മലപ്പുറം: സ്വന്തം നാട്ടിൽ ഹാട്രിക് വിജയം നേടിയ ആവേശപ്പൊലിമയിൽ വിജയത്തുടർച്ച ലക്ഷ്യമിട്ട് ഗോകുലം കേരള എഫ്.സി വീണ്ടും ബൂട്ടണിയുന്നു. വ്യാഴാഴ്ച വൈകീട്ട് 4.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നെരോക എഫ്.സിക്കെതിരെയാണ് ഗോകുലത്തിന്‍റെ ലീഗിലെ എട്ടാം അങ്കം. നിലവിൽ ഏഴ് മത്സരങ്ങളിൽ നിന്ന് നാല് വിജയവുമായി ഗോകുലം പോയന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന മത്സരത്തിൽ രാജസ്ഥാൻ യുനൈറ്റഡ് എഫ്.സിയെ ഗോകുലം ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.
സ്വന്തം മൈതാനത്ത് നടന്ന എല്ലാ മത്സരങ്ങളിലും വിജയം കൊയ്ത ആത്മവിശ്വാസത്തിലാണ് നെരോകക്കെതിരെ മലബാറിയൻസ് പോരിനിറങ്ങുന്നത്. സുദേവ ഡൽഹി എഫ്.സി, ഐസ്വാൾ എഫ്.സി, മുഹമ്മദൻസ് സ്പോർട്ടിങ് എന്നീ ടീമുകളെയെല്ലാം തോൽപിച്ച് ലീഗിൽ ഗോകുലം മികച്ച പ്രകടനമാണ് തുടരുന്നത്. റിയൽ കശ്മീരിനോടും, മുംബൈ കെൻക്രെ എഫ്.സിയോടും സമനിലയിൽ പിരിഞ്ഞ ഗോകുലം, ശ്രീനിധി ഡെക്കാനെതിരെ മാത്രമാണ് ഇതുവരെ തോൽവി വഴങ്ങിയത്.
ഏഴ് കളികളിൽ രണ്ട് വിജയം മാത്രമുള്ള നെരോക ഗ്രൂപ്പിൽ 11ാം സ്ഥാനത്താണ്. ടീമിലെ താരങ്ങൾ നന്നായി കളിക്കുന്നതിൽ സന്തോഷമുണ്ടെന്നും നെരോകക്കെതിരെ വിജയം നേടി വിലപ്പെട്ട മൂന്ന് പോയന്‍റ് കരസ്ഥമാക്കി പട്ടികയിൽ മുന്നിൽ വരുകയാണ് ലക്ഷ്യമെന്നും ഗോകുലം കേരള മുഖ്യപരിശീലകൻ റിച്ചാർഡ് തോവ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.