെയെന്നപോലെ ഓർമകളിലുണ്ടെന്ന് 'മലബാർ ചലഞ്ചേഴ്സ് ഫുട്ബാൾ ക്ലബി'ന്‍റെ കരാർ ഒപ്പിടാനും ലോഗോ ഉദ്ഘാടനത്തിനുമെത്തിയ അദ്ദേഹം പറഞ്ഞു. ക്ലബിനു പിന്നിലുള്ള മലബാർ സ്പോർട്സ് ആൻഡ് റിക്രിയേഷൻ (എം.എസ്.ആർ.എഫ്) എന്ന പേരിലുള്ള സംരംഭത്തിന്‍റെ ഡയറക്ടറാണ് മുൻ ഇന്ത്യൻ നായകനും പരിശീലകനുമായ ബ്രഹ്മാനന്ദ്.

എക്കാലത്തും കോഴിക്കോട് വന്ന് തിരിച്ചുപോകുമ്പോൾ ഏറ്റവും മധുരം നിറഞ്ഞ ഓർമ ഇവിടത്തെ കാണികളാണെന്ന് ബ്രഹ്മാനന്ദ് പറയുന്നു. 1988ൽ മുഹമ്മദൻസ് സ്പോർട്ടിങ്ങിനെ കീഴടക്കി സേഠ് നാഗ്ജി കിരീടം നേടിയപ്പോൾ തന്‍റെ ടീമായ സാൽഗോക്കറിന് കോഴിക്കോടൻ കാണികൾ നൽകിയ പിന്തുണ മറക്കാനാവില്ല. 'ഗാലറി നിറയുന്ന ആരാധകർ. അതിൽ ആണുങ്ങൾ മാത്രമല്ല, പെണ്ണുങ്ങളുമുണ്ടായിരുന്നുവെന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നതായിരുന്നു. ആർപ്പുവിളികൾക്കും വല്ലാത്ത താളമുണ്ടായിരുന്നു' -ഇന്ത്യൻ ഫുട്ബാളിലെ 'പുള്ളിപ്പുലി' ഓർത്തെടുക്കുന്നു. ഒരു ടീമിനെ മാത്രം പിന്തുണക്കുന്നവരല്ല ഇന്നാട്ടുകാരെന്ന പ്രത്യേകത അദ്ദേഹവും എടുത്തുപറയുന്നു. നന്നായി കളിക്കുന്നവരെ നന്നായി ഇഷ്ടപ്പെടുമെന് തനിക്ക് അനുഭവമുണ്ട്.

1982ൽ കോഴിക്കോട്ട് ഫെഡറേഷൻ കപ്പിൽ കളിച്ചാണ് ഏറെക്കാലം അലട്ടിയ പരിക്ക് ഭേദമായി തിരിച്ചുവരവ് നടത്തിയത്. തുടർന്ന് ഏഷ്യൻ ഗെയിംസ് ടീമിലും സ്ഥാനമുറപ്പിക്കാനായി. കോഴിക്കോടിന്‍റെ രുചിയും നാവിലുണ്ട്. പ്രത്യേകിച്ച് മീൻകറി. ജനങ്ങളുടെ ഫുട്ബാളിനോടുള്ള ഇഷ്ടമാണ് ഈ നാടിനെ വ്യത്യസ്തമാക്കുന്നതെന്നാണ് ബ്രഹ്മാനന്ദിന്‍റെ അഭിപ്രായം. കേരളത്തിൽ ഏറ്റവും അടുത്ത സുഹൃത്ത് ആരെന്ന് ചോദിച്ചാൽ 'കേരളം തന്നെയാണ് അടുത്ത സുഹൃത്തെന്ന്' തത്ത്വചിന്താപരമായ മറുപടിയാണ് ഈ താരത്തിന്‍റേത്.

ഇത്തവണ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനുപോലും യോഗ്യത നേടാനാവാത്ത ഗോവയിലെ ഫുട്ബാളിനെക്കുറിച്ച് പറയുമ്പോൾ ഇന്ത്യൻ ഇതിഹാസത്തിന്‍റെ കണ്ണുകളിൽ നിരാശ നിഴലിക്കും. കൂടുതലൊന്നും പറയാനില്ല. ഗോവയിൽ അധികാരികളോട് ചോദിക്കുന്നതാണ് നല്ലതെന്ന് ബ്രഹ്മാനന്ദ് പറഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐ.എസ്.എൽ) കളിരീതികളെക്കുറിച്ചും എതിരഭിപ്രായമുണ്ട്.

പ്രമോഷനും റലഗേഷനും (സ്ഥാനക്കയറ്റവും തരംതാഴ്ത്തലും) ഇല്ലാത്ത ലീഗ് പൂർണമല്ലെന്ന് അദ്ദേഹം പരാതിപ്പെടുന്നു. ലീഗ് മത്സരങ്ങളിൽ സെമിഫൈനലും ഫൈനലും നടത്തുന്നതിനോടും യോജിപ്പില്ല. ഐ.എസ്.എല്ലിന് മികച്ച താരങ്ങളെ കണ്ടെത്താനായിട്ടുണ്ട്. രാജ്യത്ത് പ്രതിഭാധനരായ ഗോൾകീപ്പർമാരുമുണ്ട്.

Tags:    
News Summary - Goalkeeper Brahmanand tells the Features of Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.